വല നെയ്തു കാത്തിരിക്കുകയാണു കാലം. ആരെയാണു കെണിയിൽപെടുത്തേണ്ടത് എന്നമട്ടിലാണു ചുറ്റുമുള്ള ലോകം. സാങ്കേതികവിദ്യകളുടെ ലോകത്ത് ആരെയും അനായാസം കെണിയിലാക്കി വിജയം കൊയ്യുന്ന തന്ത്രങ്ങൾ ഒരു വശത്ത്. ഭാവിതലമുറയെ ഇത്തരം നീരാളിപ്പിടിത്തത്തിൽനിന്നു രക്ഷപ്പെടുത്താനു​ള്ള തത്രപ്പാടുകൾ മറുവശത്ത്. 

ഇതിനിടയിലും കെണിയിൽപെട്ടു ജീവിതവും സ്വപ്നങ്ങളും ചാരമായ ഒ‌‌ട്ടേറെപ്പേരുടെ അമർത്തിയ തേങ്ങലുകൾ നമുക്കു കേൾക്കാം. സൈബർ കുറ്റകൃത്യങ്ങളുടെ കെണിയിൽ ജീവിതം കുത്തഴിഞ്ഞ പുസ്തകംപോലെ ചിതറിപ്പോയവരെ ഓർത്തുകൊണ്ട് ഏതാനും കാഴ്ചകളുടെ കാണാപ്പുറങ്ങളിലേക്ക്.

കഥയെന്നു തോന്നാം; പക്ഷേ, കഥയല്ല. കേരളത്തിന്റെ മണ്ണിലുണ്ട് ഇക്കഥാപാത്രങ്ങളെല്ലാം. ഇതു വായിച്ചുകഴിയുമ്പോൾ നെഞ്ചു പിടച്ചില്ലെങ്കിൽ, ഉള്ളിലൊരേങ്ങൽ കുറുകിയില്ലെങ്കിൽ നമ്മളും വല്ലാതെ മാറിയെന്നോർമിക്കണം.

ഇതൊരു മകനാണ്‌; സത്യമായും

എ‌ട്ടിൽ പഠിക്കുന്ന കുട്ടി. അവൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത് അമ്മയുടെ കുളിമുറിദൃശ്യങ്ങൾ. അതിനു 112 ലൈക്ക് കിട്ടിയെന്നുള്ളതാണ് അവന്റെ അഭിമാനം. സ്കൂളിൽനിന്നു ടിസിയും വാങ്ങി പുറത്തിറങ്ങുമ്പോൾ നിരാശ മൂടിക്കെട്ടിയ മനസ്സോടെ നിന്ന പിതാവിനോടാണ് അവനീ ലൈക്കുകളുടെ അഭിമാനം പങ്കുവച്ചത്. 

എന്തു ചെയ്യാം, ഇക്കാലത്തു ചിലരെങ്കിലും ഇങ്ങനെയാണ്. നമ്മു‌ടെയൊക്കെ ധാരണകൾക്കു പുറത്താണു പുതിയ തലമുറയിലൊരു പങ്ക് കസേരയിട്ടിരിക്കുന്നത്. നമ്മൾ കണ്ടില്ലെന്നു നടിച്ചാലും ഇക്കാഴ്ചകൾ അവിടെത്തന്നെയുണ്ട്. വീട്ടിൽ കിട്ടാത്ത അംഗീകാരം സമൂഹമാധ്യമത്തിലെ ലൈക്കായി കിട്ടിത്തുടങ്ങിയതിന്റെ വെമ്പലിൽ നമ്മളൊരിക്കലും പ്രതീക്ഷിക്കാത്ത സാഹസം കാട്ടിയ ഈ കുട്ടി സൈബർ കുറ്റകൃത്യങ്ങളുടെ ഇരയോ കണ്ണിയോ ആണ്. 

അവന്റെ സങ്കൽപം പിഴച്ചു; അവൾക്കോ‌?

