രണ്ടാം ടെസ്റ്റ് ശനിയാഴ്ച; ഇഷാന്ത് തിരിച്ചെത്തും

ബെംഗളൂരു ∙ ഒരു ടെസ്റ്റ് സസ്പെൻഷനുശേഷം ടീമിലേക്കു തിരികെയെത്തുന്ന പേസ് ബോളർ ഇഷാന്ത് ശർമയ്ക്കു ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ അവസാന ഇലവനിൽ സ്ഥാനം ലഭിച്ചേക്കും. ശനിയാഴ്ച ആരംഭിക്കുന്ന ടെസ്റ്റിൽ ഉമേഷ് യാദവിനു പകരമാവും ഇഷാന്ത് ടീമിലെത്തുന്നത്. എന്നാൽ ദക്ഷിണാഫ്രിക്കൻ താരം ഡെയ്ൽ സ്റ്റെയ്ൻ ടെസ്റ്റിനു മുൻപ് പൂർണ കായിക ക്ഷമത നേടുന്ന കാര്യം സംശയത്തിലാണ്.

മികച്ച ഫോമിലുള്ള ഇഷാന്തിന് അവസാന ഇലവനിൽ സ്ഥാനം ഉറപ്പായിരുന്നു. എന്നാൽ ആരാവും വഴിമാറുക എന്ന കാര്യത്തിൽ മാത്രമാണ് സംശയം ബാക്കി നിൽക്കുന്നത്. എന്നാൽ‌ ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ പരിശീലനത്തോടെ വരുൺ ആരോൺ ടീമിലുണ്ടാകുമെന്നുറപ്പായി. മികച്ച പേസ് കണ്ടെത്തിയ ആരോൺ കൂടുതൽ സമയം പരിശീലനത്തിനു ചെലവഴിക്കുകയും ചെയ്തു. ഇഷാന്തും ആരോണും ബോൾ ചെയ്യുമ്പോൾ ഉമേഷ് യാദവ് ഫീൽഡിങ് പരിശീലനത്തിലായിരുന്നു.

ക്യാപ്റ്റൻ വിരാട് കോഹ്‌ലി, ചേതേശ്വർ പൂജാര, മുരളി വിജയ് ഉൾപ്പെടെ എല്ലാ മുൻനിര ബാറ്റ്സ്മാൻമാർക്കെതിരെയും ഇഷാന്ത് ബോൾ ചെയ്തു. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് ഒന്നരമാസത്തോളം വിട്ടുനിന്നെങ്കിലും ബോളിങ് ഫോമിനെ ബാധിച്ചിട്ടില്ലെന്ന് ഇഷാന്ത് ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തിലൂടെ വ്യക്തമാക്കിയിരുന്നു. വിദർഭയ്ക്കെതിരായ രഞ്ജി ട്രോഫിയിൽ ഒൻപതു വിക്കറ്റ് നേടിയ ഇഷാന്ത് ഹരിയാനയ്ക്കെതിരെ രണ്ടു വിക്കറ്റ് നേടിയപ്പോൾ പേശിവലിവുമൂലം പിൻമാറി. പരുക്ക് ചതിച്ചില്ലായിരുന്നെങ്കിൽ അവസാന രണ്ട് ഏകദിനങ്ങളിൽ ഇഷാന്തിന് സ്ഥാനം ലഭിച്ചേനെ.

അതേസമയം ദക്ഷിണാഫ്രിക്കൻ പേസ് ബോളർ ഡെയ്ൽ സ്റ്റെയ്ൻ കായികക്ഷമതാ പരീക്ഷയ്ക്കു വിധേയനാകേണ്ടിവരും. ആദ്യ ടെസ്റ്റിനിടെയാണ് സ്റ്റെയ്ന് പരുക്കേറ്റത്. ഡിവില്ലിയേഴ്സ് കളിക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ ക്യാപ്റ്റൻ ഡിവില്ലിയേഴ്സ് ഉറപ്പു പറയാൻ തയാറായില്ല. ഇടതു കാൽമുട്ടിനു പരുക്കേറ്റ ഫിലാൻഡർക്ക് ആറാഴ്ചത്തേക്കു കളിക്കാനാവില്ലെന്നു പരിശോധനയിൽ കണ്ടെത്തിയതു ദക്ഷിണാഫ്രിക്കൻ ടീമിനു വൻ തിരിച്ചടിയായി.