Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

8 ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ ആൻജിയോപ്ലാസ്റ്റി സൗകര്യമില്ല; കൊള്ള കാണാതെ സർക്കാർ

heart-stent

ആൻജിയോപ്ലാസ്റ്റിക് സൗകര്യം പൊതുമേഖലയിൽ ചുരുക്കം സ്ഥാപനങ്ങളി‍ൽ മാത്രം. രോഗികളെ സ്വകാര്യലോബികളുടെ കൊള്ളയടിക്കു വിട്ടുകൊടുക്കുന്നതു സർക്കാർ തലത്തിലെ ഈ അനാസ്ഥയാണ്.

എട്ടു ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ ആൻജിയോപ്ലാസ്റ്റിക്കു സൗകര്യമില്ല! കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പാവപ്പെട്ടവർ ഒന്നുകിൽ മറ്റു ജില്ലകളിൽ പോയി കാത്തുകെട്ടിക്കിടക്കണം, അല്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കണം. 

സ്വകാര്യമേഖലയിൽ ഏറ്റവും കൂടുതൽ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രികളുള്ള എറണാകുളം ജില്ലയിലെ ഏക സർക്കാർ മെഡിക്കൽ കോളജിൽ ഹൃദ്രോഗ ചികിൽസാ വിഭാഗമില്ല! ആകെയുള്ളതു കരാർ അടിസ്ഥാനത്തിൽ ഒപിയിൽ ഒരു ഡോക്ടറുടെ സേവനം. 

എറണാകുളം ജില്ലയിലെ മാത്രമല്ല, ഇടുക്കിയിലെയും (അടിമാലി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ) ആലപ്പുഴ മേഖലയിലെയും (ചേർത്തലയ്ക്കും അരൂരിനും ഇടയിൽ) രോഗികൾ എറണാകുളം ജനറൽ ആശുപത്രിയെ ആൻജിയോ പ്ലാസ്റ്റിക്കായി ആശ്രയിക്കുന്നുണ്ട്.

എത്ര അടിയന്തര ആവശ്യവുമായി വന്നാലും ജൂൺ വരെ പുതിയ ബുക്കിങ് എടുക്കാൻ കഴിയാത്തത്ര തിരക്കാണിവിടെ. ദിവസം കുറഞ്ഞത് 10 ആൻജിയോപ്ലാസ്റ്റി വീതം ചെയ്യേണ്ടിവരുന്നു. 

മലബാർ മേഖലയിൽ കോഴിക്കോട് മെഡിക്കൽ കോളജിലും പാലക്കാട് ജില്ലാ ആശുപത്രിയിലും മാത്രമാണ് ആൻജിയോ പ്ലാസ്റ്റി സൗകര്യം. സംസ്ഥാനത്ത് ഏറ്റവും അധികം പേർക്ക് ആൻജിയോ പ്ലാസ്റ്റി ചികിൽസ നടത്തുന്ന സർക്കാർ ആശുപത്രിയാണു കോട്ടയം മെഡിക്കൽ കോളജ്.

∙ നിരക്ക് 

∙ കോട്ടയം മെഡിക്കൽ കോളജ്  

സ്റ്റെന്റ് വില: 29,600 

ആശുപത്രി വികസന ഫണ്ട്: 4,000 

മൊത്തം: 33,600 രൂപ 

(പഴയ നിരക്ക് മൊത്തം 60,000 രൂപ വരെ) 

∙ ആലപ്പുഴ 

സ്റ്റെന്റ് വില: 29,600 

ആശുപത്രി വികസന ഫണ്ട്: 10,000

മൊത്തം: 39,600 രൂപ 

(പഴയനിരക്ക് 65,000 രൂപ വരെ)

(ഒരു സ്റ്റെന്റ് ഉപയോഗിച്ച് ആൻജിയോപ്ലാസ്റ്റി ചെയ്യുമ്പോഴുള്ള നിരക്കാണിത്. കൂടുതൽ ഉപയോഗിച്ചാൽ നിരക്കു കൂടും)  

സർക്കാരിന്റെ കാരുണ്യ പദ്ധതി, ആർഎസ്ബിവൈ പദ്ധതി എന്നിവ വഴി പൂർണമായും സൗജന്യമായി ആൻജിയോപ്ലാസ്റ്റി ചെയ്യാനും അവസരമുണ്ട്. 

∙ ഗുണമേന്മയുള്ള സ്റ്റെന്റുകൾ എത്തിക്കണം

വിലനിയന്ത്രണത്തിന്റെ പേരിൽ നൂതന ഇനം സ്റ്റെന്റുകൾ നിഷേധിക്കപ്പെടരുത്. നിലവിൽ ലഭ്യമായ സ്റ്റെന്റുകൾ ഉപയോഗിച്ച് അൽപം റിസ്കുള്ള ബ്ലോക്കുകൾ ചികിൽസിക്കാൻ ഡോക്ടർമാരും തയാറല്ല. മുൻപ് അരമണിക്കൂർ കൊണ്ട് ചെയ്തു തീരുന്ന ആൻജിയോപ്ലാസ്റ്റികൾക്ക് ഇപ്പോൾ സമയദൈർഘ്യവും നടപടിക്രമങ്ങളും ഏറിയതായി ഹൃദ്രോഗ വിദഗ്ധർ പറയുന്നു.

