‌‌‌‌‌‌‌‌‌‌‌‌‌‌‌‌ദുരിതങ്ങൾ താണ്ടാൻ അജിതയ്ക്കു സുമനസുകളുടെ സഹായം വേണം

അജിത

കോട്ടയം∙ ‌‌‌‌‌‌‌‌‌‌‌‌‌‌‌‌ദുരിതങ്ങൾ അജിതയെ വേട്ടയാടാൻ തുടങ്ങിയിട്ടു 27 വർഷമായി. കൃത്യമായി പറഞ്ഞാൽ അജിത ജനിച്ച അന്നുമുതൽ. ശരീരത്തിന്റെ ഒരുവശത്തുതന്നെ രണ്ടു കിഡ്നികളും വരുന്ന അപൂർവ രോഗവുമായാണു (ഹോഴ്സ് ഷോ കിഡ്നി) അജിത ജനിച്ചത്. അജിതയുമായി മാതാപിതാക്കൾ പോകാത്ത ആശുപത്രികളില്ല. ചികിൽസകളുമായി കാലം കടന്നുപോകുന്നതിനിടയ്ക്കാണു മൂവാറ്റുപുഴ സ്വദേശിയായ സന്തോഷ് ശശി അജിതയ്ക്ക് ജീവിതം നൽകാൻ തയാറായത്. 

അജിതയുടെ രോഗങ്ങൾ അറി‍ഞ്ഞുതന്നെയാണു സന്തോഷ് വിവാഹം കഴിച്ചത്. തുടർന്നുള്ള അജിതയുടെ ചികിൽസകളെല്ലാം നടത്തിയതു സന്തോഷാണ്. കൂലിപ്പണിക്കു പോയികിട്ടുന്ന പണം മുഴുവനും ചികിൽസയ്ക്കായാണു ചെലവാക്കിയിരുന്നത്. ഇതിനിടെ അജിതയുടെ രണ്ടു കിഡ്നികളും പൂർണമായി തകരാറിലായി.

ഇക്കഴിഞ്ഞ ജനുവരിയിൽ അജിതയുടെ കിഡ്നികളിലൊന്നു മാറ്റിവച്ചു. അജിതയുടെ അമ്മയുടെ കിഡ്നിയാണു മാറ്റിവച്ചത്. എന്നാൽ ഈ ശസ്ത്രക്രിയ വിജയിച്ചില്ല. രക്തക്കുഴലിൽ വന്ന ബ്ലോക്കിനെതുടർന്നു കിഡ്നി പ്രവർത്തനരഹിതമായി, പഴുക്കാൻ തുടങ്ങി. കൂടുതൽ ഇൻഫക്‍ഷൻ ആകുന്നതിനു മുൻപായി അടുത്ത ശസ്ത്രക്രിയ നടത്തണമെന്നാണു ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

ഒരാഴ്ചയിൽ മൂന്നു ഡയാലിസിസുകളും നാല് ഇൻജക‍്ഷനുകളുമാണ് അജിതയ്ക്കു വേണ്ടത്. മാസം 20000 രൂപയാണു ചികിൽസയ്ക്കാവശ്യം. ഓണംതുരുത്ത് വാസ്കോ കവലയിലാണു സന്തോഷും അജിതയും താമസിക്കുന്നത്. അജിതയുടെ അച്ഛനും അമ്മയും ഇവർക്കൊപ്പമുണ്ട്. അഞ്ച് സെന്റിലുള്ള വീട് ബാങ്കിൽ പണയത്തിലാണ്. മഴക്കാലവും കൂടി ആരംഭിച്ചതോടെ സന്തോഷിനു ജോലികളും കുറഞ്ഞു. സുമനസുകളുടെ സഹായമില്ലാതെ മുന്നോട്ടുപോകാനുള്ള അവസ്ഥയിലാണ് ഈ നിർധനകുടംബം.‌‌

ബന്ധപ്പെടേണ്ട വിലാസം:

കെ.പി. അജിത
എസ്ഐബി തിരുനക്കര ശാഖ
അക്കൗണ്ട് നമ്പർ: 0037053000023069
ഐഎഫ്എസ്‍സി: എസ്ഐബിഎൽ 0000037
ഫോൺ: 9747297679.