ഒരു ബസ് സർവീസ്.. ഒരു ജീവനു വേണ്ടി

അരയൻകാവ് ∙ ഇരുവൃക്കകളും തകരാറിലായ അജിത്തിന്റെ ചികിൽസയ്ക്കായി ബസ് സർവീസ് നടത്തി മാതൃകയായിരിക്കുകയാണ് ഒരു പറ്റം കൂട്ടുകാർ. അരയന്‍കാവ് കീച്ചേരി പൊയ്യാറ്റിത്താഴത്ത് മണ്ണാറവേലില്‍പരേതനായ ദാമോദരന്റേയും അമ്മിണിയുടേയും മകന്‍അജിത് എം.ഡിയാണ് (28) ചികിൽസിക്കാൻ മാർഗമില്ലാതെ ജീവിതത്തോടു മല്ലടിക്കുന്നത്.

അജിതിനായി സുഹൃത്തുക്കള്‍ചേര്‍ന്ന് നിര്‍വ്വഹിച്ച ചികില്‍സാ സഹായ പദ്ധതിയുടെ ഭാഗമായി അരയന്‍കാവില്‍നിന്ന് എറണാകുളംവരെ ബസ് സര്‍വ്വീസ് നടത്തി. അല്‍ഫരീദിയ ബസാണ് സര്‍വ്വീസ് നടത്തിയത്. മന്ത്രി അനൂപ് ജേക്കബ് ചടങ്ങ് ഉത്ഘാടനം ചെയ്തു. ഈ പദ്ധതിയില്‍നിന്ന് പിരിഞ്ഞു കിട്ടിയ പണം അജിതിന് വേണ്ടി വിനിയോഗിക്കാന്‍തീരുമാനിച്ചിരിക്കുകയാണ് സുഹൃത്തുക്കൾ.

എറണാകുളം മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയില്‍അജിത് ചികിൽസയിലായിട്ട് നാളുകളായി. വൃക്ക മാറ്റിവയ്ക്കുകയല്ലാതെ അജിതിനെ രക്ഷിക്കാന്‍മറ്റു മാര്‍ഗങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍വിധിയെഴുതിക്കഴിഞ്ഞു. ആഴ്ചയില്‍രണ്ട് ഡയാലിസ് വീതം ചെയ്യുന്ന അജിതിന്റെ ആരോഗ്യ സ്ഥിതിയും മോശമായിക്കൊണ്ടിരിക്കുകയാണ്. ചികിൽസാ ചിലവിനായി 20 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍പറയുന്നത്. നിര്‍ധനനും നിരാശ്രയനുമായ അജിതിന് മറ്റുള്ളവരുടെ കാരുണ്യം മാത്രമാണ് ഏക ആശ്രയം.

ഇനിയും സുമനസുകളുടെ സഹായം കൂടിയുണ്ടെങ്കിലേ ചികിൽസ മുന്നോട്ടു പോകൂ. യൂണിയൻ ബാങ്ക് നീർപ്പാറ ശാഖയിലാണ് അജിത്തിനായി അക്കൗണ്ട് തുറന്നിരിക്കുന്നത്. അക്കൗണ്ട് നമ്പർ 343302010021304.