Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാന സർവീസ് റദ്ദാക്കൽ വീണ്ടും; സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നു കേന്ദ്ര സർക്കാർ

Flight-stopped

ന്യൂഡൽഹി ∙ യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിനു പിന്നാലെ, തകരാറിനു സാധ്യതയുള്ള എൻജിൻ ഘടിപ്പിച്ച വിമാനങ്ങളുടെ 48 സർവീസുകൾ കൂടി ഇൻഡിഗോ, ഗോ എയർ കമ്പനികൾ റദ്ദാക്കി. ഇതിൽ 42 എണ്ണം ഇൻഡിഗോയുടേതാണ്; ആറെണ്ണം ഗോ എയറിന്റെയും. തുടർച്ചയായ മൂന്നാം ദിവസവും സർവീസുകൾ മുടങ്ങിയതു യാത്രക്കാരെ വലച്ചു. 

ഡൽഹി, ചെന്നൈ, ഡെറാഡൂൺ, അമൃത്‌സർ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, കൊൽക്കത്ത, പുണെ, ജയ്പുർ, ശ്രീനഗർ, ഭുവനേശ്വർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് ഇന്നലെ മുടങ്ങിയത്. അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ (പിഡബ്ല്യു) എൻജിനുകളിൽ തകരാർ കണ്ടെത്തിയതോടെ, ഇവ ഘടിപ്പിച്ച എ 320 നിയോ മോഡൽ വിമാനങ്ങൾ സർവീസിൽ നിന്നു നീക്കാൻ കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) കഴിഞ്ഞ ദിവസമാണു നിർദേശിച്ചത്. 

പിഡബ്ല്യു എൻജിൻ ഘടിപ്പിച്ച 33 വിമാനങ്ങളാണ് ഇൻഡിഗോയുടെ പക്കലുള്ളത്; ഗോ എയറിന് 12 എണ്ണവും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവ നടത്തുന്ന എല്ലാ സർവീസുകളും വരും ദിവസങ്ങളിലും മുടങ്ങും. പകരം വിമാനങ്ങൾ സജ്ജമാക്കി സർവീസുകൾ എത്രയും വേഗം പൂർവ സ്ഥിതിയിലാക്കാനുള്ള ശ്രമത്തിലാണു കമ്പനികൾ.  പിഡബ്ല്യു എൻജിൻ സുരക്ഷിതമാണെന്നു തെളിയും വരെ അവ ഘടിപ്പിച്ച വിമാനങ്ങളുടെ സർവീസിന് അനുമതി നൽകേണ്ടെന്നാണു വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം.

എൻജിനുകളുടെ പരിശോധന നടക്കുകയാണെന്നും അവ സുരക്ഷിതമാണെന്നു തെളിഞ്ഞതിനു ശേഷം മാത്രമേ സർവീസിന് അനുമതി നൽകൂവെന്നും വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ  പറഞ്ഞു. കൊച്ചിയിൽ നിന്നുളള ഒൻപതു സർവീസുകൾ ഇന്നലെ തടസ്സപ്പെട്ടു. ഇൻഡിഗോയുടെ രണ്ട് ബെംഗളൂരു സർവീസുകളും ഹൈദരാബാദ്, ഡൽഹി സർവീസുകളുമാണ് റദ്ദാക്കിയത്. ഗോഎയറിന്റെ രണ്ട് ബെംഗളൂരു സർവീസുകളും മൂന്നു ചെന്നൈ സർവീസുകളും റദ്ദാക്കി.

ഇതിനിടെ, പിഡബ്ല്യു എൻജിൻ ഘടിപ്പിച്ച വിമാനങ്ങളുടെ സർവീസ് നിർത്തിവയ്ക്കാനുള്ള ഡിജിസിഎയുടെ തീരുമാനത്തിൽ തങ്ങൾക്കു പങ്കില്ലെന്നു യൂറോപ്യൻ വ്യോമയാന സുരക്ഷാ ഏജൻസി (ഇഎഎസ്എ) വ്യക്തമാക്കി. പിഡബ്ല്യു എൻജിൻ ഘടിപ്പിച്ച എ 320 നിയോ മോഡൽ വിമാനങ്ങൾക്കു സുരക്ഷാ പ്രശ്നമുണ്ടായേക്കാമെന്ന അപായ സൂചന ആദ്യം നൽകിയത് ഏജൻസി ആണ്. വിമാന സർവീസുകൾ വിലക്കാനുള്ള തീരുമാനം ഡിജിസിഎയുടേതു മാത്രമാണെന്ന് ഏജൻസി വ്യ‌ക്തമാക്കി.