ഇരുവൃക്കകളും തകരാറിലായ ബാബു സഹായം തേടുന്നു

കൊല്ലം ∙ കൊല്ലം നഗരത്തിലെ സാംസ്കാരിക സദസുകളിൽ സ്ഥിരം സാന്നിധ്യമായിരുന്ന എംഎ, എംഫിൽ, പിഎച്ച്ഡി ബിരുദധാരി ബാബു കൂട്ടുങ്ങൽ എന്ന അൻപതുകാരൻ ജീവൻ നിലനിർത്താൻ സുമനസുകളുടെ സഹായം തേടുന്നു. ഇരുവൃക്കകളും തകരാറിലായ ബാബുവിനു വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ശുപാർശ ചെയ്തിരിക്കുകയാണ് ഡോക്ടർമാർ. ജീവിക്കാൻ സ്ഥിരമായ ഒരു ജോലി പോലുമില്ലാത്ത ബാബുവിന് വൃക്ക മാറ്റിവയ്ക്കാൻ വേണ്ടിവരുന്ന ചിലവിനെക്കുറിച്ച് ആലോചിക്കാൻ പോലും ത്രാണിയില്ല.

ഭാര്യയും മകനുമുണ്ട് ബാബു കൂട്ടുങ്ങലിന്. പാലക്കാട് സ്വകാര്യ സ്കൂളിൽ അധ്യാപകനായിരുന്ന ബാബു രോഗം മൂർച്ഛിച്ചതിനെതുടർന്നു സ്വദേശമായ കൊല്ലത്തേക്കു മടങ്ങുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ നിന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു വിട്ട ബാബു ഡയാലിസിസ് നടത്തിയാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്. ഇതിനാവശ്യമായ തുക കണ്ടെത്താൻ പോലും ബാബുവിന്റെ കുടുംബത്തിനു കഴിയുന്നില്ല. രാമൻകുളങ്ങര ചോഴത്തിൽ ക്ഷേത്രത്തിനു സമീപം സഹോദരൻ തുളസിയുടെ സംരക്ഷണയിലാണ് ബാബു ഇപ്പോൾ.

മലയാളത്തിൽ എംഎ യും താരതമ്യ സാഹിത്യത്തിൽ എംഫില്ലും നേടിയ ബാബു ഒട്ടനവധി പരീക്ഷകളെഴുതിയെങ്കിലും സർക്കാർ ജോലി സ്വപ്നമായി തുടർന്നു. കൊല്ലം നഗരത്തിലെ സാഹിത്യ– സാംസ്കാരിക– നാടക സദസുകളിൽ ബാബു കൂട്ടുങ്ങൽ നിത്യ സാന്നിധ്യമായിരുന്നു. സാഹിത്യ രചനയിലും സംഭാവനകൾ നൽകിയിട്ടുണ്ട്. സഹോദരൻ തുളസിയുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഇന്ത്യ രാമൻകുളങ്ങര ശാഖയിൽ 30794647755 (ഐഎഫ്എസ് കോഡ്ഃ 0001829) നമ്പറായി അക്കൗണ്ട് തുറന്നിട്ടുണ്ട്.