അർബുദത്തിനു മുന്നിൽ നിസ്സഹായരായി ദമ്പതികൾ

സ്നേഹത്തിൽ ഒന്നിച്ചവരെ രോഗത്തിലും ഒന്നിപ്പിച്ച് വിധിയുടെ അപൂർവവിനോദം. ഒന്നിനു പുറകെ ഒന്നായി പല തരം കാൻസറുകൾ ദമ്പതികളുടെ ജീവനെ വിഴുങ്ങാൻ മൽസരിക്കുകയാണ്. ചങ്ങനാശേരി പൂവം സുജിത്ത് ഭവനിൽ വാസുദേവനും(56) ഭാര്യ സുഭദ്ര(51) യുമാണ് തങ്ങളെ വേർപിരിക്കാൻ അർബുദത്തിന്റെ രൂപത്തിൽ എത്തിയ മരണത്തിനു മുന്നിൽ നിസ്സഹായരായി നിൽക്കുന്നത്. നാലു വർഷം മുൻപ് സ്തനാർബുദത്തിന്റെ രൂപത്തിലാണ് സുഭദ്രയെ വിധി ആദ്യമായി വേട്ടയാടുന്നത്. കൂലിപ്പണിക്കാരനായ വാസുദേവൻ തന്റെ സർവ സമ്പാദ്യവും ഉപയോഗിച്ച് സുഭദ്രയെ ചികിൽസിച്ചു.

എന്നാൽ ഒരു വർഷം മുൻപ് തലച്ചോറിൽ ട്യൂമർ ബാധിച്ച് വാസുദേവൻ കിടരോഗിയായപ്പോൾ ജീവിതം വീണ്ടും അവരെ കളിയാക്കി. പ്രതീക്ഷകളിന്മേലുള്ള ഇരുമ്പ് ചങ്ങലയെന്നോണം ഏതാനും മാസം മുമ്പ് സുഭദ്രയ്ക്കു രക്താർബുദം കൂടി സ്ഥിരീകരിച്ചു. സ്വന്തമെന്നു പറയാൻ ഇവർക്കു ഷീറ്റു കൊണ്ടു മറച്ച ഒരു ചെറിയ വീട് മാത്രമേ ഉള്ളൂ. മഴ പെയ്താൽ ചോർന്നൊലിക്കുന്ന ഈ കൂരയ്ക്കുള്ളിൽ നൊമ്പരങ്ങളുടെ കുടക്കീഴിൽ കഴിയുകയാണ് ഈ ജീവിതങ്ങൾ.

മാതാപിതാക്കളെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ മുംബൈയിൽ തനിക്കുണ്ടായിരുന്ന ചെറിയ ജോലി വേണ്ടന്നു വച്ച് വന്ന മകൻ സുജിത്താണ് ഇവരുടെ ഏക ആശ്രയം. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഏറെ നാളായി ഇരുവരും ചികിൽസയിലാണ്. കാരുണ്യ ചികിൽസ പദ്ധതിയുടെ സഹായം ലഭിച്ചിരുന്നെങ്കിലും രണ്ടുപേർക്കുമുള്ള ചികിൽസാ ചിലവ് കാരുണ്യയുടെ അനുവദനീയ പരിധിക്കുമപ്പുറമായിരുന്നതിനാൽ ഇപ്പോൾ വില കൂടിയ മരുന്നുകളെല്ലാം പുറത്തുനിന്നു വാങ്ങേണ്ട സ്ഥിതിയാണ്.

മരുന്നിനു വന്ന ഭീമമായ തുകയ്ക്കു വേണ്ടി കടം വാങ്ങിയത് ആകെയുള്ള കുടിൽ പോലും നഷ്ടപ്പെടുമെന്നുള്ള അവസ്ഥയിലെത്തിച്ചു. നിർധനരായ ഈ വൃദ്ധ ദമ്പതികൾക്കു മുന്നോട്ടുള്ള ജീവിതം ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. പരസ്പരം താങ്ങാകുവാനുള്ള ഇവരുടെ സ്വപ്നങ്ങൾ കാൻസറിന്റെ ഇരുളറകൾക്കുള്ളിൽ തളയ്ക്കപ്പെട്ടിരിക്കുന്നു. കണ്ണീരിന്റെയും വേദനകളുടെയും കയങ്ങളിൽ നിന്ന് ഇവർക്ക് മോചനം സാധ്യമാകണമെങ്കിൽ സുമനസുകളുടെ കനിവ് കൂടിയേ തീരൂ.

ഫെഡറൽ ബാങ്കിന്റെ കിടങ്ങറ ശാഖയിൽ വാസുദേവന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. IFSC code: FDRL0001239, അക്കൗണ്ട് നമ്പർ: 12390100175281