കിയയുടെ ആദ്യ കാർ അടുത്ത ഓണത്തിന്

മനോഹർ ഭട്ട്

കൊച്ചി ∙ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോഴ്‌സിന്റെ ആദ്യ ഇന്ത്യ കാർ അടുത്ത ഓണക്കാലത്തു വിപണിയിലെത്തും. ആന്ധ്രപ്രദേശിലെ അനന്തപ്പൂരിൽ കമ്പനിയുടെ നിർമാണശാല അതിവേഗം പൂർത്തിയാകുകയാണെന്നും അടുത്ത വർഷം രണ്ടാം പകുതിയിൽ പൂർണമായും ഉൽപാദനസജ്ജമാകുമെന്നും കിയ മോട്ടോഴ്‌സ് ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് തലവൻ മനോഹർ ഭട്ട് പറഞ്ഞു.

എസ്പി 2ഐ എന്നു കോഡ് നാമമുള്ള എസ്‌യുവി ആണ് ആദ്യ വാഹനം. അതു വിപണിയിലെത്തി ആറു മാസത്തിനകം അടുത്ത മോഡൽ അവതരിപ്പിക്കും. പൂർണമായും ഇന്ത്യയ്ക്കുവേണ്ടി രൂപകൽപന ചെയ്ത വാഹനമാണ് എസ്പി 2ഐ. രൂപകൽപനയിലും സാങ്കേതികവിദ്യകളിലും സൗകര്യങ്ങളിലും മുൻനിരയിൽ. പെട്രോൾ, ഡീസൽ എൻജിനുകളുണ്ടാകും. വിപണിയിൽ ഇടത്തരം എസ്‌യുവിയുടെ സാധ്യതകൾ വളരെ വലുതാണ്. കമ്പനിയുടെ പ്രവർത്തനത്തുടക്കം മുതൽ, മലിനീകരണ നിയന്ത്രണം സംബന്ധിച്ച ബിഎസ് 6 ചട്ടങ്ങൾ പാലിക്കാൻ പ്രയാസമില്ല. എന്നാൽ 2020 മാർച്ച് 31 വരെ സമയമുള്ളതിനാൽ വെപ്രാളപ്പെടേണ്ടതില്ല.

3 വർഷത്തിനുള്ളിൽ ഇന്ത്യയിലെ 5 മുൻനിര വാഹനനിർമാതാക്കൾക്കൊപ്പം എത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 2021 ആകുമ്പോഴേക്ക് പ്രതിവർഷം 5 വാഹനങ്ങൾ വീതം അവതരിപ്പിക്കാനാകും. 2020–22 കാലമാകുമ്പോഴേക്ക് രാജ്യത്തെ സമ്പദ് വ്യവസ്ഥയും ഒപ്പം വാഹന വ്യവസായവും വളരെ വലിയ വളർച്ച നേടുമെന്നു കണക്കാക്കുന്നു. തുടക്കം മുതൽ രാജ്യവ്യാപക സാന്നിധ്യമുറപ്പാക്കി വിപുലമായ വിപണനശൃംഖലയാണു കിയ മോട്ടോഴ്സ് ആരംഭിക്കുക.

കേരളത്തിലങ്ങോളമിങ്ങോളം ഡീലർഷിപ്പുകളുണ്ടാകും. അനന്തപൂരിൽ പ്ലാന്റിന്റെ വാർഷിക ഉൽപാദനശേഷി 300,000 വാഹനങ്ങളാണ്. മുതൽമുടക്ക് 110 കോടി ഡോളർ (ഏകദേശം 8000 കോടി രൂപ). 3000 പേർക്കു നേരിട്ടു തൊഴിൽ ലഭിക്കും.  രാജ്യത്ത് വൈദ്യുത വാഹനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളൊരുങ്ങുമ്പോൾ ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളും പുറത്തിറക്കാനാകും.