Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോണി‍ലേക്കു ചുരുങ്ങുന്ന ഇന്ത്യ

x-default x-default

കൺസ്യൂമർ ഡ്യൂറബിൾ എന്ന വിശാലമായ കുടക്കീഴിൽ വരുന്ന ഉൽപന്നം തന്നെയായിരുന്നു മൊബൈൽ ഫോണും. കുറച്ചു കാലം മുൻപു വരെ.  ടിവിയോ വാഷിങ്മെഷീനോ പോലെ ഒരു തവണ വാങ്ങിയാൽ, ദീർഘകാലത്തേക്ക് ഉപയോഗിക്കാവുന്ന ഒരു ഇലക്ട്രോണിക് ഉപകരണം. പക്ഷേ, വിപണികളിൽ നിന്ന് ഓരോ പാദത്തിലും ലഭിക്കുന്ന കണക്കുകൾ മൊബൈൽ ഫോണിനെ  ഈ കുടക്കീഴിൽനിന്നു മാറ്റിനിർത്തുകയാണ്. കാരണം വിൽപനയിലുണ്ടാകുന്ന കുതിപ്പു തന്നെ. ഉൽസവകാലങ്ങളിലെ  വിപണിയുടെ പച്ചയിൽ സാമ്പത്തിക വർഷം നേട്ടത്തിന്റേതെന്നു കണക്കാക്കുന്ന കൺസ്യൂമർ ഡ്യൂറബിൾസിൽ നിന്നും മൊബൈൽഫോൺ വ്യത്യസ്തമാകുന്നത് ഓരോ പാദത്തിലും  ഉണ്ടാകുന്ന വളർച്ച കൊണ്ടാണണ്. ഇന്ത്യൻ വിപണിയിൽ മൊബൈൽ ഫോണിന് അങ്ങനെ സമയവും കാലവുമൊന്നുമില്ല. കച്ചവടം കാലത്തിന് അതീതമായി പൊടിപൊടിക്കുകയാണ്. 

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വളർച്ച 14 ശതമാനമാണ് വളർച്ച.  പുതിയ ഫീച്ചറുകളുമായി ഒരു  ഫോൺ വിപണിയിൽ ഇറങ്ങിയാൽ ഇന്ത്യക്കാർക്ക് അത്ര സമാധനത്തോടെയിരിക്കാൻ കഴിയില്ല. കാരണം ഫോൺ അവരുടെ ശരീരത്തിലെ ഒരു അവയവം പോലെയാണ്. ജീവിതത്തോട് അത്രയേറെ ബന്ധമുള്ളത്. വെറുതെ പറയുന്നതല്ല മോട്ടറോള മൊബൈൽ കമ്പനിയും ഹാർവഡ് സർവകലാശാലയിലെ മൈൻഡ് ബ്രെയിൻ ബിഹേവിയർ ആൻഡ് സയൻസ് ഓഫ് ഹാപ്പിനസ് വിഭാഗത്തിലെ വിദഗ്ധ നാൻസി എറ്റ്കോഫും  ചേർന്നു നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫോണിനോടുള്ള ബന്ധത്തിൽ ഇന്ത്യക്കാർ ഒന്നാം സ്ഥാനത്താണെന്നാണു സർവേ പറയുന്നത്. ഫോണുകൾ അടിക്കടി മാറ്റിവാങ്ങുന്നതിന്റെ കാരണമിതാണ്. 47 ശതമാനം ഇന്ത്യക്കാരുടെയും ജീവിതം ഫോണിൽ കെട്ടിയിട്ടതാണെന്നും സർവേ വ്യക്തമാക്കുന്നു.

ഫോൺതുമ്പിലെ യുവജീവിതം

47 ശതമാനം ആളുകളുടെയും ജീവിതം ഫോണിലേക്കു  ചുരുങ്ങിയെന്നാണ് സർവേയിലെ കണ്ടെത്തൽ. എന്തിനും ഏതിനും ഫോണിനെ ആശ്രയിക്കുന്ന, ഫോണില്ലാതെ ഒരു നിമിഷം പോലും ജീവിക്കനാകാത്തവരിൽ കൂടുതലും പുതുതലമുറക്കാരാണ്. മറ്റുള്ള വ്യക്തികളോടെന്നതിനേക്കാൾ ഫോണിനോട് കൂടുതൽ അടുപ്പം കാണിക്കുന്നവരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. യാത്രകളിലോ ഒഴിവുസമയങ്ങളിലോ മറ്റു വ്യക്തികളോടു സംവദിക്കുന്നതിനേക്കാൾ ഫോണിൽ നോക്കിയിരിക്കാനാണ് തങ്ങൾ ഇഷ്ടപ്പടുന്നതെന്നായിരുന്നു സർവേയിൽ പങ്കെടുത്ത പകുതിയോളം പേരുടെയും വെളിപ്പെടുത്തൽ.

