Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാന സാഹചര്യം കണക്കിലെടുക്കാതെ റാങ്കിങ്: മൊയ്തീൻ

തിരുവനന്തപുരം∙ വ്യവസായ അനുകൂല സംസ്ഥാനങ്ങളുടെ റാങ്ക് പട്ടികയിൽ കേരളം 21–ാം സ്ഥാനത്തു വന്നത് എങ്ങനെയാണെന്നു മനസ്സിലാകുന്നില്ലെന്നു വ്യവസായമന്ത്രി എ.സി.മൊയ്തീൻ. കേരളം പിന്നോട്ടു പോയതു രാജ്യാന്തരതലത്തിൽ പ്രശ്നമാണെങ്കിലും തിരിച്ചടിയാണെന്ന വിലയിരുത്തൽ സർക്കാരിനില്ല. പട്ടിക തയാറാക്കുമ്പോൾ ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങളും കണക്കിലെടുക്കണം. ആന്ധ്രയിൽ വ്യവസായങ്ങൾക്കു സൗജന്യമായി ഭൂമി നൽകാൻ കഴിയുമെങ്കിൽ കേരളത്തിൽ ഒരു കാരണവശാലും അതു സാധ്യമല്ല.

ഓരോ സംസ്ഥാനത്തെയും വ്യത്യസ്തമായ വ്യവസായ സാഹചര്യങ്ങൾ കൂടി റാങ്ക് പട്ടിക തയാറാക്കുമ്പോൾ പരിഗണിക്കണം. കേന്ദ്രം തയാറാക്കിയ പട്ടിക തള്ളിക്കളയുന്നില്ല. ഇതിനെ ക്രിയാത്മകമായാണു കാണുന്നത്. വരും വർഷങ്ങളിൽ കേരളം റാങ്ക് പട്ടികയിൽ മുന്നേറും. ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങൾ റാങ്കിങ്ങിൽ പ്രതിഫലിച്ചിട്ടില്ല.

പരിസ്ഥിതി മലീനീകരണം മറ്റു ചില സംസ്ഥാനങ്ങളിലെപ്പോലെ ഇവിടെ അനുവദിക്കുകയില്ല. വ്യവസായ മേഖലയിൽ കേരളത്തിൽ വലിയ വളർച്ചയുണ്ട്. അതു വ്യവസായികളും സമ്മതിച്ചിട്ടുള്ളതാണ്. ഏകജാലക സംവിധാനം, മലയോര–തീരദേശ പാത എന്നിവ അതിന്റെ ഭാഗമാണ്. ഇക്കാര്യങ്ങൾ അടുത്ത റാങ്കിങ്ങിനു മുമ്പു ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.