ഉറങ്ങുമ്പോൾ പോലും കണ്ണടയ്ക്കാനാകില്ല, ശരീരം നിറയെ വേദനയും; സഹായം തേടി പെൺകുട്ടി

കോട്ടയം∙ ഉറങ്ങുമ്പോൾ പോലും ആൻഡ്രിയയുടെ കണ്ണുകൾ തുറന്നിരിക്കും. കൃഷ്ണമണി ചലിച്ചുകൊണ്ടേയിരിക്കും. യാത്ര ചെയ്യുമ്പോഴും ഉറങ്ങുമ്പോഴും അമ്മ തുണികൊണ്ട് മറച്ചുവയ്ക്കും ഈ കണ്ണുകളെ. മുഖം ഒരു വശത്തേയ്ക്കു കോടിത്തുടങ്ങിയിരിക്കുന്നു. ജനിച്ചപ്പോഴേ കേൾവിയില്ല. ചെവിയുടെ സ്ഥാനത്തുള്ളതാകട്ടെ ഒരു ദ്വാരം മാത്രം. കേൾവി ശക്തി ഇനി നേടിയെടുക്കാനുമാകില്ല. മുഖത്തെ ഞരമ്പുകൾക്കും തളർച്ചയാണ്. ജനിച്ചപ്പോൾ മുതൽക്കേ ശരീരത്തിലെ എല്ലുകൾക്കും ഞരമ്പുകൾക്കുമുള്ള പ്രശ്നം. ആന്‍ഡ്രിയയെന്ന പതിനാലുകാരിയുടെ അവസ്ഥയാണിത്. ഇതിന്റെ വേദനയിൽ നിന്നും അസ്വസ്ഥതകളിൽ നിന്നുമൊന്നും ആൻഡ്രിയയ്ക്ക് പൂർണമുക്തി നേടാനാകില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിക്കഴിഞ്ഞു. ശസ്ത്രക്രിയകളിലൂടെ കുറേ പരിഹരിക്കാം. ലക്ഷങ്ങൾ ചെലവാകുന്ന ആ ശസ്ത്രക്രിയയ്ക്കുള്ള പണം തേടുകയാണ് ഈ കുട്ടി. 

നോർത്ത് പറവൂർ കുറ്റിപ്പുഴ പുതുശേരി വീട്ടിൽ സൈമണിന്റേയും ജിജി സൈമണിന്റേയും മകൾ ആൻഡ്രിയ ജനിച്ചതു വലതു ചെവിയില്ലാതെയാണ്. ചെവിയുടെ സ്ഥാനത്ത് ഒരു ദ്വാരം മാത്രമാണുള്ളത്. ഇതിനു സമീപത്തായി വേറൊരു ദ്വാരവുമുണ്ട്. ഇത് നിത്യേന പഴുക്കും. അതിന്റെ വേദന വേറെ. തുടയിൽ നിന്ന് എല്ല് എടുത്ത് വച്ചു പിടിപ്പിച്ച് ചെവിയുടെ സ്ഥാനത്തെ ദ്വാരവും പഴുപ്പു മൂടിയ രണ്ടാം ദ്വാരവും അടയ്ക്കേണ്ട ശസ്ത്രക്രിയയാണ് അടിയന്തിരമായി നടത്തേണ്ടത്. പത്ത് മണിക്കൂറോളം നീളുന്ന ശസ്ത്രക്രിയയ്ക്കു നാലര ലക്ഷത്തോളം രൂപയാണ് ആൻഡ്രിയയ്ക്കു വേണ്ടത്. പെയിന്റിങ് തൊഴിലാളിയായ സൈമണിന്റെ വരുമാനത്തിൽ മുക്കാൽ പങ്കും ആശുപത്രികളിലേക്കു കൊടുക്കാനേ തികയുന്നുള്ളൂ. ഈ തുക സൈമണിന് താങ്ങാവുന്നതിലും അപ്പുറമാണ്. ഒമ്പതു ശസ്ത്രക്രിയകൾ ആന്‍ഡ്രിയയ്ക്കു നടത്താനാണ് ഡോക്ടർമാർ പറയുന്നത്. ഇതിൽ നാലാം ശസ്ത്രക്രിയയ്ക്കുള്ള പണമാണ് ഇപ്പോൾ‌ േതടുന്നത്. അഞ്ച് ശസ്ത്രക്രിയകൾ ബാക്കിയാണ്. 

