കാസർകോട് ഗവ. കോളജിന് മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി

കേരളത്തിലെ മികച്ച കലാലയ മാഗസിനുള്ള മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി കാസർകോട് ഗവ. കോളജിന്റെ ‘ബെര്ത്തം’ മാഗസിന്. പയ്യന്നൂർ കോളജിന്റെ ‘ചത്തതെന്ന് തള്ളിയ പുഴുക്കളാണ് പൂമ്പാറ്റകളാകുന്നത്’ രണ്ടാം സ്ഥാനവും കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ‘കീഹോൾ’ മൂന്നാം സ്ഥാനവും നേടി.

മാഗസിനുകളിൽ പ്രസിദ്ധീകരിച്ച മികച്ച കഥയ്ക്കുള്ള പുരസ്കാരം തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലാ മാഗസിൻ ‘പച്ച’യിൽ എ.ടി.ലിജിഷ എഴുതിയ ‘കാട്ടുകനൽ’ എന്ന കഥയ്ക്കാണ്.കഥാകൃത്ത് ആർ.ഉണ്ണി, സംവിധായിക ശ്രീബാല കെ.മേനോൻ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് എന്നിവർ മികച്ച മാഗസിനുകളും മനോരമ അസോഷ്യേറ്റ് എഡിറ്ററും കഥാകൃത്തുമായ ജോസ് പനച്ചിപ്പുറം കഥയും തിരഞ്ഞെടുത്തു.

ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ മാഗസിനുകളുടെ എഡിറ്റർമാർക്കു 10,001, 7001, 5001 രൂപ വീതം കാഷ് അവാർഡും കോളജിനു ശിൽപവുമാണു സമ്മാനം. മികച്ച കഥയ്ക്കു 3001 രൂപ സമ്മാനം. പുരസ്കാരങ്ങൾ പിന്നീടു സമ്മാനിക്കും.