Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവർത്തിക്കപ്പെടുന്ന റെയിൽ അപകടങ്ങൾ

എറണാകുളം ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ‍ നിർത്തിയിട്ടിരുന്ന ഹൗറ - എറണാകുളം അന്ത്യോദയ ട്രെയിൻ പുറകോട്ട് ഉരുണ്ടു സിഗ്നൽ സംവിധാനം തകരാറിലായതിനെ തുടർന്നു തിങ്കളാഴ്ച പകൽ കേരളത്തിലെ ട്രെയിൻ ഗതാഗതം താറുമാറായി.

ആയിരക്കണക്കിന് യാത്രക്കാരാണു സമയത്തു ലക്ഷ്യസ്ഥാനങ്ങളിലെത്താൻ കഴിയാതെ വലഞ്ഞത്. ട്രെയിൻ ഗതാഗതം സാധാരണ നിലയിലാകാൻ മണിക്കൂറുകൾ വേണ്ടി വന്നു. റെയിൽവേ എന്ന യാത്രാമാർഗത്തോടുണ്ടാകുന്ന ജനത്തിന്റെ അവിശ്വാസം തന്നെയാകും ഇത്തരത്തിൽ തുടർച്ചയായ അപകടങ്ങളുടെ ഫലം.

അന്ത്യോദയ ട്രെയിനിന്റെ കോച്ചുകൾ നാലാം പ്ലാറ്റ്ഫോമിൽ നിന്നു പിന്നിലേക്കു നീങ്ങുമ്പോൾ ആറാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് എറണാകുളം – നിലമ്പൂർ പാസഞ്ചർ പുറപ്പെട്ടിരുന്നു. അന്ത്യോദയ നീങ്ങിക്കൊണ്ടിരുന്ന പാളം മുറിച്ചാണു നിലമ്പൂർ ട്രെയിൻ പ്രധാന പാതയിൽ പ്രവേശിക്കേണ്ടിയിരുന്നത്.

നിർത്തിയിട്ടിരുന്ന ട്രെയിൻ എൻജിനില്ലാതെ പിന്നോട്ടു നീങ്ങുന്നതു ശ്രദ്ധയിൽപ്പെട്ട പാസഞ്ചറിന്റെ ലോക്കോപൈലറ്റിന്റെയും ട്രാഫിക് ജീവനക്കാരുടെയും ഇടപെടൽ വലിയ അപകടം ഒഴിവാക്കി. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരാണെന്നു കണ്ട മൂന്നു ജീവനക്കാരെ റെയിൽവേ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഷണ്ടിങ്ങിന് എൻജിൻ ഘടിപ്പിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്നും കണ്ടെത്തി.   

ഇതേ സ്ഥലത്ത് ആറു മാസം മുൻപ് എൻജിൻ പാളം തെറ്റിയിരുന്നു. ചരിവുള്ള സ്ഥലമായതിനാൽ ഏറെ ശ്രദ്ധ വേണമെന്ന് അറിയാമായിരുന്നിട്ടും വേണ്ട ജാഗ്രത കാണിച്ചില്ലെന്നു പുതിയ സംഭവം തെളിയിക്കുന്നു. 2016ലെ കറുകുറ്റി, ശാസ്താംകോട്ട ട്രെയിനപകടങ്ങൾക്കു ശേഷം പഴയ പാളം മാറ്റി സ്ഥാപിക്കുന്ന ജോലികൾ കേരളത്തിൽ വ്യാപകമായി നടന്നു വരികയാണ്.

കറുകുറ്റി അപകടത്തെത്തുടർന്നുള്ള അന്വേഷണത്തിലാണ് 202 വിള്ളലുകൾ കേരളത്തിലെ റെയിൽപാതകളിലുണ്ടെന്ന വിവരം മനോരമ പുറത്തു കൊണ്ടുവന്നത്. എന്നാൽ, ഒരു വശത്ത് അറ്റകുറ്റപ്പണി നടക്കുമ്പോൾ മറുവശത്ത് അപകടങ്ങൾ ആവർത്തിക്കുകയാണ്.