കണ്ണൂർ റയിൽവേ സ്റ്റേഷൻ. എപ്പോഴോ വന്നിറങ്ങിയ പെൺകുട്ടി വൈകിയിട്ടും അവിടെ ഇരിക്കുന്നതു കണ്ടാണു പൊലീസ് ഇടപെട്ടത്. ബിരുദം പൂർത്തിയാക്കിയ പെൺകുട്ടി ആലപ്പുഴക്കാരിയാണ്. മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട കാമുകനെത്തേടി വന്നതാണ്. 

വന്നിറങ്ങുംവരെ അവന്റെ ഫോൺ ബെല്ലടിച്ചിരുന്നു. പിന്നീടു വിളിച്ചിട്ടു കിട്ടുന്നില്ല. അവന്റെ വീട് എവി‌ടെയെന്നോ ഒന്നും പെൺകുട്ടിക്കറിവുമില്ല. ഒ‌ടുവിൽ സൈബർ പൊലീസിന്റെ സഹായത്തോടെ അവന്റെ വീട്ടിലെത്തി. ചോദ്യംചെയ്യലിൽ അവൻ പറഞ്ഞതു കേട്ടു പൊലീസ് ഞെട്ടി. 

അവളെക്കാത്ത് അവൻ റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. അവന്റെ സങ്കൽപത്തിൽ ഉള്ളതുപോലെയായിരുന്നില്ലത്ര‌േ അവൾ. പിന്നെ ഫോൺ ഓഫാക്കി മുങ്ങിയതാണ്. 

ഒന്നും ആലോചിക്കാതെ വീടുവിട്ടിറങ്ങിയ അവൾ ഭാഗ്യത്തിനു രക്ഷപ്പെട്ടു. മറ്റാരുടെയെങ്കിലും വലയിൽ പെടുംമുമ്പു കണ്ടെത്താനായതിനാൽ ജീവിതം താറുമാറായില്ല. 

അവളിപ്പോഴുമുണ്ട്; അനങ്ങാനാകാതെ‌

വടക്കൻ കേരളത്തിലെ ഒരു സ്കൂൾ. മൂന്നാം നിലയിലെ ഒൻപതാം ക്ലാസിൽ അധ്യയനം പുരോഗമിക്കുന്നു. പെട്ടെന്ന് ഒരു ഫോൺ ശബ്ദിച്ചത് അധ്യാപിക കേട്ടു. ആരുടേതാണെന്ന് ഉച്ചത്തിൽ ചോദിച്ചതും, ഒരു പെൺകുട്ടി ഫോണുമെടുത്ത് ഇറങ്ങിയോടി. സ്റ്റെപ്പുകളിറങ്ങാനുള്ള സാവകാശമൊന്നും അവൾ തേടിയില്ല; ഒറ്റച്ചാട്ടം. മൂന്നാം നിലയിൽനിന്നുള്ള വീഴ്ചയുടെ ആഘാതത്തിൽ നട്ടെല്ലിനു ക്ഷതമേറ്റ അവൾ ഇപ്പോഴും ചികിൽസയിലാണ്. അരയ്ക്കു താഴോട്ടു ചലനശേഷിയില്ല. 

പിന്നീടു ഫോൺ പരിശോധിച്ചപ്പോഴാണു കാര്യത്തിന്റെ ഗൗരവം പിടികിട്ടിയത്. അവളും കാമുകനുമൊത്തുള്ള ഒ‌ട്ടേറെ ചിത്രങ്ങളുണ്ടായിരുന്നു അതിൽ. ഫോൺ പിടിച്ചെടുത്ത് അധ്യാപിക അതു കാണുമോ എന്ന ആധിയായിരുന്നു അവളുടെ ഓട്ടത്തിനും വീഴ്ചയ്ക്കും പിന്നിലെ കാരണം.

നഷ്ടപ്പെട്ടത് ആർക്കാണ്? ഒരു ചിത്രശലഭത്തെപ്പോലെ പാറിപ്പറക്കേണ്ട പ്രായത്തിൽ അവൾ വീണുകിടക്കുകയാണ്; പ്രാണസങ്കടവുമായി.

