Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയില്‍ ഇന്ത്യന്‍ വിപ്ളവം

aamir

അധികമാരുമറിയാതെ, ഒരു ഭടനെപ്പോലും അയയ്ക്കാതെ, ചൈനയിൽ വലിയൊരു യുദ്ധം ജയിച്ചിരിക്കുകയാണ് ഇന്ത്യ. മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കളിപ്പാട്ടങ്ങളും മറ്റുമായി ചൈന ഇന്ത്യൻ വിപണി കാൽക്കീഴിലാക്കുമ്പോൾ ഒരൊറ്റ ഉൽപന്നം കൊണ്ട് ചൈന ഒന്നാകെ കീഴടക്കിയിരിക്കുകയാണു നമ്മൾ. സിനിമ എന്നാണ് ആ ഉൽപ്പന്നത്തിനു പേര്. ബ്രാൻഡ് അംബാസഡർ ‘അങ്കിൾ ആമിർ’ എന്നു ചൈനക്കാർ സ്നേഹത്തോടെ വിളിക്കുന്ന ബോളിവുഡ് താരം ആമിർഖാനും. 

ഈ വര്‍ഷം ചൈനയിൽ റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ കലക്‌ഷൻ നേടിയ മൂന്നാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് ആമിറിന്റെ ‘സീക്രട് സൂപ്പർ സ്റ്റാർ’. ചൈനീസ് ചിത്രങ്ങളാണ് ആദ്യ രണ്ടു സ്ഥാനത്ത്. ഫെബ്രുവരി 20 വരെയുള്ള കണക്കനുസരിച്ച് 900 കോടി രൂപ ചൈനീസ് ബോക്സ്ഓഫിസില്‍ നിന്നു സീക്രട് സൂപ്പര്‍ സ്റ്റാര്‍ നേടിക്കഴിഞ്ഞു. ആമിറിന്റെ തന്നെ ദംഗല്‍ (1320 കോടി രൂപ) ആണു ചൈനയില്‍ ഏറ്റവും വിജയം നേടിയ ഇന്ത്യന്‍ സിനിമ. ഇപ്പോഴത്തെ നിലയില്‍ സൂപ്പര്‍ സ്റ്റാര്‍ ആ സ്ഥാനം കയ്യടക്കാനാണു സാധ്യത. ഇന്ത്യന്‍ ബോക്സ് ഓഫിസില്‍ നിന്നു ലഭിച്ചതിലേറെ വരുമാനമാണ് ഈ രണ്ടു ചിത്രങ്ങളും ചൈനയില്‍ നിന്നു നേടിയതെന്ന പ്രത്യേകതയുമുണ്ട്. 

വലിയ വിപണി

കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യൻ സിനിമകൾ, പ്രത്യേകിച്ചും ആമിർഖാൻ സിനിമകൾ ചൈനയിൽ തരംഗമായി മാറിയിരിക്കുകയാണ്. സീക്രട് സൂപ്പർസ്റ്റാർ  റിലീസിങ് ആഴ്ചയിൽ മാത്രം 294 കോടി രൂപയാണു വാരിയത്. ഒരു ഇന്ത്യൻ ചിത്രത്തിന്റെ ചൈനയിലെ ആദ്യ ആഴ്ചയിലെ ഏറ്റവും വലിയ കലക്‌ഷൻ. സ്റ്റാര്‍ വാര്‍സ് പരമ്പര ഉള്‍പ്പെടെ പല പ്രശസ്ത ഹോളിവുഡ് ചിത്രങ്ങളേക്കാളും ഏറെ മുകളിൽ. 2003ൽ ലഗാനാണു ചൈനയിൽ റിലീസ് ചെയ്യുന്ന ആദ്യ ആമിർ ഖാൻ സിനിമ. പക്ഷേ 2009ൽ റിലീസ് ചെയ്ത ത്രീ ഇഡിയറ്റ്സ് ആണു ചൈനയിൽ തരംഗമാവുന്നതും വലിയൊരു വിപണി സാധ്യത ഇന്ത്യൻ സിനിമകൾക്കു മുമ്പിൽ തുറക്കുന്നതും. 