താഴേക്കിടയിലുള്ള ഏതാനും ജീവനക്കാർക്കെതിരെ നടപടിയെടുത്ത് അന്വേഷണം അവസാനിപ്പിക്കുന്നതാണു പതിവ്. ഇത്തരം അന്വേഷണ പ്രഹസനങ്ങൾക്കു പകരം ശാശ്വത പരിഹാരമാണു വേണ്ടത്. 

തുടർച്ചയായ അപകടങ്ങളിൽ യാത്രക്കാർക്കു ജീവാപായം സംഭവിക്കാത്തത് അവരുടെ ഭാഗ്യം കൊണ്ടാണെന്ന തിരിച്ചറിവ് അധികൃതർക്ക് ഉണ്ടാകണം. ഷണ്ടിങ് നടത്തുന്ന ജീവനക്കാരുടെ മേൽനോട്ടത്തിനു സൂപ്പർവൈസറി തസ്തികകളിൽ ഉൾപ്പെടെ ഒട്ടേറെ മേലുദ്യോഗസ്ഥരുണ്ട്.

എന്നാൽ, ജോലികൾ ഏകോപിപ്പിക്കുന്നതിലും മേൽനോട്ടം വഹിക്കുന്നതിലും കാര്യമായ വീഴ്ച സംഭവിച്ചു. ട്രാഫിക് ജീവനക്കാരിൽ ഏറിയ പങ്കും പുതുതായി ജോലിക്കെത്തിയവരാണ്. വേണ്ടത്ര അനുഭവപരിചയമുള്ളവരല്ല അവരിലേറെയും.

അവർക്കു കൃത്യമായ പരിശീലനം നൽകാനും ജോലികൾ ഏകോപിപ്പിക്കാനുമുള്ള സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. ജീവനക്കാരുടെ കുറവുണ്ടെന്നത് യാഥാർഥ്യമാണെങ്കിലും സംവിധാനത്തിലെ പാളിച്ചകൾ പരിഹരിക്കാൻ അതൊരു തടസ്സമല്ല.

എറണാകുളം ജംക്‌ഷൻ പോലെ കേരളത്തിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനിൽ മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം പൂർണമായി തടസ്സപ്പെടുന്ന സ്ഥിതി ഗുരുതരമായ വീഴ്ചയാണു തുറന്നു കാട്ടുന്നത്. തൊട്ടടുത്തുള്ള എറണാകുളം മാർഷലിങ് യാർഡിൽ ഇതേ അന്ത്യോദയ ട്രെയിൻ പാളം തെറ്റിയതു രണ്ടു മാസം മുൻപാണ്.

ഇതിനു മുൻപു രണ്ടു തവണ ഷണ്ടിങ് എൻജിനുകളും ഇവിടെ പാളം തെറ്റിയിട്ടുണ്ട്. ബെംഗളൂരു – എറണാകുളം ഇന്റർസിറ്റി ട്രെയിനിന്റെ നാലു കോച്ചുകളിലേക്കു ഷണ്ടിങ്ങിനിടെ മറ്റൊരു ട്രെയിനിന്റെ കോച്ചുകൾ വന്നിടിക്കുകയും ചെയ്തിരുന്നു. യാത്രക്കാർ ഉൾപ്പെടാത്ത സംഭവങ്ങളായതിനാൽ ഈ അപകടങ്ങൾക്കു വലിയ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നില്ല.

തുടർച്ചയായി ഷണ്ടിങ് നടക്കുന്ന ഒരു യാർഡിൽ ഇത്രയും അപകടങ്ങൾ നടന്നുവെന്നത് ആശാസ്യമായ കാര്യമല്ല. അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികളാണു ജനം പ്രതീക്ഷിക്കുന്നത്.