മുഖത്തെ ഞരമ്പുകൾക്കു തളർച്ച ബാധിച്ചതിനാൽ ഉറങ്ങുമ്പോൾ ആൻഡ്രിയയുടെ കണ്ണ് തുറന്നിരിക്കും. കണ്ണിൽനിന്ന് എപ്പോഴും വെള്ളം വന്നുകൊണ്ടിരിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ പഠനത്തിനും സൂക്ഷ്മമായി ചെയ്യേണ്ട ഏതുകാര്യത്തിനും ആൻഡ്രിയ ആയാസപ്പെടുകയാണ്. താടിയെല്ല് സ്ഥാനംതെറ്റി ചെരിഞ്ഞുവളർന്നുകൊണ്ടിരിക്കുന്ന അവസ്ഥയിലുമാണ്. ഇതിനാൽ മുഖം ഒരു വശത്തേക്ക് കോടിത്തുടങ്ങിയിരിക്കുന്നു. മുഖം കോടുന്നതിനും വലതു കയ്യിലെ എല്ലു വളരുന്നതിനും കേൾവി ശക്തിയ്ക്കും ചികിത്സയൊന്നും ചെയ്യാനാകില്ല. 

പത്തു വർഷമായി അമൃത ഹോസ്പിറ്റലിൽ ചികിത്സയിലാണ് ആൻഡ്രിയ. രോഗപീഢയുടെ കാഠിന്യത്തിനു മുൻപിൽ ആൻഡ്രിയയുടെ കുടുംബം പകച്ചുനിൽക്കുകയാണ്. ചെലവേറിയ ശസ്ത്രക്രിയകളും മരുന്നുകളുമാണ് കുട്ടിയെ സാധാരണ ജീവിതത്തിലേക്കു കൈപിടിച്ചുനടത്താനുള്ള പോംവഴി. എന്നാൽ കൂലിപ്പണിക്കാരനായ പിതാവ് സൈമണിന്റെ തുച്ഛമായ വരുമാനത്തെ മാത്രം ആശ്രയിച്ചുകഴിയുന്ന, ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ഈ കുടുബത്തിന് ആശുപത്രി ചെലവുകൾ താങ്ങാവുന്നതിലും അപ്പുറമാണ്. ‌ അച്ഛൻ സൈമണിന് നടുവിന് പ്രശ്നമുള്ളതിനാൽ ദൂരയാത്രയൊന്നും കഴിയാറില്ല. ആൻഡ്രിയയുടെ അമ്മയും അമ്മയുടെ ചേച്ചിയുമാണ് ആശുപത്രികളില്‍ ഇപ്പോൾ കയറിയിറങ്ങുന്നത്. മകളുടെ വൈകല്യത്തിൽ ചിലതൊന്നും ഒരിക്കലും പരിഹാക്കാനാകില്ലെന്ന് ഈ അമ്മയ്ക്കറിയാം. എങ്കിലും പെൺകുട്ടിയല്ലേ...നമുക്ക് കഴിയാവുന്നതൊക്കെ ചെയ്യാം...അങ്ങനയേ കരുതുന്നുള്ളൂ...അമ്മ ജിജി സൈമൺ പറയുന്നു‌.    

അക്കൗണ്ട് വിവരങ്ങൾ :  

ജിജി സൈമൺ

ഫെഡറൽ ബാങ്ക്

പറവൂർ ബ്രാഞ്ച്

അക്കൗണ്ട് നമ്പർ: 11250100205721

ഐഎഫ്എസ് കോഡ്: FDRL0001125

ഫോൺ: 9605089529