വിശ്വാസം വേണം; പക്ഷേ, അമിതമാകരുത്

മേൽപറഞ്ഞ സംഭവങ്ങളിലൊക്കെ ആരാണു തെറ്റുകാർ? വിധി നിർണയിക്കാൻ വരട്ടെ. വിരലുകൾ നീളുന്നതു പലർക്കുംനേരെയാണ്. എന്നാൽ, ഇനിയുള്ള സംഭവം ഒന്നു നോക്കൂ.‌ ഈ സ്കൂൾ തലസ്ഥാനത്താണ്. എട്ടാം ക്ലാസ് മുതലേ അവൾക്കൊരു പ്രണയമുണ്ട്. ഇതറിഞ്ഞ കൂട്ടുകാർ കാര്യം ക്ലാസ് ടീച്ചറെ അറിയിക്കുന്നു. അധ്യാപിക ഇക്കാര്യം കുട്ടിയുടെ അമ്മയോടു പറയുന്നു.

അമ്മയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: എന്റെ മകൾ അങ്ങനെയൊന്നും ചെയ്യില്ല. എത്ര പറഞ്ഞിട്ടും കാര്യമില്ലാതായതോടെ അവർ ആ ശ്രമം ഉപേക്ഷിച്ചു. പിന്നീട് ഒൻപതാം ക്ലാസിലായതോടെ ആ ബന്ധം വളർന്നു. ‘അവൻ’ വാങ്ങിക്കൊടുത്ത മൊബൈൽ ഫോൺ പെൺകുട്ടിയുടെ കയ്യിൽനിന്നു പിടിച്ചപ്പോൾ അമ്മയ്ക്കു വിശ്വസിക്കേണ്ടിവന്നു. ഇതിനിടെ നഷ്ടപ്പെടുത്തിയത് ഒരു വർഷം.‌‌ 

ഇവിടെ അമ്മയുടെ അമിതവിശ്വാസമാണു കാര്യങ്ങൾ വഷളാക്കിയത്. കുട്ടികളെ വിശ്വസിക്കണം, എന്നാൽ അമിതമായി വിശ്വസിക്കരുത് എന്നാണു വിദഗ്ധർ പറയുന്നത്. എന്റെ കുട്ടി ചെയ്യുന്നതെല്ലാം ശരിയാണ്, എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ അതെല്ലാം കൂട്ടുകാർ ചെയ്യുന്നതാണ് എന്ന മനോഭാവം സ്നേഹമല്ലെന്നും കുട്ടിയുടെ തെറ്റിനു വളംവച്ചുകൊടുക്കലാണെന്നും ഇവർ പറയുന്നു. 

കുറഞ്ഞു; ഒന്നിച്ചുള്ള നേരങ്ങൾ, സംസാരം

വീട്ടിൽ ഒന്നിച്ചിരുന്നു സംസാരിക്കുന്ന സമയം കുറഞ്ഞതാണ് ഇത്തരം പ്രശ്നങ്ങൾക്കു കാരണമെന്ന് സ്കൂളുകളിൽ സൈബർ സുരക്ഷയെപ്പറ്റി ക്ലാസുകളെടുക്കുന്ന എം.കെ.ഹരിപ്രസാദ് പറയുന്നു. ‘സൈബർ കുറ്റകൃത്യങ്ങളും സുരക്ഷയും’ എന്ന വിഷയം വലിയ മാനങ്ങൾ ഉൾക്കൊള്ളുന്നതാണെന്നും നമ്മൾ കരുതുന്നതിലേറെയാണ് അതിന്റെ‌ വ്യാപ്തിയെന്നും കേരള പൊലീസിൽ എസ്ഐ ആയ ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഫോണുമായി അച്ഛൻ മുറ്റത്തേക്കും മറ്റൊരു ഫോണുമായി അമ്മ അടുക്കളയിലേക്കും പോകുമ്പോൾ സ്വന്തം ഫോണെടുത്തു ടെറസിലേക്കു പോകാനേ ഏതൊരു കുട്ടിക്കും തോന്നൂ. വീട്ടിൽ കിട്ടാത്ത പരിഗണന മറ്റൊരി‌ടത്തുനിന്നു കിട്ടുമ്പോൾ സ്നേഹം കൊതിക്കുന്ന കൗമാരം വഴിമാറുന്നതിൽ തെറ്റു പറയാനാകില്ല.

