അശ്വതിയുടേയും അർജുന്റേയും വീടെന്ന സ്വപ്നത്തിന് നിറം പകരാം

പടിഞ്ഞാറത്തറ ∙ വിവേകോദയം ഗവ. എൽപി സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിനി അശ്വതിയുടെയും അനിയൻ ഒന്നാംക്ലാസുകാരൻ അർജുന്റെയും ചോർന്നൊലിക്കാത്ത വീടെന്ന സ്വപ്നത്തിന് നിറം പകരുകയാണ് സ്കൂളിലെ നല്ലപാഠം വിദ്യാർഥികളും പിടിഎ കമ്മിറ്റിയും.

പഠനത്തിൽ മിടുക്കരായ ഇരുവരും ജീവിത സാഹചര്യങ്ങളോട് പടപൊരുതിയാണ് ജീവിതം തള്ളിനീക്കുന്നത്. പിതാവ് ഭിന്നശേഷിക്കാരനായ സ്റ്റീഫനോടൊപ്പം ഇരുവരും ഇപ്പോൾ അന്തിയുറങ്ങുന്നത് പതിനാറാംമൈലിലെ കല്ലുമൊട്ടംകൊന്ന് നാലുസെന്റ് സ്ഥലത്തെ ഇടിഞ്ഞു വീഴാറായ നിലയിലാണ്. ഒന്നു നിവർന്ന് നിൽക്കാൻ പോലും ഇടമില്ലാത്ത വിധത്തിലുള്ള കൂരയിൽ ഒരു അടുക്കളയും അതിനോട് ചേർന്ന് പലക നിരത്തിയ ഒരു കൊച്ചു കിടപ്പുമുറിയുമാണുള്ളത്. ചാറ്റൽ മഴ പെയ്താൽ പോലും കുടിലിനുള്ളിലേക്ക് വെള്ളം ഒലിച്ചിറങ്ങും.

ഇവരുടെ ദുരവസ്ഥ കണ്ട് നാട്ടുകാർ താൽക്കാലികമായി മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടി നൽകിയിരുന്നു. സ്റ്റീഫന്റെ തുഛമായ വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ടുപോകുന്നത്. പഠനത്തിൽ ക്ലാസിൽ മുന്നിൽ നിൽക്കുന്ന അശ്വതി ഹോംവർക്ക് ചെയ്യാതെ വന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ വെയിലു വരാത്തത് കൊണ്ടാണ് ഹോംവർക്ക് ചെയ്യാത്തത് എന്നായിരുന്നു അധ്യാപകരോട് മറുപടി പറഞ്ഞത്. ഹോംവർക്കിന് വെയിൽ എന്തിനാണെന്ന് അന്വേഷിച്ചപ്പോഴാണ് തലേന്ന് പെയ്ത മഴയിൽ പുസ്തകങ്ങൾ നനഞ്ഞുപോയെന്നും ഉണക്കാൻ വെയിൽ ലഭിച്ചില്ലെന്നും അറിഞ്ഞത്. ഇതോടെയാണ് കുട്ടികളുടെ ദുരവസ്ഥ അധ്യാപകർ അറിയുന്നത്.

നേരത്തെ വീട് വയ്ക്കാൻ സഹായം ലഭിച്ചിരുന്നെങ്കിലും തറ നിർമാണത്തോടെ പ്രവൃത്തി മുടങ്ങി. ഇതു നേരിട്ടറിഞ്ഞ പിടിഎ കമ്മിറ്റിയും നല്ലപാഠം വിദ്യാർഥികളും പൊതുജനങ്ങളുടെ സഹകരണത്തോടെ ഇവർക്ക് വീടൊരുക്കാൻ പദ്ധതി തയാറാക്കുകയായിരുന്നു. പ്രധാനാധ്യാപകൻ എം.പി. ചെറിയാൻ, നല്ലപാഠം കോ-ഒാർഡിനേറ്റർ ഇ.എ. മൊയ്തു എന്നിവർ നേതൃത്വം നൽകുന്ന പദ്ധതി പൂർത്തിയാകണമെങ്കിൽ സാമ്പത്തിക സഹായം ആവശ്യമാണ്. സഹപാഠികൾക്ക് വീടും പഠനോപകരണങ്ങളും ഒരുക്കാൻ മുഴുവൻ വിദ്യാർഥികളും ഒറ്റക്കെട്ടായി രംഗത്തുണ്ട്. വീടു നിർമാണത്തിനുള്ള തുക കണ്ടെത്താനായി നാട്ടുകാരെ ഉൾപ്പെടുത്തി ജനകീയ കമ്മിറ്റി രൂപീകരിച്ച് ജില്ലാ സഹകരണ ബാങ്കിന്റെ പടിഞ്ഞാറത്തറ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 130 161 201 020 083. ഐഎഫ്സി കോഡ്: എഫ്ഡിആർഎൽഒ ഡബ്ള്യുയുഡിസിബി 01.