Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാപക തെറ്റുകൾ; വൊക്കേഷനൽ ഹയർസെക്കൻഡറി മാർക്ക് ലിസ്റ്റ് വിതരണം നിർത്തിവച്ചു

തിരുവനന്തപുരം∙ സ്കൂളുകളിൽ വിതരണത്തിന് എത്തിച്ച വൊക്കേഷനൽ ഹയർസെക്കൻഡറി മാർക്ക് ലിസ്റ്റുകളിൽ തെറ്റുകൾ വ്യാപകം. അധ്യാപകരും വിദ്യാർഥികളും പരാതിപ്പെട്ടതിനെ തുടർന്നു വിതരണം നിർത്തിവയ്ക്കാൻ വിഎച്ച്എസ്ഇ ഡയറക്ടർ സർക്കുലർ ഇറക്കി. ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടി ആരംഭിച്ചിട്ടും മാർക്ക് ലിസ്റ്റ് ലഭിക്കാതെ വിദ്യാർഥികൾ ആശങ്കയിലാണ്.

സർട്ടിഫിക്കറ്റിൽ പരീക്ഷാ സെക്രട്ടറിക്കു പകരം ടെക്നിക്കൽ ഓഫിസർ ഒപ്പു വച്ചതിനെതിരെയും ആക്ഷേപം ഉണ്ട്. സെക്രട്ടറി അവധിയിൽ ആയതു കൊണ്ട് ടെക്നിക്കൽ ഓഫിസർക്കു ഡയറക്ടർ ചുമതല നൽകുകയായിരുന്നു. ഇതു ചട്ടം ലംഘിച്ചാണെന്ന് ആക്ഷേപമുണ്ട്. ഇത്തവണ 29,427 വിദ്യാർഥികളാണ് വിഎച്ച്എസ്ഇ പരീക്ഷ എഴുതിയത്.

ഫലം മേയ് 15നു പ്രസിദ്ധീകരിച്ചിട്ടും ജൂൺ അവസാന ആഴ്ച മാത്രമാണു മാർക്ക് ലിസ്റ്റ് തയാറായത്. ഇത് ഏതാനും സ്കൂളുകളിൽ വിതരണം ചെയ്തപ്പോൾ തന്നെ മുഴുവൻ തെറ്റുകളാണെന്നു പരാതി ഉയർന്നു. പരീക്ഷയിലെ ഗ്രേഡ് രേഖപ്പെടുത്തിയിരിക്കുന്നതിലാണു ഭൂരിപക്ഷം തെറ്റുകളും. പകുതിയിലേറെ വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റിലും പിശകുണ്ട്. ഇതോടെ, മാർക്ക് ലിസ്റ്റ് വിതരണം നിർത്തിവയ്ക്കാൻ നിർദേശിച്ചു വിഎച്ച്എസ്ഇ ഡയറക്ടർ സ്കൂളുകൾക്കു സർക്കുലർ അയയ്ക്കുകയായിരുന്നു.

എൻഐസി തയാറാക്കിയ സോഫ്റ്റ്‌വെയറിൽ ഉണ്ടായ പ്രശ്നമാണു പിശക് സംഭവിക്കാൻ കാരണമെന്നു വിഎച്ച്എസ്ഇ അധികൃതർ പറയുന്നു. എന്നാൽ, പ്രിന്റ് എടുത്തശേഷം പരിശോധന ഇല്ലാതെ മാർക്ക് ലിസ്റ്റ് വിതരണത്തിന് അയച്ചതാണു പ്രശ്നം ഇത്രയും വ്യാപകമാകാൻ കാരണമെന്നാണ് ആക്ഷേപം.

ഏഴു മേഖലാ ഓഫിസുകളിലും സ്കൂളുകളിലും എത്തിയ എല്ലാ സർട്ടിഫിക്കറ്റുകളും ഇനി തിരിച്ചു വരുത്തി പുതിയതു നൽകണം. പുതിയ മാർക്ക് ലിസ്റ്റുകൾ അച്ചടിച്ചു മേഖലാ ഓഫിസിലേക്ക് അയയ്ക്കുമെന്നു സ്കൂളുകളെ അറിയിച്ചിട്ടുണ്ട്. പക്ഷേ ഇത് എന്നെത്തുമെന്നു വ്യക്തതയില്ല. ബിരുദ പ്രവേശനം ആരംഭിച്ച സാഹചര്യത്തിൽ മാർക്ക് ലിസ്റ്റ് വിതരണത്തിലെ കാലതാമസം കുട്ടികളെ ബാധിക്കും.