ഫെയ്സ്ബുക് മാറുന്നു; കൂടെ ഇൻസ്റ്റഗ്രാമും വാട്സാപ്പും‌‍

ന്യൂയോർക്ക്∙  ഫെയ്സ്ബുക്കിലും കമ്പനിയുടെ കീഴിലുള്ള മറ്റു സമൂഹമാധ്യമങ്ങളിലും നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങളിലേക്ക് വെളിച്ചംവീശി കമ്പനി സിഇഒ മാർക്ക് സക്കർബർഗ്. കമ്പനിയുടെ വാർഷിക ഡവലപ്പർ കോൺ‌ഫറൻസിലെ പ്രസംഗത്തിലാണു പുതിയ ഫീച്ചറുകൾ,മാറ്റങ്ങൾ, ഉത്പന്നങ്ങൾ എന്നിവയെക്കുറിച്ച് സക്കർബർഗ് പറഞ്ഞത്.

ഫെയ്സ്ഡേറ്റ് 

ഫെയ്സ്ഡേറ്റ് എന്ന പുതിയ ഫീച്ചർ ഫെയ്സ്ബുക്കിലേക്ക് ഉടൻ എത്തും. കേവലസൗഹൃദത്തിനപ്പുറം ഫെയ്സ്ബുക്ക്  ഉപയോക്താക്കൾ തമ്മിൽ പ്രണയത്തിനു കളമൊരുക്കുന്ന ഡേറ്റിങ് ഫീച്ചറാണു ഫെയ്സ്ഡേറ്റ്.

ക്ലിയർ ഹിസ്റ്ററി

ഉപയോക്താവു സന്ദർശിക്കുന്ന സൈറ്റുകളെക്കുറിച്ച് ഫെയ്സ്ബുക് ശേഖരിക്കുന്ന വിവരങ്ങൾ മായ്ച്ചുകളയാൻ ഇതുവഴി സാധിക്കും.

ഇൻസ്റ്റഗ്രാമിൽ വിഡിയോചാറ്റ്

ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോഷെയറിങ് പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലും മാറ്റങ്ങളുണ്ട് , വിഡിയോചാറ്റ് ഉടനടി ഇൻസ്റ്റാഗ്രാമിൽ എത്തും. കൂടാതെ മോശം കമന്റുകളെ നിയന്ത്രിക്കാനുള്ള ഫിൽറ്ററിങ് സംവിധാനവും ആലോചനയിലുണ്ട്.

ആപ് റിവ്യൂ വീണ്ടും

കേംബ്രിജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട ഡേറ്റചോർച്ച വിവാദത്തെത്തുടർന്ന് ഇടയ്ക്കു നിർത്തിയ ‘ആപ് റിവ്യൂ’ ഫെയ്സ്ബുക് വീണ്ടും കൊണ്ടുവരുന്നു. കുഴപ്പക്കാരായ ആപ്പുകളെപ്പറ്റി വിവരം നൽകാൻ ഉപയോക്താക്കൾക്ക് അവസരമൊരുങ്ങും.

മെസഞ്ചറിൽ മൊഴിമാറ്റം

വിവിധഭാഷകൾ ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്യാനുള്ള ഫീച്ചർ ഫെയ്സ്ബുക് മെസഞ്ചറിലെത്തും. സ്പാനിഷിൽനിന്ന് ഇംഗ്ലിഷിലേക്കുള്ള മൊഴിമാറ്റമാണ് ആദ്യം എത്തുക.

ഗ്രൂപ്  കോളിങ് 

വാട്സാപ്പിൽ ഗ്രൂപ് വിഡിയോ കോളിങ് ഏർപ്പെടുത്താൻ ഫെയ്സ്ബുക് തീരുമാനിച്ചു, ഇതു വരുന്നതിനെപ്പറ്റി അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇപ്പോൾ. ഇതടങ്ങുന്ന അപ്ഡേറ്റ് എന്നെത്തുമെന്നു സൂചനയില്ല. ഇമോജികളോടൊപ്പം സ്റ്റിക്കർ ഫീച്ചറും താമസിയാതെ വാട്സാപ്പിൽ എത്തും.

മറ്റ് ആപ്പുകളിൽ‌നിന്ന് ഷെയറിങ്

സ്പോട്ടിഫൈ, സൗണ്ട്ക്ലൗഡ് തുടങ്ങിയ ആപ്പുകളിൽനിന്നു ഫെയ്സ്ബുക് സ്റ്റോറികളിലേക്കു നേരിട്ടു ചിത്രങ്ങളും വിഡിയോയും ഷെയർ ചെയ്യാനുള്ള അവസരം.

ത്രീഡി ന്യൂസ്ഫീഡ്

താമസിയാതെ തന്നെ ഫെയ്സ്ബുക്കിന്റെ ന്യൂസ്ഫീഡിൽ ത്രീഡി ചിത്രങ്ങളും ത്രിമാനരൂപങ്ങളും എത്തിക്കാൻ കമ്പനി ഒരുങ്ങുകയാണ്.