സൈക്കിളിൽ വന്നി‌ടിച്ച ബൈക്കുകാരനെ ഒരു സ്കൂൾ വിദ്യാർഥിനി പ്രണയിച്ചത് ഒരൊറ്റ ‘മോൾ’വിളിയിലാണ്. സൈക്കിളിൽനിന്നു വീണ അവളെ എഴുന്നേൽപിച്ച് ‘മോൾക്കെന്തെങ്കിലും പറ്റിയോ’ എന്ന ചോദ്യത്തിൽ അവൾ വീണു. ഓർമവച്ചശേഷം അവളെ ആദ്യമായാണ് ഒരാൾ അങ്ങനെ വിളിക്കുന്നത്.

പയ്യൻ കഞ്ചാവടിച്ചു കോൺതെറ്റിയ ആളാണെന്നതോ കേസുകളിലെ പ്രതിയാണെന്നതോ അവൾ കാര്യമാക്കിയില്ല. ‌ഇപ്പോൾ മനസ്സിലായില്ലേ, ഒരു സ്നേഹവിളിക്കുപോലും അളക്കാനാകാത്ത മൂല്യമുണ്ടെന്ന്.

അശ്ലീലം പിടിച്ച അധ്യാപകന്‌ എതിരെ കേസുകൾ അഞ്ച് ! 

സൈബർ സാക്ഷരതയ്ക്കായി സ്കൂൾ തലത്തിൽ വിവിധ പരിപാടികൾ ഏകോപിപ്പിച്ച അധ്യാപകനു പ്രതിഫലമായി ലഭിച്ചത് അഞ്ചിലധികം പൊലീസ് കേസുകൾ. കാരണം കേട്ടാൽ ആരും ഞെട്ടും. കുട്ടികളുടെ സൈബർ കള്ളക്കളികൾ അധ്യാപകൻ കണ്ടെത്തിയതിന്റെ പകപോക്കൽ രക്ഷിതാക്കളുടെ വക. 

ഒൻപതാം ക്ലാസിൽ പഠിക്കുന്ന രണ്ടു വിദ്യാർഥിനികൾ ക്ലാസ് റൂമിൽ ഫോൺ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് ഇവരുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി. കുട്ടികളെ അവഹേളിക്കാ‍ൻ അധ്യാപകൻ മനഃപൂർവം കെട്ടിച്ചമച്ച കഥയെന്നായിരുന്നു അവരുടെ പക്ഷം. തുടർന്ന് അധ്യാപകനെതിരെ പൊലീസിൽ പരാതി നൽകി. അധ്യാപകന്റെ പശ്ചാത്തലം അറിയാവുന്നതുകൊണ്ട് അകത്തായില്ലെന്നു മാത്രം. പിറ്റേവർഷം കുട്ടി മൊബൈലിലൂടെ പരിചയപ്പെട്ടയാളുമായി ഒളിച്ചോടുകയും ചെയ്തു.

താൻ റിസ്ക് എടുത്തതുപോലെ മറ്റൊരാളും സ്കൂളിൽ തയാറാകാത്തതുകൊണ്ടാണു ബലിയാടായതെന്നു പറഞ്ഞത് ഈ അധ്യാപകൻതന്നെ. സൈബർ സംബന്ധമായ കേസുകൾ സ്കൂളിൽ റിപ്പോർട്ട് ചെയ്താൽപോലും പല അധ്യാപകരും ഗൗരവമായി സമീപിക്കാത്തത് ഇത്തരം ആശങ്കകളും അജ്ഞതയും മൂലമാണ്. അധ്യാപകൻ വിദ്യാർഥികളെ ശാസിച്ചപ്പോൾ ഒരു കുട്ടി മറ്റൊരു കുട്ടിയോടു പറഞ്ഞതിങ്ങനെ: ‘‘നിയമമൊക്കെ നമുക്ക് അനുകൂലമാണ്, കൂടുതൽ കളിച്ചാൽ സാറിനെ അകത്താക്കാനും പണിയുണ്ട്.’’ അശ്ലീല വിഡിയോ അടങ്ങിയ 18 മൊബൈൽ ഫോണുകളാണ് ഒരു സ്കൂളിൽനിന്നു പിടികൂടിയത്. കേസ് കൊടുക്കുമെന്നു ഭീഷണിപ്പെടുത്തി വിദ്യാർഥികൾ ഫോൺ തിരിച്ചു വാങ്ങി. 

