യുഎസ്-ചൈന നികുതിയുദ്ധം

വാഷിങ്ടൻ ∙ ചൈനയിൽനിന്നുള്ള ഇറക്കുമതി സാധനങ്ങൾക്ക് 10% നികുതി ചുമത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടത് യുഎസ്–ചൈന വ്യാപാര യുദ്ധത്തിന് ആക്കം കൂട്ടി. 20000 കോടി ഡോളർ മൂല്യമുള്ള ഇറക്കുമതിക്കു മേലാണ് ഈ മാസം 24 മുതൽ പുതിയ നികുതി. ജനുവരി ഒന്നിന് നികുതി 25% ആയി ഉയർത്തുമെന്നും യുഎസ് പറഞ്ഞു.

തിരിച്ചടി ഉടൻ പ്രഖ്യാപിച്ച ചൈന 6000 കോടി ഡോളർ മൂല്യമുള്ള അമേരിക്കൻ ഉൽപന്നങ്ങൾക്കു മേൽ 5–10% ഇറക്കുമതി തീരുവ ചുമത്താൻ തീരുമാനിച്ചു. 25% നികുതി ചുമത്താനായിരുന്നു നീക്കമെങ്കിലും ഒടുവിൽ 10% എന്നു തീരുമാനിക്കുകയായിരുന്നു. ഇരു രാജ്യങ്ങളും സ്വന്തം നിലപാടുകൾ സാധൂകരിച്ചു. ചൈന നികുതി കൂട്ടിയാൽ യുഎസ് ബാക്കിയുള്ള ചൈനീസ് ഉൽപന്നങ്ങൾക്കു മേലും നികുതി ചുമത്തുമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്.

ചൈനയിൽനിന്ന് അമേരിക്കയിലേക്ക് 2017 ൽ പോയത് 52290 കോടി ഡോളറിന്റെ ഉൽപന്നങ്ങളാണ്. എന്നാൽ യുഎസ് ചൈനയിലേക്കു വിറ്റത് 18750 കോടി ഡോളറിന്റെ ഉൽപന്നങ്ങൾ മാത്രം. യുഎസിന് ചൈനയുമായുള്ള 33540 കോടി വ്യാപാരക്കമ്മിയാണ് ട്രംപിനെ ചൊടിപ്പിക്കുന്നത്. ചൈന വില കുറച്ച് ഉൽപന്നങ്ങൾ വിൽക്കുന്നതാണ് അമേരിക്കൻ കമ്പനികളുടെ ബിസിനസ് കുറയാൻ കാരണമെന്ന് ട്രംപ് വാദിക്കുന്നു. ചൈന മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനെ വാഷിങ്ടനിലേക്ക് ചർച്ചയ്ക്ക് അയയ്ക്കാനുള്ള തീരുമാനം റദ്ദാക്കിയതായി സൂചനയുണ്ട്.