Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വകുപ്പുകളുടെ തർക്കശാസ്ത്രം; തോട്ടം മേഖല പ്രതിസന്ധിയിൽ

plantation-crisis

 കോട്ടയം ∙ സംസ്ഥാനത്തേക്കു പ്രതിവർഷം പതിനായിരം കോടിയുടെ വരുമാനവും മൂന്നര ലക്ഷം പേർക്കു നേരിട്ട് തൊഴിലും നൽകുന്ന തോട്ടം മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ഉൽപാദനച്ചെലവിലെ വർധനയും രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത നികുതികൾ സംസ്ഥാന സർക്കാർ തോട്ടം മേഖലയിൽ ചുമത്തിയതും തോട്ടം മേഖലയിലെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിലും പരിഹരിക്കുന്നതിലും വകുപ്പുകളുടെ ഏകോപനമില്ലാതെ വന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. 

ഭൂമിയുടെ അവകാശം സംബന്ധിച്ച രാജമാണിക്യം റിപ്പോർട്ടിന്റെ പേരിൽ തോട്ടമുടമകളെ കയ്യേറ്റക്കാരുടെ പട്ടികയിൽ ചേർത്ത് പൊലീസ് നടപടികളിലേക്കും സർക്കാർ വലിച്ചിഴച്ചതോടെ തോട്ടം ഉടമകൾക്ക് പൊറുതിമുട്ടി. രേഖകൾ പ്രകാരം പതിറ്റാണ്ടുകളായി കയ്യിലുള്ള ഭൂമിയിൽ സർക്കാർ വേണ്ടത്ര പഠനമോ രേഖകളോ ഇല്ലാതെ തർക്കം ഉന്നയിച്ചതോടെ പുനർകൃഷിയും കൃഷിസംബന്ധമായ ദൈനംദിന ജോലികൾ പോലും നിലച്ചിരിക്കുകയാണിപ്പോൾ. റവന്യുവകുപ്പ് ഇതിനൊന്നും അനുമതി നൽകുന്നില്ല. സമീപഭാവിയിൽ തോട്ടം അടച്ചിടേണ്ടിവരുന്ന സ്ഥിതിയിലേക്ക് നീങ്ങുമെന്ന ആശങ്കയിലാണു തോട്ടം ഉടമകളെന്ന് പ്ലാന്റേഷൻ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. 

നികുതിക്കുരുക്ക് 

റബർ, തേയില, കാപ്പി, ഏലം, കൊക്കോ എന്നീ പ്രധാന തോട്ടവിളകൾ നിലവിൽ 7.12 ലക്ഷം ഹെക്ടർ സ്ഥലത്താണ് സംസ്ഥാനത്ത് കൃഷി ചെയ്യുന്നത്. ഹെക്ടറിന് 700 രൂപ വീതമാണ് സംസ്ഥാനം പ്ലാന്റേഷൻ നികുതി ഏർപ്പെടുത്തിയിട്ടുള്ളത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇൗ നികുതിയില്ല. ഉൽപാദന നിരക്കിൽ കേരളമാണു പിന്നിൽ. േതയില ഹെക്ടറിന് ശരാശരി 1500 കിലോഗ്രാം കേരളത്തിൽ ലഭിക്കുമ്പോൾ തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും ഇത് 2500–2600 കിലോഗ്രാം വീതമാണ്. ലാഭത്തിൽനിന്ന് 30% സംസ്ഥാനം കാർഷികാദയ നികുതി ഇനത്തിൽ ഇൗടാക്കുന്നു. 30% കേന്ദ്രസർക്കാരും ആദായനികുതിയിനത്തിൽ ഇൗടാക്കുന്നു. കേരളം മാത്രമാണ് തോട്ടം മേഖലയിൽ കാർഷികാദായ നികുതി ഇൗടാക്കുന്ന ഏകസംസ്ഥാനം. തമിഴ്നാടും കർണാടകയും വർഷങ്ങൾക്കു മുൻപ് ഇൗ നികുതി അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി മിക്ക തേയിലത്തോട്ടങ്ങളും നഷ്ടത്തിലുമാണ്. കാർഷികാദായനികുതി നൽകേണ്ടിവരുന്നതോടെ തോട്ടം മേഖലയിൽ പുനർകൃഷിക്കും പുതിയ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനും ഉടമകൾ മടിക്കുന്നു. 

ബേസിക് ലാൻഡ് ടാക്സ് എന്നപേരിൽ സംസ്ഥാന സർക്കാർ ഒരു തോട്ടമുടമയിൽനിന്ന് എല്ലാ വർഷവും 1400 രൂപയും കൂടാതെ ഓരോ ഹെക്ടറിനും 500 രൂപയും ഇൗടാക്കുന്നുണ്ട്. ഇതും രാജ്യത്ത് മറ്റൊരു സംസ്ഥാനവും ഇൗടാക്കാത്ത നികുതിയാണ്. അഞ്ച് ശതമാനം ജിഎസ്ടിയും 2500 രൂപ വർഷം പ്രഫഷനൽ ടാക്സും തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളുടെ കെട്ടിടനികുതിയും കൂടാതെയാണ് സംസ്ഥാനം മാത്രമായി ഇത്രയും നികുതികൾ തോട്ടം മേഖലയിൽനിന്നു തരപ്പെടുത്തുന്നത്. 

