തമിഴ്നാട്ടിലെ അണ്ണാ ഡിഎംകെ പ്രശ്നങ്ങളിൽ പങ്കില്ലെന്നു ബിജെപി; പക്ഷേ നോട്ടമുണ്ട് വോട്ടിൽ

ശശികല, എടപ്പാടി പളനിസാമി, പനീർസെൽവം, വെങ്കയ്യ നായിഡു, മുരളീധർ റാവു

അണ്ണാ ഡിഎംകെയിലെ ആഭ്യന്തരപ്രശ്നങ്ങളിൽ പങ്കില്ലെന്നു ബിജെപി കേന്ദ്രനേതൃത്വം ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽനിന്നു പരമാവധി എംഎൽഎമാരുടെ പിന്തുണ ഉറപ്പു വരുത്താൻ ബിജെപിക്കു താൽപര്യമുണ്ട്. ഇക്കാര്യത്തിൽ ഓരോ സംസ്ഥാനത്തും ഏറ്റവും ചെറിയ കക്ഷികളെപ്പോലും തങ്ങളോടൊപ്പം നിർത്താൻ കഴിയുമോ എന്ന ശ്രമത്തിലാണ് ഇപ്പോൾ ബിജെപി. 

അണ്ണാ ഡിഎംകെയുടെ അസ്ഥിരതയിൽ കേന്ദ്രസർക്കാരിനോ ബിജെപിക്കോ ഒരു പങ്കുമില്ലെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട്ടിൽ സുസ്ഥിര ഭരണമാണു ബിജെപി ആഗ്രഹിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ട് ചെയ്തതു ജയലളിതയ്ക്കാണ്. നിർഭാഗ്യവശാൽ അവർ ഇന്നില്ല. അണ്ണാ ഡിഎംകെ അവരുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചു മുന്നോട്ടുപോകുകയാണു വേണ്ടതെന്നും നായിഡു പറയുന്നു. 

അണ്ണാ ഡിഎംകെയിലെ പനീർസെൽവം പക്ഷത്തോടൊപ്പമായിരുന്നു ബിജെപി എന്നതു സുവ്യക്തമായിരുന്നു. എന്നാൽ, ശശികല കരുത്താർജിക്കുകയും 123 എംഎൽഎമാർ അവർക്കൊപ്പം നിൽക്കാൻ തയാറാകുകയും ചെയ്തതോടെ ബിജെപിയുടെ കണക്കുകൂട്ടൽ തെറ്റി. എന്നാൽ, ഇപ്പോൾ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ പക്ഷവും പനീർസെൽവം പക്ഷവും ഒരുമിച്ചു നിൽക്കുന്നതു ബിജെപി സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. പനീർസെൽവത്തോടൊപ്പം 12 എംഎൽഎമാരാണുള്ളത്. ഇരുവർക്കും കൂടി 135 പേർ. 

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 135 എംഎൽഎമാർ വലിയൊരു വിഭാഗമാണ്. തമിഴ്നാട്ടിൽ ഒരു എംഎൽഎയുടെ മൂല്യം 176 ആണ്. അങ്ങനെ നോക്കുമ്പോൾ 23,760 വോട്ടുകളാണ് അണ്ണാ ഡിഎംകെയ്ക്കുള്ളത്. ഈ വോട്ടുകളിൽ ചോർച്ചയുണ്ടാകാതെ നോക്കാനാണു ബിജെപി ശ്രമിക്കുന്നത്. 

അതേസമയം, തമിഴ്നാട്ടിൽ എത്രത്തോളം വേരുറപ്പിക്കാൻ കഴിയുമെന്ന പരിശ്രമവും ബിജെപി നടത്തുന്നുണ്ട്. ദ്രാവിഡ കക്ഷികൾ മാത്രം ആധിപത്യം പുലർത്തിയിരുന്ന നില മാറിവരുന്നതു ബിജെപിക്കു പ്രതീക്ഷ നൽകുന്ന കാര്യമാണ്.

തമിഴ്നാടിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി മുരളീധർ റാവു പറയുന്നത് മറ്റു കക്ഷികളിൽനിന്നു പല നേതാക്കളും ബിജെപിയിലേക്കു വരാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട് എന്നാണ്. നിലവിൽ തികച്ചും അസ്ഥിരമായ ഒരു ഭരണസംവിധാനമാണു നിലനിൽക്കുന്നതെന്നു റാവു പറയുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ അസ്വസ്ഥമാണ്. 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തീരെ പിന്നാക്കാവസ്ഥയിൽ നിന്നാണു ബിജെപി ക്രമേണ ഉയർന്നു വന്നത്. ഈ തന്ത്രം തമിഴ്നാട്ടിലും പരീക്ഷിക്കാൻ തയാറെടുക്കുകയാണു ബിജെപി.

വടക്കുകിഴക്കൻ മേഖലയിൽ ഇന്ന് അസമിലും മണിപ്പുരിലും അരുണാചൽപ്രദേശിലും ബിജെപിയാണു ഭരിക്കുന്നത്. നാഗാലാൻഡിൽ എൻപിഎഫുമായും സിക്കിമിൽ എസ്ഡിഎഫുമായും ചേർന്നു ഭരണം പങ്കിടുകയും ചെയ്യുന്നു. മേഘാലയയിലും മിസോറമിലും ത്രിപുരയിലും പാർട്ടി വളരുന്നുമുണ്ട്. 

അടുത്ത ഘട്ടമായി തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു പാർട്ടി പ്രസിഡന്റ് അമിത് ഷായുടെ തീരുമാനം. ആ നിലയ്ക്കു നോക്കുമ്പോൾ ദ്രാവിഡ കക്ഷികളിൽ ഉണ്ടാവുന്ന ഏതു തിരിച്ചടിയും ബിജെപി സ്വാഗതം ചെയ്യുകയാണ്– രാഷ്ട്രീയമായും സംഘടനാപരമായും.