സാംസങ് ഗ്യാലക്സി എസ്8 പുറത്തിറക്കി

സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒയുമായ എച്ച്സി ഹോങ്, സാംസങ് ഇന്ത്യ മൊബൈൽ ബിസിനസ് സീനിയർ വൈസ് പ്രസിഡന്റ് അസീം വാർസി എന്നിവർ സാംസങ് ഗ്യാലക്സി എസ്8, എസ്8 പ്ലസ് സ്മാർട് ഫോണുകൾ ന്യൂഡൽഹിയിൽ പുറത്തിറക്കുന്നു.

ന്യൂഡൽഹി∙ സ്മാർട് ഫോൺ വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ പുതിയ ഫോണുമായി സാംസങ്.

വെർച്വൽ സാങ്കേതിക സഹായമുള്ള ‘ബിക്സ് ബൈ’യോടുകൂടിയ ഗ്യാലക്സി എസ്8, എസ്8 പ്ലസ് ഫോണുകളാണ് പുറത്തിറക്കിയത്. ഗ്യാലക്സി എസ്8ന്റെ വില 57,900 രൂപ മുതൽ. എസ്8 പ്ലസിന്റെ വില 64,900 രൂപ. യഥാക്രമം 5.8, 6.2 ഇഞ്ച് സ്ക്രീനുകളിൽ ഇവ ലഭിക്കും.

മേയ് അഞ്ച് മുതൽ ഫ്ലിപ്കാർട് വഴി ലഭ്യമാകും. തിരഞ്ഞെടുത്ത സാംസങ് ഔട്ട്‌ലെറ്റുകളിൽ ഈ ഫോണുകൾ വിൽപനയ്ക്കെത്തും. ബുക്കിങ് തുടങ്ങി. രാജ്യാന്തര വിപണിയിൽ 21 മുതൽ ഇവ ലഭ്യമാകും.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതൽ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി ആപ്പിൾ ഐഫോണിലെ സിരി ഡിജിറ്റൽ അസിസ്റ്റന്റിന്റെ സമാനമായി ശബ്ദനിയന്ത്രിത ഡിജിറ്റൽ അസിസ്റ്റന്റ് സംവിധാനം ഇതിലുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡിജിറ്റൽ അസിസ്റ്റന്റുകളുടെ നിരയിലെ ശക്തമായ സാന്നിധ്യമാകാൻ ഒരുങ്ങുകയാണ് ഇതുവഴി സാംസങ്. ആപ്പിളിന്റെ സിരി, ഗൂഗിൾ അസിസ്റ്റന്റ്, മൈക്രോസോഫ്റ്റ് കോർട്ടാന, ആമസോണിന്റെ അലക്സ എന്നിവ നിലവിൽ രംഗത്തുണ്ട്.