ഉൽപാദനച്ചെലവിലെ വർധന 

മറ്റു സംസ്ഥാനങ്ങൾ കാർഷിക മേഖലയെന്ന പരിഗണന നൽകി വൈദ്യുതിക്കു കുറഞ്ഞ നിരക്ക് ഈടാക്കുമ്പോൾ കേരളം തോട്ടം മേഖലയിൽ നൽകുന്ന വൈദ്യുതിക്ക്, വ്യാവസായിക മേഖലയെന്നു കണക്കാക്കി കൂടിയ തുക ഇൗടാക്കുന്നു. എല്ലാ കൃഷിയിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് 30–35% കൂലി കൂടുതലാണ് കേരളത്തിലെ തോട്ടം മേഖലയിൽ. രാജ്യത്ത് തൊഴിലാളികൾക്ക് ഏറ്റവും ഉയർന്ന കൂലി തോട്ടം മേഖലയിൽ ലഭിക്കുകയും ചെയ്യുന്നു. മറ്റു സംസ്ഥാനങ്ങളിൽ ഒരാൾക്ക് ദിവസം 130 രൂപ കൂലിയിനത്തിൽ കിട്ടുമ്പോൾ കേരളത്തിൽ ദിവസവും കൂലിയിനത്തിൽ പണമായി 403 രൂപ ലഭിക്കുന്നുവെന്നും മറ്റാനുകൂല്യങ്ങൾ ചേർത്ത് ദിവസവും 593 രൂപയാണ് കേരളത്തിലെ തോട്ടം തൊഴിലാളിക്ക് കിട്ടുന്നതെന്നും തോട്ടമുടമകൾ വിശദീകരിക്കുന്നു. 

കീടനാശിനിക്കും വളത്തിനും പെട്രോളും ഡീസലുമടക്കം ഇന്ധനത്തിനും കേരളത്തിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ വിലയുമാണ്. കാലാവസ്ഥാവ്യതിയാനത്തോടെ തേയില മേഖലയിൽ ചൂടു കൂടിയത് ഉൽപാദനത്തിൽ കുറവുണ്ടാക്കി. റബറിനെയും കാലാവസ്ഥാ വ്യതിയാനം ബാധിച്ചുവെന്നും അസോസിയേഷൻ ചെയർമാൻ തോമസ് ജേക്കബ് പറയുന്നു. 

വകുപ്പില്ല, നാഥനുമില്ല 

നിലവിൽ 5500 കോടി രൂപയാണ് തോട്ടം മേഖലയിൽനിന്ന് തൊഴിലാളികൾക്ക് കൂലി ലഭിക്കുന്നത്. പക്ഷേ തോട്ടം മേഖലയിലെ പ്രശ്നങ്ങൾ കേൾക്കാനോ മനസ്സിലാക്കാനോ പരിഹരിക്കാനോ തോട്ടം മേഖലയ്ക്കായി ഒരു മന്ത്രിയോ വകുപ്പോ സംസ്ഥാനസർക്കാരിൽ ഇല്ലെന്നതാണ് പ്രശ്നം. 

കൃഷി വകുപ്പ് അനുമതി നൽകുമ്പോൾ റവന്യു വകുപ്പ് തടയും അല്ലെങ്കിൽ പരിസ്ഥിതി വകുപ്പ് തടയുമെന്നതാണ് സ്ഥിതി. തൊഴിൽവകുപ്പാണ് നിലവിൽ തോട്ടം മേഖലയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കേണ്ട വകുപ്പ്. പക്ഷേ തൊഴിൽവകുപ്പ് പറയുന്നതൊന്നും റവന്യു, കൃഷി വകുപ്പുകൾ കേൾക്കാറുമില്ല. ഓഫിസുകൾ കയറിയിറങ്ങി തോട്ടം മേഖല തകർച്ചയിലേക്ക് പോകുകയും ചെയ്യുന്നു. 

കമ്മിഷനുകളും പഠനവും ഇഷ്ടം പോലെ 

തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മിഷൻ റിപ്പോർട്ട് ഇൗ സർക്കാർ അംഗീകരിച്ചുവെങ്കിലും തുടർനടപടിയുണ്ടായിട്ടില്ല. 

2011ൽ നിയമിച്ച പ്ലാന്റേഷൻ സ്റ്റഡി കമ്മിറ്റി രാജ്യത്തെ മുഴുവൻ തോട്ടം മേഖലയിലും പഠനം നടത്തി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ മന്ത്രിസഭ തീരുമാനമെടുത്ത് ഉത്തരവിറക്കിയെങ്കിലും റവന്യുവകുപ്പ് ഒന്നും ചെയ്തില്ല. 1973 മുതൽ 2016 വരെ ഒൻപത് കമ്മിഷൻ–കമ്മിറ്റി റിപ്പോർട്ടുകളും ശുപാർശകളും സർക്കാരിന് ലഭിച്ചിട്ടുണ്ട്. പക്ഷേ ഒന്നും കാര്യമായി പുറംലോകം കണ്ടില്ല. 

രാജമാണിക്യം റിപ്പോർട്ടിലെ പ്രതിസന്ധി

ഇൗ പ്രതിസന്ധികൾക്കിടയിലും തോട്ടം മേഖല നടത്തിക്കൊണ്ടുപോകുമ്പോഴാണ്, രാജമാണിക്യം റിപ്പോർട്ടിന്റെ പേരിൽ സർക്കാർ ഇൗ മേഖയിൽ അപ്രതീക്ഷിതമായ പ്രതിസന്ധികളുണ്ടാക്കിയത്. ഇൗ റിപ്പോർട്ടിന്റെ പേരിൽ, ഭൂസംരക്ഷണനിയമത്തിന്റ പരിധിയിൽ വരാത്ത പുതിയ വ്യവസ്ഥകൾ ഉപയോഗിച്ച് റവന്യുവകുപ്പ് ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനുകളിൽ കയറ്റിയിറക്കുമെന്നാണ് തോട്ടമുടമകളുടെ പരാതി. രേഖകളുമായി പൊലീസ് സ്റ്റേഷനിൽചെല്ലാൻ നിർദേശിച്ച് നോട്ടിസയച്ച് സമ്മർദത്തിലാക്കുകയാണെന്ന് ഉടമകൾ പറയുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടു പരാതിനൽകുകയും ചെയ്തു. ഭൂമി സംബന്ധിച്ച തർക്കങ്ങൾ കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് ഇൗ സമ്മർദം സർക്കാർ പ്രയോഗിക്കുന്നതെന്ന് ഉടമകൾ കൂട്ടിച്ചേർക്കുന്നു. ഇൗ റിപ്പോർട്ടിന്റെ പേരിൽ പുനർകൃഷിക്കും റബർമരം മുറിച്ച് പുതിയ റബർതൈ നടുന്നതിനുമൊക്കെ റവന്യു ഉദ്യോഗസ്ഥർ തർക്കമുന്നയിക്കുന്നുവെന്നും ഉടമകൾക്കു പരാതിയുണ്ട്. 

2012–2013ൽ 21,000 കോടി രൂപയായിരുന്ന വരുമാനത്തിൽ നിന്നാണ് തോട്ടം മേഖല പതിനായിരം കോടിയിലേക്ക് കൂപ്പുകൂത്തിയത്. ഇൗ പ്രതിസന്ധിയിൽനിന്ന് കരകയറാൻ പഠനങ്ങൾക്കു ശേഷം ഉടമകളുടെ സംഘടന മുന്നോട്ടുവച്ചത് തോട്ടംമേഖലയിൽ ഇടവിളക്കൃഷി പ്രോൽസാഹിപ്പിക്കുകയെന്നതാണ്. ഓറഞ്ചും പപ്പായയും റംബുട്ടാനും പ്ലാവുമൊക്കെ ഇടവിളയായി വളരുമെന്ന് പഠനറിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇതിൽ നിന്ന് കേരളത്തിലെ തോട്ടം മേഖലയിൽ വർഷം 2100 കോടി രൂപ അധികവരുമാനം കിട്ടുമെന്നും ഇപ്പോഴുള്ളതിൽ നിന്ന് 30% തൊഴിൽവർധന ഉണ്ടാകുമെന്നുമാണ് തോട്ടമുടമകളുടെ വിലയിരുത്തൽ. എന്നാൽ ഭൂ സംരക്ഷണനിയമപ്രകരം ഇതൊന്നും സാധിക്കില്ലെന്നതാണ് പ്രശ്നമാകുന്നത്. തോട്ടം മേഖലയിൽ കൃഷിക്ക് വ്യവസ്ഥ ചെയ്തിട്ടുള്ളതല്ലാതെ ഒരിനവും കൃഷിപാടില്ലെന്ന റവന്യുവകുപ്പിന്റെ നിലപാട് കാലങ്ങളായി തുടരുന്നു. തേയിലയും ഏലവും കൃഷിചെയ്യുന്നതിനൊപ്പം, പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാൻ ഇടവിളക്കൃഷിക്ക് അനുമതി നൽകണമെന്ന തോട്ടമുടമകളുടെ അപേക്ഷ വർഷങ്ങളായി സർക്കാരിന്റെ മുന്നിലുണ്ട്.