റഹീം ചികിൽസക്കായി കാരുണ്യം തേടുന്നു

കൽപറ്റ ∙ രണ്ട് വൃക്കകൾക്കും രോഗം ബാധിച്ച മേപ്പാടി റിപ്പൺ വാളത്തൂർ ചേനോത്ത് റഹീം (27) ചികിൽസക്കായി ഉദാരമതികളുടെ സഹായം തേടുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന റഹീമായിരുന്നു വൃദ്ധ മാതാപിതാക്കളും ഭാര്യയും ഒരു കുഞ്ഞും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയം. കൂലിവേല ചെയ്തായിരുന്നു റഹീം കുടുംബം പുലർത്തിയിരുന്നത്. പ്രദേശത്തെ സാമൂഹ്യ കാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന സുഹൃത്തിന്റെ ജീവൻ രക്ഷിക്കാനായി പ്രദേശവാസികൾ സഹായ കമ്മിറ്റി രൂപീകരിച്ച് രംഗത്തിറങ്ങിയിരിക്കുകയാണ്.

തോട്ടം മേഖലയിലെ പ്രദേശത്തുകാർ വിചാരിച്ചാൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും തുടർ ചികിൽസയും നടത്താൻ സാധ്യമല്ലാത്തതിനാൽ സുമനസുകളുടെ കനിവും കാത്തു കഴിയുകയാണ് ഈ കുടുംബം. പി.പി. മുഹമ്മദ് ഹാജി ചെയർമാനായും വി. അബ്ദുല്ലക്കുട്ടി കൺവീനറായും ചികിൽസാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുകയാണ്. സാമ്പത്തിക സഹായം സ്വീകരിക്കാനായി സെൻട്രൻ ബാങ്ക് ഓഫ് ഇന്ത്യയുടെ മേപ്പാടി ശാഖയിൽ 3495380723- ാം നമ്പറായി (IFSC Code: CBINo280971) അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഫോൺ: 9847050296.