ഉമയ്ക്കും മക്കൾക്കും ജീവിതം തിരിച്ചു പിടക്കണം, വേണ്ടത് 20 ലക്ഷം

കാഞ്ഞങ്ങാട്∙ ഉമയുടെയും സുരേശന്റെയും ജീവിതത്തിൽ ഇനിയുള്ള ചുരുങ്ങിയ ദിവസങ്ങൾക്ക് മുമ്പെന്നത്തെക്കാളും വിലയുണ്ട്. കാരണം, പ്രണയിച്ചു വിവാഹിതരായ അവർ ഒരുമിച്ചുള്ള ജീവിതത്തിന്റെ ആയുസ്സ് നിർണയിക്കപ്പെടുന്ന ദിവസങ്ങളാണിത്. ആറ് ദിവസത്തിനുള്ളിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നില്ലെങ്കിൽ സുരേശൻ മാത്രമല്ല, അമ്മ സ്നേഹത്തിന്റെ ചൂടറിയും മുൻപെ രണ്ടു കുരുന്നുകൾ കൂടി ഒറ്റപ്പെടും. അതിനു വേണ്ടതോ, 20 ലക്ഷം രൂപ !

കാസർകോട് പറക്കളായി കാലിച്ചാംപാറ പട്ടികവർഗ കോളനിയിലെ കെ.ഉമ(29)യാണ് കാരുണ്യത്തിന്റെ സ്നേഹക്കൈ കാത്ത് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ കഴിയുന്നത്. പിതൃസഹോദരന്റെ മകൾ കരൾ നൽകാൻ സമ്മതം അറിയിച്ചെങ്കിലും ശസ്ത്രക്രിയയ്ക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് ഇവർക്കറിയില്ല.

കൂലിപ്പണി ചെയ്ത് സുരേശൻ കൊണ്ടു വരുന്ന ചെറിയ തുകയായിരുന്നു ഇവരുടെ രണ്ടുമുറി വീടിന്റെ സന്തോഷം. ഒരു വർഷം മുൻപാണ് ദുരിതരോഗങ്ങളുടെ പരമ്പര ഉമയെ തളർത്തിയത്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിൽസ തേടവേ, മഞ്ഞപ്പിത്തവും ബാധിച്ചു. പിന്നാലെ, കരൾ പ്രവർത്തന രഹിതമായി. നാട്ടുകാരുടെയും മറ്റും സഹായം കൊണ്ട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മൂന്നു ലക്ഷത്തോളം രൂപ ചെലവിട്ടു ചികിൽസിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്നു അമൃതയിൽ പ്രവേശിപ്പിച്ചു. തുകയുടെ പകുതിയെങ്കിലും നൽകിയാലെ, ശസ്ത്രക്രിയ നടക്കു. കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും മറ്റുമായി 20 ലക്ഷം രൂപ ചെലവു വരുമെന്ന് ഡോ. ഇസ്മായിൽ സെയ്ദ് പറയുന്നു. ഡയാലിസിസും മരുന്നുമൊക്കെയായി നിത്യേനയുള്ള ചെലവിനു തന്നെ കഷ്ടപ്പെടുകയാണ് കുടുംബം. മകൾ സുകന്യ പറക്കളായി ഗവ.യുപി സ്കൂളിൽ നാലാംക്ലാസിലും മകൻ വിഷ്ണു അങ്കണവാടിയിലുമാണ്.

പി.ഗംഗാധരൻ, ജോസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. നാട്ടുകാർ കൂട്ടിനുള്ളതു മാത്രമാണ് ആശ്വാസം. പക്ഷേ, അവരെത്ര കൂട്ടിയാലും ഇത്രയും വലിയ തുക കൂടില്ലെന്ന് സങ്കടകണ്ണുമായി ഇവരുടെ മാതാപിതാക്കൾ പറയുന്നു. നന്മ വറ്റാത്ത സ്നേഹമനസ്സുകളിലാണ് ഇപ്പോൾ ഇവരുടെ പ്രതീക്ഷ. നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് കാലിച്ചാനടുക്കം ശാഖയിൽ ഉമയുടെ അമ്മ സുമതിയുടെ പേരിലുള്ള അക്കൗണ്ട് നമ്പർ– 40432100008483. ഐഎഫ്എസ്‌സി-KLGB0040432.

ഫോൺ: 8086852811, 9744773135

വിലാസം– കെ.ഉമ

വൈഫ് ഓഫ് യു.സുരേശൻ

കാലിച്ചാംപാറ ഹൗസ്.

പറക്കളായി പി.ഒ.

ആനന്ദാശ്രമം വഴി

പിൻ– 671531