ഇന്ത്യയിൽ സ്ത്രീ സുരക്ഷിത: പ്രചരിപ്പിക്കാൻ വിദേശത്ത് ഓഫിസ്

ന്യൂഡൽഹി ∙ സ്ത്രീകൾക്കു ജീവിക്കാൻ ഏറ്റവും അപകടം നിറഞ്ഞ രാജ്യം ഇന്ത്യയെന്ന തോംസൺ റോയ്ട്ടേഴ്സ് ഫൗണ്ടേഷന്റെ റിപ്പോർട്ടിനെ പ്രതിരോധിക്കാനും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും ഇന്ത്യ കൂടുതൽ വിദേശ രാജ്യങ്ങളിൽ ഓഫിസ് തുറക്കുന്നു.

റഷ്യയിൽ മൂന്നു മാസത്തിനുള്ളിൽ ഓഫിസ് തുടങ്ങും. ചൈനയിൽ ഓഫിസ് നേരത്തെ സജ്ജീകരിച്ചെങ്കിലും ജീവനക്കാരെ നിയോഗിച്ചിരുന്നില്ല. ഇതും വൈകാതെ പൂർത്തിയാക്കാനാണു തീരുമാനം. പിആർ ഏജൻസികളുമായും ടൂർ ഓപ്പറേറ്റർമാരുമായും സഹകരിച്ചു കൂടുതൽ സഞ്ചാരികളെ എത്തിക്കാനാണ് ടൂറിസം മന്ത്രാലയം ഓഫിസുകൾ ആരംഭിക്കുന്നത്. 

തോംസൺ റോയ്ട്ടേഴ്സിന്റെ റിപ്പോർട്ട് വിദേശ സഞ്ചാരികളുടെ വരവിനെ ബാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. കൂടുതൽ സഞ്ചാരികളെത്തുമെന്നു പ്രതീക്ഷിക്കുന്ന രാജ്യങ്ങളിലാണ് സർക്കാർ ഓഫിസുകൾ തുറക്കുക. അല്ലാത്ത സ്ഥലങ്ങളിൽ ഇന്ത്യ ടൂറിസം മാർക്കറ്റിങ് പ്രതിനിധികളെ (ഐടിഎംആർ) മാത്രം നിയോഗിക്കും.

വനിതാ സുരക്ഷയ്ക്കു സർക്കാർ കൈക്കൊള്ളുന്ന നടപടികൾ സഹിതം വിശദീകരിച്ചു ടൂറിസം മന്ത്രാലയം വിവിധ രാജ്യങ്ങൾക്കു കത്തു നൽകിയിരുന്നു. തോംസൺ റോയ്ട്ടേഴ്സ് ഫൗണ്ടേഷന്റെ കണ്ടെത്തലിലെ പോരായ്മകളും പിഴവുകളും കത്തിൽ ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ യോഗവും വിളിച്ചു. മന്ത്രി അൽഫോൺസ് കണ്ണന്താനം തന്നെ അംബാസഡർമാരോട് ഇന്ത്യൻ ടൂറിസത്തെ പരിചയപ്പെടുത്തി സംസാരിച്ചു.