Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യവസായ ബിൽ ഇന്നു സഭയിൽ

industrial-policy

തിരുവനന്തപുരം∙ വ്യവസായങ്ങളുടെ പ്രവർത്തനം സുഗമമാക്കാനുള്ള ഓർഡിനൻസിന്റെ അടിസ്ഥാനത്തിലുള്ള ബിൽ ഇന്നു നിയമസഭയിൽ അവതരിപ്പിക്കും. സംരംഭകർക്കു സ്വന്തം താൽപര്യപ്രകാരം ചുമട്ടുതൊഴിലാളികളെ നിശ്ചയിക്കാമെന്ന ഓർഡിനൻസിലെ വ്യവസ്ഥയ്ക്കെതിരെ തൊഴിലാളി യൂണിയനുകൾ ശക്തമായ എതിർപ്പ് ഉയർത്തിയ സാഹചര്യത്തിൽ മാറ്റങ്ങൾ വരുത്തിയേക്കും. ഈ വ്യവസ്ഥ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിനെതിരെ എതിർപ്പുയരുമെന്നും തുടർന്നു മാറ്റങ്ങൾ വരുത്താമെന്നുമാണു സർക്കാരിന്റെ കണക്കുകൂട്ടൽ.

വ്യവസായസംരംഭങ്ങൾ തുടങ്ങാനും നടത്താനുമുള്ള പ്രയാസങ്ങൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണു കഴിഞ്ഞ ഒക്ടോബറിൽ സർക്കാർ ദ് കേരള ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ആക്ട് 2017’ ഓർഡിനൻസ് പുറപ്പെടുവിച്ചത്. കേരള ചുമട്ടുതൊഴിലാളി നിയമത്തിൽ ഭേദഗതികൾ വരുത്തി സ്വന്തം താൽപര്യപ്രകാരം കയറ്റിറക്കു തൊഴിലാളികളെ തീരുമാനിക്കുന്നതിനുള്ള അവകാശം സംരംഭകർക്കു നൽകുമെന്നായിരുന്നു ഓർഡിനൻസിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. എന്നാൽ, ഈ വ്യവസ്ഥയ്ക്കെതിരെ തൊഴിലാളി സംഘടനകളുടെ ഭാഗത്തു നിന്നു വ്യാപകമായ എതിർപ്പ് ഉയർന്നതിനെത്തുടർന്നു വ്യവസായ, തൊഴിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ യൂണിയൻ നേതാക്കളുടെ യോഗം വിളിച്ചിരുന്നു.

വ്യവസായ വികസനത്തിനുള്ള സർക്കാർ തീരുമാനങ്ങളെ പിന്തുണയ്ക്കുന്നുവെങ്കിലും തൊഴിലാളികളുടെ ജോലി ഇല്ലാതാക്കുന്ന വ്യവസ്ഥ അംഗീകരിക്കാനാകില്ലെന്നും യൂണിയനുകൾ ഒറ്റക്കെട്ടായി നിലപാടെടുത്തു. സർക്കാരിന്റെ സമവായശ്രമങ്ങൾ വിജയിച്ചില്ല. വ്യവസ്ഥയെക്കുറിച്ചുള്ള എതിർപ്പ് സിഐടിയു സിപിഎം സംസ്ഥാന കമ്മിറ്റിയെയും അറിയിച്ചിരുന്നു.

പഞ്ചായത്തു രാജ് നിയമം, മുനിസിപ്പാലിറ്റി നിയമം, ഭൂജല നിയന്ത്രണ ആക്ട്, ലിഫ്റ്റുകളും എസ്കലേറ്ററുകളും ആക്ട്, ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, കേരള ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ ടൗൺഷിപ് പ്രദേശവും വികസന ആക്ട് എന്നീ നിയമങ്ങളിലെ വ്യവസ്ഥകളിലും ഭേദഗതി വരുത്തിയിരുന്നു.

‘‘ഓർഡിനൻസിലെ വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്ക സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ചുമട്ടുതൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുന്ന ഒരു നിയമവും അംഗീകരിക്കില്ല. തൊഴിൽ സംരക്ഷിച്ചുകൊണ്ടുമാത്രമേ വ്യവസ്ഥ നടപ്പാക്കാവൂ എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.’’
∙എളമരം കരീം
(സംസ്ഥാന ജന. സെക്രട്ടറി, സിഐടിയു)

‘‘സ്വന്തം ഇഷ്ടപ്രകാരം തൊഴിലാളിയെ നിശ്ചയിക്കാമെന്ന വ്യവസ്ഥയെ തൊഴിലാളി യൂണിയനുകൾ രാഷ്ട്രീയഭേദമെന്യേ എതിർത്തിട്ടുണ്ട്. മാറ്റം വരുത്താമെന്നു മന്ത്രിമാർ ഉറപ്പുനൽകിയിട്ടുണ്ട്.’’
∙ ആർ. ചന്ദ്രശേഖരൻ
(സംസ്ഥാന പ്രസിഡന്റ്, ഐഎൻടിയുസി)