24 എൻജി. കോളജുകൾക്ക് സ്വയംഭരണത്തിന് അനുമതി

തിരുവനന്തപുരം∙ അക്കാദമിക് സ്വയംഭരണത്തിനായി യുജിസിക്ക് അപേക്ഷ നൽകുന്നതിനു സംസ്ഥാനത്തെ 24 എൻജിനീയറിങ് കോളജുകൾക്കു സർക്കാരിന്റെ അനുമതി. സ്വയംഭരണ കോളജുകൾക്കെതിരെ എൽഡിഎഫ് ഇതുവരെ സ്വീകരിച്ചിരുന്ന നയത്തിൽ നിന്നുള്ള മാറ്റമാണിത്.

സ്വയംഭരണമില്ലെങ്കിൽ കേന്ദ്രത്തിൽ നിന്നു ലഭിക്കേണ്ട കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക സഹായം നഷ്ടപ്പെടുമെന്നതിനാലാണു സർക്കാർ ഉത്തരവ്. 

ടെക്നിക്കൽ എജുക്കേഷൻ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം(ടെക്വിപ്) ഒന്നാം ഘട്ടത്തിലുള്ള തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്, ശ്രീചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം, എൽബിഎസ് കാസർകോട്, കോളജ് ഓഫ് എൻജിനീയറിങ് ചെങ്ങന്നൂർ, ഗവ.മോഡൽ എൻജിനീയറിങ് കോളജ് തൃക്കാക്കര, രണ്ടാം ഘട്ടത്തിലുള്ള തൃശൂർ, കോഴിക്കോട്, പൈനാവ്, വയനാട്, ശ്രീകൃഷ്ണപുരം, കണ്ണൂർ, ബാർട്ടൺഹിൽ ഗവ.എൻജിനീയറിങ് കോളജുകൾ, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോട്ടയം, സ്കൂൾ ഓഫ് എൻജിനീയറിങ് കുസാറ്റ് കൊച്ചി, എൽബിഎസ് പൂജപ്പുര, പെരുമൺ, കിടങ്ങൂർ, തൃക്കരിപ്പൂർ, തലശേരി, അടൂർ, വടകര, ചേർത്തല, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ കോളജ് ഓഫ് എൻജിനീയറിങ്, ടികെഎം എൻജിനീയറിങ് കോളജ് കൊല്ലം എന്നിവയ്ക്കാണു സർക്കാർ എൻഒസി നൽകിയിരിക്കുന്നത്.

ടെക്വിപ് മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തണമെങ്കിൽ സ്വയംഭരണാവകാശത്തിന് അപേക്ഷിക്കാൻ അനുവദിക്കണമെന്നാണു വ്യവസ്ഥ. 5 വർഷത്തേക്ക് ഒരു കോളജിന് 100 കോടി രൂപ വരെ കേന്ദ്ര സഹായം ലഭിക്കും. ശമ്പളം ഒഴികെ എല്ലാ ആവശ്യങ്ങൾക്കും ഈ തുക വിനിയോഗിക്കാം. 

സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ ഈ പണം ലഭിക്കുന്നതിനോടു ഭരണനേതൃത്വത്തിനു താൽപര്യമുണ്ടെങ്കിലും ഇടതുപക്ഷ അധ്യാപക സംഘടനകൾ ശക്തമായി എതിർത്തു. ഈ എതിർപ്പ് അവഗണിച്ചാണ് ഇപ്പോൾ സർക്കാർ ഉത്തരവിറക്കിയത്.