ഇൗ അമ്മയ്ക്ക് ഇനിയും ജീവിക്കണം; സഹായിക്കില്ലേ..?

കോട്ടയം ∙ രണ്ടു പെൺകുഞ്ഞുങ്ങളോടും ഭർത്താവിനുമൊപ്പം സമാധാനം നിറഞ്ഞ ജീവിതം മാത്രമായിരുന്നു മിനിയുടെ സ്വപ്നം. എന്നാൽ കാൻസറിന്റെ രൂപത്തിലെത്തിയ വിധി ആ സ്വപ്നങ്ങളെയെല്ലാം തട്ടിത്തെറിപ്പിച്ചു. എങ്കിലും ദുരിത തീരത്തു നിന്നു രക്ഷിക്കാൻ കരുണയുള്ളവർ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയാണ് ഇൗ വീട്ടമ്മയെ മുന്നോട്ടു ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.

പത്തു മാസം മുൻപാണു പാലാ രാമപുരം, പിഴക് കുന്നേൽ വീട്ടിൽ മിനി (38)യെ അർബുദം ആക്രമിച്ചത്. ഇതോടെ ഉള്ളതെല്ലാം വിറ്റു പെറുക്കി ചികിൽസ തുടങ്ങി. കൂലിപ്പണിക്കാരനായ ഭർത്താവ് ബെന്നി പലയിടത്തു നിന്നായി കടം വാങ്ങിയും ഉയർന്ന പലിശയ്ക്കു വായ്പയെടുത്തുമാണ് ഇതു വരെ ചികിൽസ നടത്തിയത്. എന്നാൽ ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന കാര്യത്തിൽ ഇവർക്കു യാതൊരു നിശ്ചയവുമില്ല.മുൻപ് ഒരു കടയിൽ സഹായിയായി മിനി പോയിരുന്നു. രോഗം ബാധിച്ചതോടെ അതിനു പോകാൻ കഴിയാതെയായി.

ഇവരുടെ രണ്ടു പെൺകുഞ്ഞുങ്ങളും സ്കൂൾ വിദ്യാർഥിനികളാണ്. ദുരിതം ഇനിയും തുടർന്നാൽ ഇവരുടെ പഠനം അടക്കമുള്ള കാര്യങ്ങളും നിലച്ചു പോകും. സൻമനസുള്ളവരുടെ കാരുണ്യം മാത്രമാണ് ഇനി ഇൗ കുടുംബത്തിന്റെ ആകെ പ്രതീക്ഷ. ചികിൽസാ ധന ശേഖരണത്തിനായി എസ്ബിടി പിഴക് ശാഖയിൽ മിനി ബെന്നി എന്ന പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 67223043251 ഐഎഫ്എസ്‌സി എസ്ബിടിആർ 0000976. ഫോൺ: 95392 69031