Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യ ഇൻഷുറൻസ് നികുതി കിഴിവ് എല്ലാവർക്കും

Insurance policy

പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടന്റായ ആർ. കൃഷ്ണയ്യർ വായനക്കാരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു

ചോദ്യം: കേന്ദ്ര ബജറ്റ് നിർദേശ പ്രകാരം മാതാപിതാക്കളുടെ പേരിൽ ആരോഗ്യ ഇൻഷുറൻസ് എടുക്കുമ്പോൾ ആർക്കൊക്കെയാണ് നികുതി ആനുകൂല്യം ലഭിക്കുക. ഞാനും സഹോദരങ്ങളും ഇൻഷുറൻസ് എടുത്താൽ എല്ലാവർക്കും ആനുകൂല്യം ലഭിക്കുമോ?
∙ എൻ.പി. മുഹമ്മദ്, കോഴിക്കോട്

ഉത്തരം: മാതാപിതാക്കളുടെ പേരിൽ ആരോഗ്യ ഇൻഷുറൻസ് എടുക്കുന്ന വ്യക്തിക്ക് 80ഡി വകുപ്പിന്റെ 2(ബി) ഉപവകുപ്പ് പ്രകാരമാണ് കിഴിവ് ലഭിക്കുന്നത്. ഈ വകുപ്പ് പ്രകാരം നികുതിദായകൻ മാതാപിതാക്കളുടെ പേരിൽ ആരോഗ്യ ഇൻഷുറൻസ് എടുത്താൽ കിഴിവ് ലഭിക്കും എന്നാണ് പറയുന്നത്. അതായത് ഒന്നിലധികം മക്കളുണ്ടെങ്കിലും മാതാവിന്റെയോ പിതാവിന്റെയോ പേരിൽ പ്രത്യേകം ഇൻഷുറൻസ് എടുത്താൽ ഓരോരുത്തർക്കും 80ഡി വകുപ്പ് പ്രകാരമുള്ള കിഴിവ് അവകാശപ്പെടുന്നതിന് നിയമത്തിൽ തടസ്സം കാണുന്നില്ല.

നിലവിൽ 30,000 രൂപ വരെയാണ് മാതാപിതാക്കളുടെ പേരിലുള്ള ആരോഗ്യ ഇൻഷുറൻസിന് കിഴിവ്. പുതിയ ബജറ്റിൽ 2018–19 സാമ്പത്തിക വർഷം മുതൽ കിഴിവ് 50,000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്.
(60 വയസ് തികയാത്ത മാതാപിതാക്കളുടെ മെഡിക്കൽ ഇൻഷുറൻസിന് കിഴിവ് 25,000 രൂപ മാത്രമാണ്).

സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ ശമ്പള വരുമാനക്കാർക്ക്

ചോദ്യം: കേന്ദ്ര ബജറ്റിൽ സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ 40,000 രൂപയായി പ്രഖ്യാപിച്ചിരുന്നു. ഇത് എല്ലാവർക്കും ബാധകമാണോ?
∙ ജോൺസൺ മാത്യു, കൊല്ലം

ഉത്തരം: ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള 40,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ ശമ്പള വരുമാനമുള്ളവർക്കു മാത്രമാണ്. ഉപാധികൾ ഒന്നുമില്ലാതെയാണ് കിഴിവ്.