അമേരിക്ക കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ വലിയ സിനിമാ വിപണിയായാണു ചൈന പരിഗണിക്കപ്പെടുന്നത്. വർഷംതോറുമുള്ള വളർച്ചാനിരക്കും ഏറെ ഉയരത്തിലാണ്. ഏകദേശം 51,200 കോടി രൂപയുടെ ബിസിനസാണ് ഒരു വർഷം ചൈനീസ് ബോക്സ്ഓഫിസിൽ നടക്കുന്നത്. വർഷം തോറുമുള്ള 11 ശതമാനം വളർച്ചാനിരക്കു വച്ചു കണക്കുകൂട്ടിയാൽ 2020ൽ അമേരിക്കയെ മറികടന്നു ചൈന ലോകത്തിലെ ഏറ്റവും വലിയ സിനിമാ വിപണിയാകും. 50,000 സ്ക്രീനുകളാണു ചൈനയിലുള്ളത്. വർഷം തോറും ശരാശരി 9,000 സ്ക്രീനുകൾ പുതുതായി വരുന്നു. അമേരിക്കയില്‍ നാല്‍പതിനായിരവും ഇന്ത്യയില്‍ 11,000 സ്ക്രീനുകളും. 

അങ്കിള്‍ ആമിര്‍

ഗുസ്തിക്കാരി പെൺകുട്ടികളുടെ കഥ പറഞ്ഞ ആമിറിന്റെ ദംഗലാണു ചൈനീസ് പ്രേക്ഷകരെ മലർത്തിയടിച്ച ഇന്ത്യൻ സിനിമ. ചൈനീസ് ഓൺലൈൻ സിനിമ സൈറ്റ് നടത്തിയ വോട്ടെടുപ്പിൽ 2017ലെ ഏറ്റവും മികച്ച വിദേശ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതും ദംഗൽ ആയിരുന്നു. ഓസ്കർ ജേതാവായ ഹോളിവുഡ് ചിത്രം ലാ ലാ ലാൻഡിനെപ്പോലും പിന്നിലാക്കിയാണു ദംഗൽ ആ നേട്ടം കൊയ്തത്. കൾട്ട് ഫോളോവിങ് ആണു ആമിറിനു നിലവിൽ ചൈനയിലുള്ളത്. അദ്ദേഹത്തിന്റെ ആത്മകഥ ‘ഐ വിൽ ഡു ഇറ്റ് ഇൻ മൈ വേ’ മിക്ക ചൈനീസ് ബുക്സ്റ്റോറുകളും കാണാം. 

ആമിർ അവതരിപ്പിച്ച ടെലിവിഷൻ ടോക്‌ഷോ ‘സത്യമേവ ജയതേ’ ചൈനീസ് ഭാഷയായ മാൻഡരിനിൽ മൊഴിമാറ്റിയതിനു വലിയ സ്വീകാര്യതയാണു ലഭിച്ചത്. ധൂം ത്രീയിൽ അദ്ദേഹം ധരിച്ചതു പോലുള്ള കറുത്ത തൊപ്പി ചൈനീസ് ഫാഷൻ മാർക്കറ്റിൽ സൂപ്പർ ഹിറ്റാണ്. എന്തിന്, അങ്കിൾ ആമിറിന്റെ രൂപം ആലേഖനം ചെയ്ത മൊബൈൽ കവറുകൾ ചൂടപ്പം പോലെയാണു വിറ്റു പോകുന്നത്. ചൈനീസ് ട്വീറ്റർ ആയ വെയ്ബോയിൽ ആമിറിനെ 11 ലക്ഷം പേർ പിന്തുടരുന്നു. ഏറ്റവും കൂടുതല്‍ ചൈനക്കാര്‍ പിന്തുടരുന്ന ഇന്ത്യക്കാരനാണദ്ദേഹം. ചൈനയുടെ സിനിമ ഇറക്കുമതി നിയമം അനുസരിച്ചു വർഷം 34 വിദേശ സിനിമകൾ പ്രദർശിപ്പിക്കാനേ അനുമതിയുള്ളൂ. അതിൽ ഭൂരിഭാഗവും ഹോളിവുഡ് ചിത്രങ്ങളായിരിക്കും. ഇതിനിടയിലാണു ഇന്ത്യയിൽ നിന്നുള്ള ചിത്രങ്ങൾ ബോക്സ്ഓഫിസ് തരംഗങ്ങളായി മാറുന്നത്.

