ദുരിതക്കയത്തിലായ ഇൗ കുടുംബത്തെ സഹായിക്കില്ലേ..?

കോട്ടയം ∙ ഒന്നിനു പുറകെ മറ്റൊന്നായി ദുരിതം വേട്ടയാടുകയാണ് തൊടുപുഴ ആലക്കോട് വെള്ളിയാമറ്റം കണിയാങ്കുഴിയിൽ വീടിനെ. 2008ൽ മൂന്നു നില കെട്ടിടത്തിനു മുകളിൽ നിന്നു വീണു നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ് ഗൃഹനാഥൻ സിജോ കിടപ്പിലായതോടെയാണു ദുരിതങ്ങളുടെ വേലിയേറ്റം ഈ കുടുംബത്തിലേക്ക് ഇരച്ചു കയറിയത്. സിജോയുടെ ഭാര്യയും രോഗിയായതിനാൽ ജോലിക്കു പോകാൻ പറ്റുന്നില്ല. ഏഴു വർഷമായി സിജോ തളർന്നു കിടക്കുന്നതിനാൽ നിത്യചെലവുകൾക്കു പോലും കുടുംബം ബുദ്ധിമുട്ടുകയാണ്.

കുഞ്ഞുങ്ങൾക്കു കൃത്യമായി ഭക്ഷണം നൽകാൻ പോലും കഴിയുന്നില്ല ഇവർക്ക്. രണ്ടു കുട്ടികളുടെയും പഠനവും ഇതോടെ വഴിമുട്ടിയ അവസ്ഥയിലായതോടെ എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ് സിജോയും ഭാര്യ റാണിയും. കുട്ടികൾക്ക് ഉൾപ്പെടെ മാസം 5000 രൂപയുടെ മരുന്നുകൾ വേണം. വീട്ടു ചെലവു പോലും മുന്നോട്ടു കൊണ്ടു പോകാൻ കഴിയാത്ത അവസ്ഥയിൽ ചികിൽസയ്ക്ക് ആവശ്യമായ പണം കണ്ടെത്താനും ഇവർക്കാവുന്നില്ല. ആയുർവേദ ചികിൽസയാണ് നിലവിൽ സിജോയ്ക്കു ചെയ്യുന്നത്. വർഷങ്ങൾ നീണ്ട ചികിൽസയിലൂടെ പഴയ ആരോഗ്യം തിരിച്ചു കൊണ്ടു വരാമെന്ന് ഡോക്ടർമാർ ഉറപ്പു പറയുന്നു.

പക്ഷേ, അതിനു വേണ്ടി വരുന്ന ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്ന് ഇവർക്കറിയില്ല. നൻമയുള്ള മനസുകൾ സഹായിക്കുമെന്ന ഒറ്റ പ്രതീക്ഷയിലാണു സിജോയും ഭാര്യയും കുഞ്ഞുങ്ങളും ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്. ചികിൽസാ ധന ശേഖരണത്തിനായി യൂണിയൻ ബാങ്ക് കലയന്താനി ശാഖയിൽ റാണി സിജോയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ:40390201 0011775

ഐഎഫ്എസ് കോഡ് യുബിഐഎൻ 0540391

ഫോൺ: 89439 31298