ഫോൺ എന്റെ ബസ്റ്റ് ഫ്രണ്ട്

സർവേയിൽ പങ്കെടുത്ത 53 ശതമാനം ആളുകളും ഫോണാണ് ആത്മ സുഹൃത്തെന്നു സമ്മതിക്കുന്നു. ഈ പട്ടികയിലും ഇന്ത്യയ്ക്കാണ് ഒന്നാം സ്ഥാനം. 65 ശതമാനം ആളുകളാണ് സ്മാർട് ഫോണിനെ ഏറ്റവും അടുത്ത സുഹൃത്തായി കാണുന്നത്. സുഹൃത്തുക്കളുടെ കൂടെയും ഫോണിയിൽ നോക്കിയിരുന്നും ചിലവഴിക്കുന്ന സമയവും തമ്മിലുള്ള താരതമ്യവും സർവേയ്ക്ക് ആധാരമായി.

ഫോണില്ലെങ്കിൽ തീർന്നു..

ഫോണില്ലെങ്കിൽ ജീവിതത്തിന്റെ ബാലൻസ് തെറ്റുമെന്നു വിചാരിക്കുന്നവരാണു പകുതിയധികം പേരും. പെട്ടന്നൊരു നിമിഷം ഫോൺ നഷ്ടപ്പെടുന്ന അവസ്ഥ ചിന്തിക്കാൻ പോലുമാകില്ലെന്നാണു ഭൂരിഭാഗം പേരുടെയും അഭിപ്രായം. ബാങ്ക് ഇടപാടുകൾ  അടക്കമുള്ള കാര്യങ്ങൾ ഫോണിലൂടെയായതാണു കാരണം. ഇത്തരക്കാരുടെ ലോക ശരാശരി 61 ശതമാനമാകുമ്പോൾ 64 ശതമാമാണ് ഇന്ത്യയിലേത്.

ഫോൺ എന്ന ശീലം

ആഗ്രഹിച്ചിട്ടൊന്നുമല്ല, എങ്കിലും അറിയാതെ കൈകൾ ഫോണിലേക്കു പോകുകയാണെന്നാണു പലരും പറയുന്നത്. കോളുകളോ, മെസേജുകളോ ഒന്നും വന്നില്ലെങ്കിലും വെറുതെ  ഫോണിലേക്കു കൈ നീളുന്നുണ്ട്, 50 ശതമാനം ആളുകളുടെയും. 44 ശതമാനം പേർക്കും ഈ ശീലം നിയന്ത്രിക്കാൻ കഴിയുന്നില്ലത്രേ. ഈ രണ്ടു പെരുമാറ്റരീതികളിലും ഇന്ത്യയുടെ ശരാശരി യഥാക്രമം 65 ശതമാവും 57 ശതമാനവും!

പാഴാക്കുന്നുണ്ട്, നല്ല സമയങ്ങൾ

ഫോണിൽ നോക്കി സമയം പാഴാക്കുന്നുണ്ടെന്ന് 33 ശതമാനം പേരും സമ്മതിക്കുന്നുണ്ട്. ഫോണിനോട് ഇത്രയധികം അടുപ്പമുള്ളത് 1995 നു ശേഷംജനിച്ചവർക്കാണെന്നും സർവേ പറയുന്നു. എന്നാൽ, വല്ലപ്പോഴുമെങ്കിലും  ഫോൺ മനപ്പൂർവം മാറ്റിവച്ചു സന്തോഷം കണ്ടെത്താൻ ശ്രമിക്കാറുണ്ടെന്നു പറയുന്നൂ, 53 ശതമാനം പേർ. ഇപ്പോൾ പിടികിട്ടിയില്ലേ, ഇന്ത്യയുടെ സ്മാർട്ഫോൺ വിപണി ഇനിയും സാചുറേറ്റഡ് ആകാത്തതിന്റെയും  മൊബൈൽ ഫോൺ കമ്പനികൾക്ക് ഇന്ത്യൻ വിപണി പറുദീസയാകുന്നതിന്റെയും കാരണങ്ങൾ.