വൃക്കരോഗം സമ്പാദ്യം മുഴുവൻ കവർന്നു; പ്രഹ്ലാദന് ജീവിക്കണം

പ്രഹ്ലാദൻ

കൊല്ലം ∙ ഡയാലിസിസിന്റെ വേദനയെക്കാൾ പ്രഹ്ലാദനെ നോവിക്കുന്നത് തനിക്കു മരുന്നിനും ഭക്ഷണത്തിനുമായി പഠനത്തിന്റെ ഇടവേളകളിൽ ജോലിക്കു പോകുന്ന മകന്റെ മുഖമാണ്. കൊല്ലം തഴവ പുതുവീട്ടിൽ ശ്രീഗിരിയിലെ എസ്. പ്രഹ്ളാദനെ വീഴ്ത്തിയത് വൃക്കരോഗമാണ്.

രണ്ടു വൃക്കകളും പ്രവർത്തനരഹിതമായി ഗുരുതരാവസ്ഥയിലായ പ്രഹ്ലാദന് ആഴ്ചയിൽ മൂന്നു ഡയാലിസിസ് വീതം വേണം. ആറായിരം രൂപയോളമാണ് ഇതിനു ചെലവ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പ്രഹ്ലാദനെ സഹായിക്കുന്നത് അടുത്ത സുഹൃത്തുക്കളും ചില സുമനസ്സുകളുമാണ്. പക്ഷേ ഇപ്പോൾ അവർക്കും താങ്ങാനാവാത്ത നിലയിലാണ് ചികിൽസ.

ആധാരമെഴുത്തായിരുന്നു പ്രഹ്ലാദന്റെ ജോലി. അഞ്ചു വർഷം മുൻപാണ് പ്രഹ്ളാദന് രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. വിശദമായ പരിശോധനയിലാണ് ഇരു വൃക്കകളും തകരാറിലായത് അറിയുന്നത്. അന്നു മുതൽ തുടങ്ങിയ ചികിത്സ ജീവിതത്തിലെ സമ്പാദ്യം മുഴുവൻ കവർന്നു. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് പോംവഴിയെങ്കിലും നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പ് ആയതും അതിനു വേണ്ട ഭീമമായ തുകയും പ്രതിബന്ധമായി.

ഇപ്പോൾ അത്യാവശ്യം ചെയ്യേണ്ട ‍‍ഡയാലിസിസിനും മരുന്നുകൾക്കും പോലുമുള്ള മാർഗം കണ്ടെത്താൻ പ്രഹ്ളാദനു കഴിയുന്നില്ല.

ബന്ധുക്കളും സുഹൃത്തുകളുമൊക്കെ നൽകിയ സഹായത്തിലും കാരുണ്യ പദ്ധതി പ്രകാരവുമായിരുന്നു ഇതുവരെ ചികിത്സ. പക്ഷേ ഇപ്പോൾ അതും തികയാതെ വന്നിരിക്കുന്നു. വലിയ തുകയാണ് ഓരോ ആശുപത്രിയാത്രയിലും ചെലവ് വരുന്നത്. ഓരോ ഡയാലിസിസ് കഴിയുമ്പോഴും അസുഖത്തിന് ചെറിയ ശമനം വരുന്നെങ്കിലും അടുത്തത് ചെയ്യാൻ എന്താണ് വഴിയെന്നാണ് പ്രഹ്ലാദന്റെയും കുടുംബത്തിന്റെയും ആധി.

നല്ല മനസ്സുള്ളവർ സഹായിച്ചാലേ ഇനി പ്രഹ്ലാദനു പ്രതീക്ഷയുള്ളൂ. താൽപര്യമുള്ള സുമനസ്സുകൾക്ക് സഹായിക്കാം

വിലാസം

എസ്. പ്രഹ്ളാദൻ

പുതുവീട്ടിൽ ശ്രീഗിരി

എസ്ആർപി മാർക്കറ്റ് പിഒ

തഴവ

കൊല്ലം 690539

ഫോൺ: 9656529631

ബാങ്ക് അക്കൗണ്ട് വിവരം

ഇന്ത്യൻ ബാങ്ക് കരുനാഗപ്പള്ളി.

അക്കൗണ്ട് നമ്പർ–6157932113 

ഐഎഫ്എസ്‌സി കോഡ്– IDIB000K024