കൊച്ചി സ്മാർട് സിറ്റി ടൗൺഷിപ് യഥാസമയം പൂർത്തിയാക്കാൻ സംവിധാനം

തിരുവനന്തപുരം∙ കൊച്ചി സ്മാർട് സിറ്റി പദ്ധതിയുടെ ടൗൺഷിപ് നിർമാണത്തെ റിയൽ എസ്റ്റേറ്റ് രംഗത്തെ മാന്ദ്യം ബാധിച്ചതായി സർക്കാർ നിയമസഭയിൽ. കരാർ പ്രകാരം ഐടി നിർമാണപ്രവർത്തനങ്ങൾ പുരോഗതിയിലാണെങ്കിലും നിർമാണ രംഗത്തെ ഇടിവും ഐടി രംഗത്തെ മാന്ദ്യവും നിക്ഷേപത്തെയും ടൗൺഷിപ് നിർമാണത്തെയും ബാധിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറ​ഞ്ഞു.

സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുന്നതിനു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നിരീക്ഷണ സംവിധാനം രൂപീകരിച്ചിട്ടുണ്ട്. ഐടിയുമായി ബന്ധപ്പെട്ട് 66 ലക്ഷം ചതുരശ്രഅടി ബിൽഡപ് ഏരിയ 2021ൽ പൂർത്തീകരിക്കും. ഇതിൽ 6.5 ലക്ഷം ചതുരശ്രഅടി പൂർത്തിയായി. 3000 വിദ്യാർഥികളെ ഉൾക്കൊള്ളാവുന്ന രാജ്യാന്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനം ടൗൺഷിപ്പിൽ പൂർത്തിയാക്കിയിട്ടുണ്ട്. ഈ അധ്യയനവർഷം തന്നെ സ്കൂൾ പ്രവർത്തനം ആരംഭിക്കും.

മറ്റു പ്രശ്നങ്ങൾ വിലയിരുത്താൻ മൂന്നംഗ കമ്മിറ്റിയെയും നിയോഗിച്ചു. അനുവദിച്ച ഭൂമിയുടെ അളവും കൈവശാവകാശം ലഭിച്ച ഭൂമിയുടെ വിസ്തൃതിയും തമ്മിൽ വ്യത്യാസമുണ്ടെന്നു സ്മാർട് സിറ്റി അധികൃതർ സർക്കാരിൽ പരാതിപ്പെട്ടിട്ടുണ്ട്. പരിഹാരത്തിനായി മേയിൽ റീസർവേ ഉൾപ്പടെ പൂർത്തീകരിക്കും. സ്മാർട് സിറ്റി പദ്ധതി സംരംഭകരായ ദുബായ് ഹോൾഡിങ്സ് ഉപേക്ഷിക്കുന്നെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.