ഭക്ഷണം കഴിക്കുമ്പോൾ ഓർക്കുക, ഈ മകളെയും !

ചട്ടഞ്ചാൽ∙ നാമെല്ലാവരും ഭക്ഷണം കഴിക്കുമ്പോൾ ദീക്ഷിതയെ ഓർക്കണം. കാരണം, നമ്മെ പോലെ ഭക്ഷണം കഴിക്കാൻ അവൾക്കാവില്ല. അതു കണ്ടു നിൽക്കാൻ ദീക്ഷിതയുടെ മാതാപിതാക്കൾക്കും കഴിയുന്നില്ല. സ്വന്തം മകൾ ഭക്ഷണം കഴിക്കാതെ, ഏതച്ഛനും അമ്മയ്ക്കുമാണ് ഭക്ഷണമിറങ്ങുക? ഇതു ചട്ടഞ്ചാലിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന മേൽപറമ്പ് പള്ളിപ്പുറത്തെ കെ.സുബ്രഹ്മണ്യൻ– റീത്ത ദമ്പതികളുടെ മകൾ പതിനാലുകാരി ദീക്ഷിതയ്ക്ക് അന്നനാളത്തിൽ ബ്ലോക്ക് ബാധിച്ചു വർഷങ്ങൾ കഴിഞ്ഞു. ഇതു പരിഹരിക്കാനുള്ള ശസ്ത്രക്രിയയ്ക്കു നിർദേശിച്ചിട്ടും! – ചികിൽസയ്ക്കും ശസ്ത്രക്രിയയ്ക്കും പണം കണ്ടെത്താൻ കഴിയാതെ ഈ കുടുംബം കണ്ണീരൊഴുക്കാൻ തുടങ്ങിയിട്ട് കാലമേറെയായി.

രണ്ടുലക്ഷത്തോളം രൂപ ചെലവുണ്ട് ദീക്ഷിതയുടെ ശസ്ത്രക്രിയയ്ക്ക്. പെയിന്റിങ് തൊഴിലാളിയായ സുബ്രഹ്മണ്യൻ, കുടുംബസ്വത്തു വിറ്റാണ് മകളെ ഇക്കാലമത്രയും ചികിൽസിച്ചത്. ജനിച്ച ഒരു വർഷം കഴിഞ്ഞപ്പോഴാണു അസുഖം കണ്ടുതുടങ്ങിയത്. എല്ലാക്കുട്ടികളെയും പോലെ ഈ മകൾക്കു വളർച്ചയില്ല. കാസർകോട്ടെയും മംഗളൂരുവിലെയും ആശുപത്രികളിൽ ഒട്ടേറെ ചികിൽസ നടത്തി. കൊച്ചി അമൃത ആശുപത്രിയിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്. അന്നനാളത്തിൽ രണ്ടു ബ്ലോക്കുകൾ ഉണ്ട്. ഒന്നു നീക്കം 2006ൽ ശസ്ത്രക്രിയ നടത്തി നീക്കം ചെയ്തു.

10 വയസിനു ശേഷം നടത്താൻ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയയാണ് പണമില്ലാത്തതു മൂലം നീണ്ടു പോയത്. ഭക്ഷണം കഴിക്കാൻ കഴിയാത്തതു മൂലം, നന്നായി വേവിച്ച കഞ്ഞി അരച്ചു ജ്യൂസ് രൂപത്തിലാക്കിയാണ് ഇപ്പോൾ നൽകുന്നത്. ആദ്യമൊക്ക ബെണ്ടിച്ചാൽ ഗവ.യുപി സ്കൂളിൽ സ്കൂളിൽ പോയിരുന്നുവെങ്കിലും ശരീരം ക്ഷീണിക്കുന്നതിനാലും തുടരെ ഛർദിയായതിനാലും പിന്നീട്, പോയില്ല. മരുന്നിനു തന്നെ നല്ല ചെലവുണ്ട്. കുട്ടിയുടെ ചികിൽസക്കായി നാട്ടുകാരും കൈക്കോർക്കാൻ ഒരുങ്ങുകയാണ്.

കെ.സുബ്രഹ്മണ്യന്റെ പേരിൽ യൂണിയൻ ബാങ്കിന്റെ പൊയിനാച്ചി ശാഖയിൽ തുടങ്ങിയ അക്കൗണ്ട് നമ്പർ– 626602010013357. ഐഎഫ് സി കോഡ്–UBIN0562661.

ഫോൺ: 9497544623.

വിലാസം– കെ.സുബ്രഹ്മണ്യൻ. ടി.ഡി.ക്വാർട്ടേഴ്സ് തൈര റോഡ് പുത്തരിയടുക്കം, തെക്കിൽ പിഒ, ചെങ്കള വഴി, കാസർകോട്–671541.