ഇന്ത്യയിൽ സ്റ്റെന്റ് നിർമാണം പ്രോൽസാഹിപ്പിക്കുകയാണു മറ്റൊരു മാർഗം. ഇപ്പോൾ ചില ഇന്ത്യൻ കമ്പനികൾ സ്റ്റെന്റ് നിർമിക്കുന്നുണ്ടെങ്കിലും ഇതിനുള്ള ഭാഗങ്ങൾ എത്തിക്കുന്നതു വിദേശത്തുനിന്നാണ്. സ്റ്റെന്റ് മാത്രമല്ല ഇന്ത്യയിൽ ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങളിൽ 75 ശതമാനവും ഇറക്കുമതി ചെയ്തവയാണെന്നതാണു വസ്തുത.

∙ സ്റ്റെന്റ് ഹൈ റിസ്ക് വിഭാഗത്തിൽ

അവശ്യ മരുന്നുവില നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിനെ ചുമതലപ്പെടുത്തുന്ന നിയമം ഇന്ത്യയിലുണ്ട്. എന്നാൽ, മെഡിക്കൽ ഉപകരണങ്ങളുടെ കാര്യത്തിൽ അതില്ല. അമിതവില സംബന്ധിച്ചു വ്യാപക പരാതി ഉയർന്നപ്പോൾ, സ്റ്റെന്റിനെ ജീവൻരക്ഷാ മരുന്നുപട്ടികയിൽ ഉൾപ്പെടുത്തി വിജ്ഞാപനമിറക്കിയശേഷമാണു സർക്കാരിനു വില നിയന്ത്രണം കൊണ്ടുവരാനായത്.

നിലവിൽ 350 മരുന്നുകൾ ഉള്ള പട്ടികയിലേക്ക് സ്റ്റെന്റ് ഉൾപ്പെടെ 22 ജീവൻരക്ഷാ മരുന്നുകളെ (ഉപകരണങ്ങളെ) പുതിയതായി ഉൾപ്പെടുത്തുകയായിരുന്നു.

സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) ഇന്ത്യയിൽ വൈദ്യശാസ്ത്ര രംഗത്തുപയോഗിക്കുന്ന ഉപകരണങ്ങളെ അവയുടെ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ നാലായി തരം തിരിച്ചു കരടു പട്ടിക പുറത്തിറക്കിയിട്ടുണ്ട്.

ലോ റിസ്ക്, ലോ-മോ‍ഡറേറ്റ് റിസ്ക്, മോഡറേറ്റ്-ഹൈ റിസ്ക്, ഹൈ റിസ്ക് എന്നിങ്ങനെയാണിത്. ഹൈ റിസ്കിൽ പെടുന്ന ഉപകരണമാണ് സ്റ്റെന്റ്. 

2016 ഒക്ടോബറിൽ സിഡിഎസ്‌സിഒയുടെ വൈദ്യോപകരണ ഉപദേശകസമിതി തയാറാക്കിയ കരടു പട്ടിക പക്ഷേ, ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. ഇത് അംഗീകരിച്ചു കേന്ദ്രസർക്കാർ നിയമനിർമാണം നടത്തിയാൽ ഹൈ റിസ്കിൽ പെടുന്ന എല്ലാ ഉപകരണങ്ങളെയും ജീവൻരക്ഷാ ഉപകരണങ്ങളായിക്കണ്ടു വിലനിയന്ത്രണം കൊണ്ടുവരാൻ കഴിയും. 

∙ കൃത്യവില രേഖപ്പെടുത്തണം

ഹൃദയശസ്ത്രക്രിയാ ഇംപ്ലാന്റുകൾ അടക്കം ശരീരത്തിൽ ഘടിപ്പിക്കാനുള്ള ഉപകരണങ്ങളെല്ലാം പരമാവധി വിൽപനവില രേഖപ്പെടുത്തിയേ വിപണിയിൽ എത്തിക്കാവൂവെന്നു ദേശീയ ഒൗഷധ വില നിർണയ അതോറിറ്റി ഉത്തരവുണ്ട്. ഹൃദയവാൽവ്, ഓർത്തോ ഇംപ്ലാന്റുകൾ തുടങ്ങി 22 ഇനങ്ങൾ ഇനി ഇങ്ങനെയേ വിൽപന നടത്താൻ കഴിയൂ. 

