Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

5ജിയുടെ നേട്ടങ്ങൾ വിവരിച്ച് മൊബൈൽ കോൺഗ്രസ്

PTI10_25_2018_000027B ത്രിമൂർത്തികൾ: റിലയൻസ് ജിയോ മേധാവി മുകേഷ് അംബാനി, വോഡഫോൺ ഐഡിയ മേധാവി കുമാർമംഗലം ബിർല, എയർടെൽ മേധാവി സുനിൽ മിത്തൽ എന്നിവർ ഇന്ത്യ മൊബൈൽ കോൺഗ്രസിൽ. ചിത്രം: പിടിഐ

ന്യൂഡൽഹി ∙ 5ജി സാങ്കേതിക വിദ്യയുടെ നേർക്കാഴ്ചകളുമായി ഇന്ത്യ മൊബൈൽ കോൺഗ്രസ്. പ്രദർശനത്തിനെത്തിയിരിക്കുന്ന പ്രധാന കമ്പനികളെല്ലാം 5ജി വന്നാൽ സ്വന്തമാക്കുന്ന പുരോഗതിയാണു വിഷയമാക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ വേദി പങ്കിട്ട റിലയൻസ് ചെയർമാൻ മുകേഷ് അംബാനി, ആദിത്യ ബിർല ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർല, എയർടെൽ ചെയർമാൻ സുനിൽ മിത്തൽ എന്നിവരെല്ലാം മൊബൈൽ സാങ്കേതിക രംഗത്തെ ഇന്ത്യയുടെ വളർച്ചയെക്കുറിച്ചാണു പ്രസംഗിച്ചത്.

വ്യക്തിവിവരങ്ങൾക്കും മറ്റും സംരക്ഷണം ഏർപ്പെടുത്തിക്കൊണ്ടുള്ള സാങ്കേതിക വളർച്ചയ്ക്കാണു രാജ്യം മുൻതൂക്കം നൽകുന്നതെന്നു കേന്ദ്ര ഐടി–നിയമ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. മൊബൈൽ രംഗത്തുള്ള ഇന്ത്യയുടെ വളർച്ച ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്. പ്രാദേശിക ഭാഷകൾ കേന്ദ്രീകരിച്ചുള്ള മൊബൈൽ– സമൂഹമാധ്യമ സംവിധാനങ്ങൾ രൂപപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കു കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങളാണെന്നു മുകേഷ് അംബാനി പറഞ്ഞു. ഇന്ത്യയിലെ ഡിജിറ്റൽ ഉപഭോക്താക്കളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യ സമ്പൂർണ 4ജി രാജ്യമായി മാറും. ബ്രോഡ്ബാൻഡ് സാങ്കേതിക വിദ്യയിൽ ഇന്ത്യ 135–ാം സ്ഥാനത്താണിപ്പോൾ. ജിയോ ഫൈബറിലൂടെ ഇതിൽ മാറ്റമുണ്ടാകുമെന്നും ആദ്യ മൂന്നു സ്ഥാനത്തു രാജ്യമെത്തുമെന്നും മുകേഷ് അംബാനി പറഞ്ഞു.
ഇന്ത്യയുടെ ഡേറ്റ ശ്യംഖല ദിനംപ്രതി വർധിക്കുകയാണെന്നും വോഡഫോൺ–ഐഡിയ ലയനത്തിലൂടെ ഗ്രാമങ്ങളിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം കൂടുതൽ എത്തിക്കാൻ സാധിക്കുമെന്നും കുമാർ മംഗലം ബിർല പറഞ്ഞു.

250 സ്റ്റാർട്ടപ് കമ്പനികൾ ഉൾപ്പെടെ അഞ്ഞൂറിലേറെ കമ്പനികളാണ് എയ്റോസിറ്റിയിൽ നടക്കുന്ന പ്രദർശനത്തിൽ പങ്കെടുക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തോളം പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. സെല്ലുലർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ(സിഒഎഐ), കേന്ദ്ര വാർത്താവിതരണ മന്ത്രാലയം, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രദർശനം നാളെ സമാപിക്കും.

നികുതിഭാരം വലിയ തടസ്സമെന്ന് സുനിൽ മിത്തൽ

ന്യൂഡൽഹി ∙ അമിത നികുതി ടെലികോം കമ്പനികളെ ഗുരുതരമായി ബാധിക്കുന്നുവെന്ന വിമർശനവുമായി എയർടെൽ ചെയർമാൻ സുനിൽ മിത്തൽ. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങിലാണു കേന്ദ്രനയങ്ങൾക്കു നേരെ ഇദ്ദേഹം വിമർശനമുയർത്തിയത്. ‘മൊബൈൽ സേവനദാതാക്കൾക്കു ലഭിക്കുന്ന ഓരോ 190 രൂപയിലും 37 രൂപ നികുതിയായി നൽകേണ്ടി വരുന്നു. ഒരു ഭാഗത്തു ഡിജിറ്റൽ ഇന്ത്യയ്ക്കു വേണ്ടി പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നു. അതിനാകട്ടെ ഏറെ മുതൽമുടക്ക് ആവശ്യമാണ്.

മറുഭാഗത്ത് ഉയർന്ന നികുതി കമ്പനികളെ ബാധിക്കുന്നു. റേഡിയോ തരംഗങ്ങളുടെ(സ്പെക്ട്രം) നിരക്കും ലൈസൻസ് ഫീസുമെല്ലാം മറ്റു രാജ്യങ്ങളെക്കാൾ കൂടുതൽ. ഏറ്റവും ഉയർന്ന ചരക്ക്, സേവന നികുതി(ജിഎസ്ടി) നിരക്കായ 18% ഉപയോക്താക്കൾക്കും ബാധ്യതയാണ്’, സുനിൽ മിത്തൽ വ്യക്തമാക്കി. പുതിയ ടെലികോം നയത്തിൽ അമിത നികുതി കുറയ്ക്കുന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ വന്നതു സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യം പുതിയ സാങ്കേതിക വിദ്യകൾ വേഗം സ്വീകരിക്കുന്ന ഘട്ടത്തിൽ വ്യവസായങ്ങൾക്ക് അനുകൂലമായ നികുതി വ്യവസ്ഥകളും മറ്റും ഏർപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.