കോഴിക്കോട് സൈബർ പാർക്കിലേക്ക് ബെംഗളൂരു കമ്പനികളെ കൊണ്ടുവരാൻ ശ്രമം

കൊച്ചി ∙ കോഴിക്കോട് സൈബർ പാർക്കിലേക്ക് നിക്ഷേപം ആകർഷിക്കാൻ ബെംഗളൂരുവിലെ ഐടി കമ്പനികളെ ക്ഷണിക്കുന്നു. ചെലവ് അമിതമായ ബെംഗളൂരു നഗരത്തിലെ ഐടി കമ്പനികളുടെ വികാസ കേന്ദ്രമായി കോഴിക്കോടിനെ അവതരിപ്പിക്കുകയാണു ലക്ഷ്യം. ബെംഗളൂരുവിൽ നിന്നു ദിവസവും കോഴിക്കോട്ടേക്ക് രണ്ടു വിമാന സർവീസ് നടത്താൻ വിമാനക്കമ്പനികളുമായി ചർച്ചയും നടത്തുന്നുണ്ട്.

കോഴിക്കോട് സൈബർ പാർക്ക് പണി പൂർത്തിയായി ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. പക്ഷേ, ഐടി കമ്പനികൾ നിക്ഷേപത്തിനായി കാത്തു നിൽക്കുന്നില്ല. 2.8 ലക്ഷം ചതുരശ്രയടിയിൽ കെഎസ്ഐടിഐഎൽ നിർമിച്ച പുതിയ കെട്ടിടത്തിലെ താഴത്തെ നിലയിൽ പ്ലഗ് ആൻഡ് പ്ലേ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്.

ഇവിടെ നിക്ഷേപം നടത്താൻ ആറ് ഐടി കമ്പനികളുമായി ചർച്ച നടക്കുന്നുണ്ടെന്നു മാത്രം. 3.5 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ഊരാളുങ്കൽ സൊസൈറ്റി നിർമിച്ച കെട്ടിടത്തിലും ഐടി കമ്പനികൾ പ്രവർത്തനം തുടങ്ങാൻ എത്തേണ്ടതുണ്ട്.

പക്ഷേ, കോഴിക്കോടിനെ കേരളത്തിന്റെ അടുത്ത ഐടി വ്യവസായ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിന് കടമ്പകളേറെയുണ്ട്. ഐടിക്കു വേണ്ട മനുഷ്യവിഭവശേഷിയും അനുരൂപ സൗകര്യങ്ങളും (ഇക്കോസിസ്റ്റം) ഉണ്ടാവണം. എൻജിനീയറിങ് കോളജുകളും എൻഐടിയും ഐഐഎമ്മും മറ്റും ഉണ്ടെന്നതിനാൽ പ്രഫഷനലുകളെ കിട്ടുമെന്നു സങ്കൽപ്പിച്ചാലും അനുരൂപ സൗകര്യങ്ങൾ വേണ്ടതുണ്ട്. അതിൽ പ്രധാനം മറ്റു നഗരങ്ങളുമായി ദിവസേനയുള്ള വിമാന ബന്ധമാണ്.

തിരുവനന്തപുരത്തുനിന്നു കോഴിക്കോട്ടേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സർവീസ് അധികൃതരുടെ ശ്രമഫലമായി കഴിഞ്ഞ 16ന് ആരംഭിച്ചിട്ടുണ്ട്. രാവിലെയും വൈകിട്ടും ദോഹയ്ക്കും തിരിച്ചും പോകുംവഴി കോഴിക്കോട് വിമാനം എത്തുന്നു. ഇത്തരം സർവീസ് ബെംഗളൂരുവിൽനിന്നും വേണമെന്നതാണ് ഐടി വികസനത്തിന് പ്രധാന ആവശ്യമായി ലക്ഷ്യം വയ്ക്കുന്നത്.

ബെംഗളൂരുവിൽ ജീവിതച്ചെലവും ഐടി കമ്പനികൾക്ക് ഓഫിസ് വാടകയും അമിതം. അവിടുത്തെ നിരക്കിന്റെ പാതിയിൽ താഴെ നിരക്കിൽ കോഴിക്കോട് ഓഫിസ് സൗകര്യം നൽകാൻ കഴിയും. വളർച്ചയുടെ ഭാഗമായി പുതിയ ഓഫിസ് ലക്ഷ്യം വയ്ക്കുന്ന ബെംഗളൂരു കമ്പനികളെ കോഴിക്കോട്ടേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നത് അതിനാലാണ്. പക്ഷേ, നിക്ഷേപകരാരും റോഡ് മാർഗം കോഴിക്കോട്ട് വരില്ല. അതുകൊണ്ടാണ് രാവിലെ കോഴിക്കോട്ട് വന്ന് വൈകിട്ട് തിരികെ പോകും വിധം വിമാന സർവീസിനായി എയർലൈൻ കമ്പനികളുമായി ചർച്ച നടത്തുന്നത്.

ബെംഗളൂരുവിൽനിന്നുള്ള ഐടി കമ്പനി മേധാവികൾക്ക് രാവിലെ വന്നു വൈകിട്ടു മടങ്ങത്തക്കവിധമുള്ള വിമാന സൗകര്യം. ഐടി കമ്പനികൾ ഉന്നയിക്കുന്ന പ്രധാന ആവശ്യവുമാണിത്.കമ്പനികളുടെയും സീനിയർ ഐടി പ്രഫഷനലുകളുടെയും സാന്നിധ്യം ഉണ്ടായി വരുന്നതോടെ ഐടിക്കു വളരേണ്ട ഇക്കോ സിസ്റ്റത്തിനു പ്രാരംഭമാകും.

പാർപ്പിടങ്ങൾ, ഹോട്ടൽ, ആശുപത്രി, സ്കൂൾ, ക്ലബ്, സ്പോർട്സ് തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങൾ കോഴിക്കോടിനുണ്ട്. തിരുവനന്തപുരവും കൊച്ചിയും പോലെ ഐടി വ്യവസായ വളർച്ചയ്ക്ക് കോഴിക്കോടിനും കാര്യമായ സാധ്യത ഉണ്ടെന്നാണു വിലയിരുത്തൽ.