Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ സ്ത്രീകൾ ‘സൂക്ഷിക്കണ’മെന്ന് സർവേ; അമേരിക്ക മൂന്നാം സ്ഥാനത്ത്

Representational Image

ലണ്ടൻ ∙ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും ആപൽക്കരമായ രാജ്യം ഇന്ത്യയാണെന്ന് ആഗോള വിദഗ്ധർക്കിടയിൽ നടത്തിയ സർവേ . ശാരീരികമായ അതിക്രമത്തിനും നിർബന്ധിത അടിമവേലയ്ക്കുമുള്ള സാധ്യതകൾ വളരെ കൂടുതലാണെന്നതാണ് ഇന്ത്യയെ ഏറ്റവും ആപല്‍ക്കരമാക്കുന്നതെന്നാണ് സർവേയിലെ കണ്ടെത്തൽ. സ്ത്രീസംബന്ധമായ വിഷയങ്ങളിൽ പ്രഗത്ഭരായ 550 പേർക്കിടയിൽ തോമസ് റോയിട്ടേഴ്സ് ഫൗണ്ടേഷനാണ് സർവേ നടത്തിയത്. അഫ്ഗാനിസ്ഥാനും സിറിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 

ശാരീരികമായ അതിക്രമം, പീഡനം, നിർബന്ധിത ലൈംഗികവൃത്തിക്കു പ്രേരിപ്പിക്കൽ എന്നീ ഘടകങ്ങൾ പരിഗണിക്കുമ്പോൾ അപകട സാധ്യതയുടെ കാര്യത്തിൽ അമേരിക്ക മൂന്നാം സ്ഥാനത്താണ്. 2011ൽ നടത്തിയ സർവേയുടെ തുടർച്ചയാണിത്. അഫ്ഗാനിസ്ഥാൻ, കോംഗോ, പാക്കിസ്ഥാന്‍, ഇന്ത്യ, സൊമാലിയ എന്നീ രാജ്യങ്ങളായിരുന്നു അന്ന് ആപൽക്കരമായ രാജ്യങ്ങളുടെ പട്ടികയിൽ മുന്നിട്ടു നിന്നിരുന്നത്. 

സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഇന്ത്യയിൽ ക്രിയാത്മകമായ നടപടികളുണ്ടാകുന്നില്ലെന്നാണ് പട്ടിക തെളിയിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളുടെ കാര്യത്തിൽ 2007 നും 2016 നും ഇടയിൽ 83 ശതമാനത്തിന്‍റെ വർധനയുണ്ടായതായാണ് സർക്കാർ രേഖകൾ. ഓരോ മണിക്കൂറിലും നാലു മാനഭംഗ കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. 

ഐക്യരാഷ്ട്ര സംഘടനയിലെ അംഗങ്ങളായ 193 രാഷ്ട്രങ്ങൾക്കിടയിൽ സ്ത്രീസുരക്ഷയുടെ കാര്യത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന അഞ്ചു രാഷ്ട്രങ്ങളെ കണ്ടെത്താനാണ് സർവേയിൽ പങ്കെടുത്തവരോട് ആവശ്യപ്പെട്ടിരുന്നത്. ആരോഗ്യ സുരക്ഷ, വരുമാന സാധ്യതകൾ, പരമ്പരാഗതമോ സാംസ്കാരികമായോ ആയ ആചാരങ്ങൾ, ലൈംഗികവും അല്ലാത്തതുമായ അതിക്രമങ്ങൾ, മനുഷ്യക്കടത്ത് എന്നിവയായിരുന്നു മാനദണ്ഡങ്ങൾ.

ലൈംഗികമായ അടിമത്തം, ഗാർഹിക ദാസവേല എന്നിവയുൾപ്പെടെയുള്ള മനുഷ്യക്കടത്തിന്‍റെയും നിര്‍ബന്ധിതമായ കല്യാണം, കല്ലെറിയൽ, സ്ത്രീ ഭ്രൂണഹത്യ എന്നിവയുടെ കാര്യത്തിലും ഇന്ത്യ ഏറ്റവും ആപൽക്കരമാണെന്നാണ് സർവേയിൽ പങ്കെടുത്തവർ വിലയിരുത്തിയത്. സർവേയെക്കുറിച്ച് പ്രതികരിക്കാൻ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള മന്ത്രാലയം വിസമ്മതിച്ചു.