ഹൃദയശസ്ത്രക്രിയ മുതൽ അസ്ഥിരോഗചികിൽസവരെ ഏറ്റവുമധികം ചെലവുണ്ടാകുന്നതു ശരീരത്തിനുള്ളിൽ ഘടിപ്പിക്കേണ്ട കൃത്രിമ വാൽവ്, സ്റ്റെന്റ്, ഇംപ്ലാന്റുകൾ എന്നിവയ്ക്കാണ്. വിതരണക്കാരിൽ നിന്നു വാങ്ങുന്ന ഇടനിലക്കാരാണു ചില സർക്കാർ ആശുപത്രികളിൽ പോലും രോഗികൾക്ക് ഇവ എത്തിക്കുന്നത്.

എംആർപി രേഖപ്പെടുത്താത്ത പായ്ക്കറ്റുകളാണിവ. കമ്പനികളിടുന്ന വില എത്രയെന്ന് അറിയാൻ വഴിയില്ലാത്തതിനാൽ യഥാർഥ വിലയുടെ പല മടങ്ങു ചെലവഴിച്ചാണ് രോഗികൾ ഇവ വാങ്ങേണ്ടിവരുന്നത്. ഇതിനു പുറമേ, സിറിഞ്ച്, സൂചി മുതൽ രക്തം ശേഖരിക്കാനുള്ള ബാഗുകൾ അടക്കം ഓരോന്നിലും പരമാവധി വിൽപന വില രേഖപ്പെടുത്തണം. 

ഉത്തരവു പാലിക്കാത്ത കമ്പനികളെ കണ്ടെത്തിയാൽ കർശന നടപടിയെടുക്കാൻ സംസ്ഥാന ഡ്രഗ് കൺട്രോളർമാർക്കു നിർദേശമുണ്ട്. അതേസമയം, മരുന്നു കമ്പനികളുടെ കൂടി ഒത്താശയോടെ ഇടനിലക്കാർ വർഷങ്ങളായി നടത്തുന്ന ചൂഷണത്തിന് അറുതി വരുത്താൻ ഈ നടപടികൾക്കാകുമോ എന്നറിയാൻ കുറച്ചുകൂടി കാത്തിരിക്കണം.

∙ ‘ആധുനിക സ്റ്റെന്റ് ലഭ്യത ഉറപ്പാക്കണം’

വില നിയന്ത്രണം ആധുനിക സ്‌റ്റെന്റുകളുടെ ഇറക്കുമതിയെ ബാധിക്കുമെന്ന് ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജി. വിലനിയന്ത്രണം പ്രധാന ചുവടുവയ്പു തന്നെയാണ്. എന്നാൽ, സ്റ്റെന്റുകളുടെ ഗുണമേന്മ ആര് ഉറപ്പു വരുത്തും എന്ന പ്രശ്നമുണ്ട്. 

എല്ലാ ആശുപത്രികളിലും മിതമായ നിരക്കിൽ ഹൃദ്രോഗ ചികിത്സയും സ്റ്റെന്റും സർക്കാർ ലഭ്യമാക്കണം. സ്വകാര്യ ആശുപത്രികൾക്കു കൂടി ഉതകുന്ന തരത്തിൽ ചികിൽസാ നിരക്കു ക്രമീകരിക്കണം. കാരുണ്യ പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രിയിൽ കൂടി ഹൃദ്രോഗ ചികിൽസ നടത്താനുള്ള സാഹചര്യം ഉണ്ടാക്കണം.   

കാത്ത് ലാബിൽ ഒട്ടേറെ സമയം ചെലവിടുന്ന ഹൃദ്രോഗവിദഗ്ധരും മറ്റു ജീവനക്കാരും റേഡിയേഷൻ മൂലമുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇവർക്കു സംരക്ഷണവും പ്രത്യേക അലവൻസും ലഭ്യമാക്കണമെന്നും ദേശീയ പ്രസിഡന്റ് ഡോ. പി.കെ.അശോകൻ, വൈസ് പ്രസിഡന്റ് ഡോ. കെ.കെ.ബാലകൃഷ്ണൻ എന്നിവർ പറഞ്ഞു. 

∙ പരാതി കൊടുക്കാം

വിലനിയന്ത്രണ പട്ടികയിലുള്ള മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും അമിതവില ഈടാക്കിയാൽ എൻപിപിഎക്കു രേഖാമൂലം പരാതി നൽകാം. ഇതിനായി www.nppaindia.nic.in എന്ന വെബ്സൈറ്റിൽൽ ഓൺലൈൻ കംപ്ലെയ്ന്റ് സബ്മിഷൻ ആൻഡ് റിഡ്രസൽ സിസ്റ്റംസിൽ (സിഎസ്ആർഎസ്) വിവരങ്ങൾ നൽകാം. 

ഹെൽപ്‌ലൈൻ നമ്പർ: 1800 1112551 

പരമ്പര അവസാനിച്ചു

Your Rating: