Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോട്ടം മേഖലയ്ക്ക് നേട്ടം: മന്ത്രി രാജു

K Raju

ന്യൂഡൽഹി ∙ തോട്ടം നികുതി പൂർണമായി ഒഴിവാക്കുന്നതുൾപ്പെടെയുള്ള തീരുമാനം തോട്ടം മേഖലയ്ക്ക് അനുകൂലമാണെന്നു വനം, ക്ഷീരവികസന മന്ത്രി കെ.രാജു. 2003ൽ തന്നെ പരിസ്ഥിതി ദുർബലനിയമത്തിൽ (ഇഎഫ്എൽ) നിന്നു തോട്ടങ്ങളെ ഒഴിവാക്കിയിരുന്നെന്നും സർക്കാർ പുതുതായി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതു നിയമസഭയിൽ എടുത്തു പറയുക മാത്രമാണു മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. പുതിയ തീരുമാനങ്ങളുണ്ടായിട്ടില്ല. പ്രതിസന്ധി നേരിടുന്ന തോട്ടം മേഖലയ്ക്കു തീരുമാനം ഏറെ സഹായകമാകുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.

കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച നിർദേശങ്ങൾ കേന്ദ്രം അംഗീകരിക്കുമെന്നാണു പ്രതീക്ഷ. ആദ്യ റിപ്പോർട്ടിൽ 123 വില്ലേജുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇതു 92 ആയി കുറയ്ക്കുന്നതുൾപ്പെടെയുള്ള ശുപാർശയാണു നൽകിയിരിക്കുന്നത്. നാടൻ പശുക്കളുടെ സംരക്ഷണം, വാണിജ്യാടിസ്ഥാനത്തിനുള്ള പാൽ ഉൽപാദനം, സംസ്കരണം, മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം എന്നിവയ്ക്കായി 68 കോടി രൂപയുടെ പദ്ധതി കേന്ദ്ര കൃഷി മന്ത്രി രാധാമോഹൻ സിങ്ങിനു സമർപ്പിച്ചതായി മന്ത്രി രാജു പറഞ്ഞു.

ഈവർഷം ഡിസംബറോടെ പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടുകയെന്നതാണു ലക്ഷ്യം. പാൽ ഉൽപാദനത്തിനു സാധ്യതയുള്ള മേഖലകൾ കണ്ടെത്തി ക്ഷീര വികസന വകുപ്പു മുഖേന ഡെയറി സോൺ, ക്ഷീര ഗ്രാമം എന്നീ പദ്ധതികൾ നടപ്പാക്കി. രാജ്യത്ത് ആദ്യമായി ക്ഷീരകർഷകർക്കു പെൻഷൻ പദ്ധതി നടപ്പാക്കിയതു കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.