ഇന്ത്യന്‍നെസ്

ഇന്ത്യയില്‍ നിന്നുള്ള സിനിമകളിലെ ‘ഇന്ത്യന്‍നെസ്’ ചൈനക്കാരെ ആകര്‍ഷിക്കുന്നുണ്ടെന്നാണു വിലയിരുത്തപ്പെടുന്നത്. പാട്ടും ഡാന്‍സും അവര്‍ ഏറെ ഇഷ്ടപ്പെടുന്നു. ആഴത്തിലുള്ള കുടുംബബന്ധങ്ങളുടെ ചിത്രീകരണവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളും അവര്‍ക്കു പുതിയ അനുഭവമാകുന്നു. ചൈനീസ് ഭാഷയായ മാന്‍ഡരനില്‍ ഡബ് ചെയ്താണ് ഇന്ത്യന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ചൈനയിലെ അറിയപ്പെടുന്ന താരങ്ങളാണ് ഇന്ത്യന്‍ കഥാപാത്രങ്ങള്‍ക്കു ശബ്ദം നല്‍കുന്നത്. 

ഇന്ത്യയില്‍ വന്‍ ഹിറ്റായ സല്‍മാന്‍ ഖാന്റെ ബജ്റങ്ങി ഭായിജാന്‍ മാർച്ച് രണ്ടിനു ചൈനയിലെ 8000 സ്ക്രീനുകളില്‍ റിലീസ് ചെയ്യുകയാണ്. ഒരു ഇന്ത്യന്‍ സിനിമയിലെ ചൈനയിലെ ഏറ്റവും വലിയ റിലീസ് ആണത്. ദംഗലും സൂപ്പര്‍ സ്റ്റാറുമൊക്കെ അയ്യായിരത്തോളം സ്ക്രീനുകളിലാണു റിലീസ് ചെയ്തിരുന്നത്. ഇത്രയും സ്ക്രീനുകള്‍ റിലീസിങ്ങിനു ലഭിക്കുന്നതു തന്നെ ബോക്സ് ഓഫിസ് കലക്‌ഷനില്‍ വലിയ മാറ്റമുണ്ടാക്കും.

ചരിത്രം

രാജ്കപൂര്‍ ചിത്രങ്ങള്‍ മു‍ന്‍പ് റഷ്യയില്‍ വമ്പന്‍ ഹിറ്റുകളായിരുന്നു. രജനീകാന്തിന് ജപ്പാനില്‍ കട്ട ആരാധകരുണ്ട്. തമിഴ് ചിത്രങ്ങള്‍ക്ക് ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍, ജപ്പാന്‍, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ വലിയ പ്രേഷക സമൂഹമുണ്ട്. മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്ക, കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലും സാന്നിധ്യമുണ്ട്. പക്ഷേ ഇവയൊന്നും തന്നെ ആമിര്‍ ചിത്രങ്ങള്‍ ചൈനയില്‍ നേടിയ പോലുള്ള വമ്പന്‍ വിപണി വിജയം നേടിയിട്ടില്ല. 

സാംസങ്ങും ഇന്ത്യന്‍ ബ്രാന്‍ഡുകളും അടക്കിവാണിരുന്ന ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണി സമര്‍ഥമായ തന്ത്രങ്ങളിലൂടെ ഷവോമി, ഒപ്പോ, വിവോ തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകള്‍ കീഴടക്കിയതിനു സമാനമാണ് ഇന്ത്യന്‍ സിനിമയുടെ ചൈനാ വിജയം. ആമിറിനെപ്പോലുള്ള താരങ്ങള്‍ ബുദ്ധിപൂര്‍വമായ മാര്‍ക്കറ്റിങ് തന്ത്രങ്ങളിലൂടെയും വിതരണ കൂട്ടുകെട്ടുകളിലൂടെയും ഇന്ത്യന്‍ സിനിമയെ ചൈനയിലെ ഭീമാകാരമായ വിപണിയില്‍ സമര്‍ഥമായി വിപണനം ചെയ്യുകയാണിപ്പോൾ. അങ്ങനെ 20 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന സീക്രട് സൂപ്പര്‍ സ്റ്റാര്‍ പോലുള്ള സിനിമകള്‍ ഇന്ത്യ, ചൈന വിപണികളില്‍ നിന്നു മാത്രം ആയിരം കോടിയും 1500 കോടിയും വാരുന്നു.  

ആമിർ ചിത്രങ്ങളുടെ ചൈനയിലെ കലക്‌ഷൻ

ദംഗൽ– 1320 കോടി

സീക്രട്ട് സൂപ്പർസ്റ്റാർ– 900 കോടി (ഫെബ്രുവരി 20 വരെയുള്ള കണക്ക്)

പികെ– 123 കോടി

ധൂം 3 – 25 കോടി

3 ഇഡിയറ്റ്സ്– 16 കോടി