ദുരിതപ്പെരുമഴ താങ്ങാൻ കഴിയാതെ സുരേഷും കുടുംബവും

കോട്ടയം ∙ കൂലിപ്പണിയായിരുന്നെങ്കിലും സുരേഷ് കുടുംബത്തിനു കഴിയാനുള്ളതു സമ്പാദിക്കുമായിരുന്നു. പക്ഷേ, വൃക്കരോഗം ജീവിതത്തിനു മേൽ കരിനിഴൽ വീഴ്ത്തിയതോടെ കുടുംബം പട്ടിണിയിലായി. രണ്ടു പെൺകുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഇനിയുള്ള പ്രതീക്ഷ സുമനസുകൾ സഹായം മാത്രം. പനച്ചിക്കാട്, കുഴിമറ്റം പുതുവൽച്ചിറ വീട്ടിൽ സുരേഷിന് 2007ലാണ് വൃക്കരോഗം പിടിപെട്ടത്. ആകെയുള്ള സമ്പാദ്യമെല്ലാം വിറ്റ് ഇതുവരെ ചികിൽസ നടത്തി.

മൂത്ത മകളുടെ വിവാഹത്തിനു വേണ്ടി വീടും പണയം വച്ചതോടെ ഇപ്പോൾ സുരേഷിന്റെ കയ്യിൽ ഒന്നുമില്ലാതെയായി. ദുരിതത്തിനു മേൽ ദുരിതമായി ബാങ്കിൽ നിന്നു ജപ്തി നോട്ടിസും വന്നിരിക്കുകയാണ്. സുരേഷിനു ചികിൽസയ്ക്കു മാത്രം രണ്ടു ലക്ഷത്തോളം രൂപ വേണ്ടി വരും. ഭാര്യ സിന്ധു വിവിധ കടകളിൽ ക്ലീനിങ് ജോലിക്കു പോയാണ് ഇപ്പോൾ കുടുംബം പുലരുന്നത്. ഇളയ മകൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. പത്താം ക്ലാസിൽ മികച്ച വിജയം നേടിയ മകളുടെ പഠനം പോലും അവതാളത്തിലാണ്.

ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന കാര്യത്തിൽ സുരേഷിനും കുടുംബത്തിനും ഒരു നിശ്ചയവുമില്ല. കരുണയുള്ളവരുടെ സഹായം മാത്രമാണ് ഇനി ഇവരുടെ പ്രതീക്ഷ. ചികിൽസാ ധനശേഖരണത്തിനായി മകൾ സുര്യമോളുടെയും ഭാര്യ സിന്ധു സുരേഷിന്റെയും പേരിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കഞ്ഞിക്കുഴി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ: 03150 530000 10648.

ഐഎഫ്എസ്‌സി എസ്ഐബിഎൽ 0000315.

ഫോൺ: 97473 80923