സമൂഹമാധ്യമങ്ങളെക്കുറിച്ചുള്ള അജ്ഞതയും ഇത്തരം വിഷയങ്ങളിൽ അധ്യാപകർക്കു പരിമിതിയാകാറുണ്ട്. കാലം മാറുന്നതനുസരിച്ചു പുതിയ സാങ്കേതികവിദ്യകൾ പഠിക്കേണ്ടതും അനിവാര്യതയാകുന്നു.

കെണികൾ പലവിധം, ഓൺലൈനിൽ

ഏഴു കുട്ടികളിൽ ഒരാൾക്കുവീതം ദിവസേന അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ ഏതെങ്കിലും മാർഗത്തിലൂടെ ലഭിക്കുന്നുവെന്നാണു റിപ്പോർട്ടുകൾ. 2013ൽ രാജ്യത്തു പതിമൂന്നിനും പതിനേഴിനും ഇടയിലുള്ള ഏഴായിരത്തിലധികം കുട്ടികൾ ഓൺലൈനിൽ ഏതെങ്കിലുമൊരു രീതിയിൽ ചൂഷണം ചെയ്യപ്പെട്ടെന്നാണു കണക്ക്. സ്മാർട്ഫോണുകൾ സാധാരണമാകാതിരുന്ന കാലത്ത് ഇതായിരുന്നു അവസ്ഥയെങ്കിൽ ഇന്ന് അതെത്ര മടങ്ങു വർധിച്ചിട്ടുണ്ടെന്ന് ഊഹിക്കാം. യുഎസിലെ ഒരു ഏജൻസി നടത്തിയ പഠനപ്രകാരം ബാലരതിയിൽ ഏർപ്പെടുന്ന 7.5 ലക്ഷം കുറ്റവാളികൾ ഓൺലൈനിലുണ്ടത്രേ. കുട്ടികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ 5000 മടങ്ങു വർധനയാണ് ഓരോ വർഷവും ഉണ്ടാകുന്നത്.

പലപ്പോഴും മിസ്ഡ് കോളുകളിലൂടെയും ‘ഹായ്’, ‘ഹലോ’ മെസേജുകളിലൂടെയുമാണ് ഇത്തരക്കാർ കുട്ടികളുമായി ചങ്ങാത്തം സ്ഥാപിക്കുന്നത്. സ്നേഹവും കരുതലും ലഭിക്കാത്ത കുട്ടികൾ പലരും ഈ കെണിയിൽ അകപ്പെടുന്നു. പിന്നീടു കുറ്റവാളികളുടെ കരുനീക്കങ്ങൾ മിന്നൽവേഗത്തിലായിരിക്കും. അബദ്ധം പിണഞ്ഞാലും പലരും മാനഹാനി ഭയന്നു പുറത്തു പറയുകയില്ല. വൈകുംതോറും അപകടത്തിൽപെടാനുള്ള സാധ്യതകളും വർധിച്ചുകൊണ്ടേയിരിക്കും.

അവഗണനയാണ് ഇത്തരം മെസേജുകളിൽനിന്നു രക്ഷപ്പെടാനുള്ള മികച്ച മാർഗം. ഒരു മിസ്ഡ് കോളിനു പ്രതികരിച്ചുവെന്നു കണ്ടാൽ ​ഇത്തരക്കാർ കരുനീക്കങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. വാട്സ്ആപ്പിലെ ഓൺലൈൻ സ്റ്റാറ്റസ് വരെ ഇത്തരക്കാർ നിരീക്ഷിക്കുന്നുണ്ടത്രേ.

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്...

∙ കുട്ടികളുടെ ഓൺലൈൻ ഇടപാടുകൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക. അതേസമയം, കുറ്റവാളിയായി പരിഗണിക്കുന്ന രീതിയിലാകരുതു പരിശോധന.

∙ ആരോടൊക്കെയാണു കുട്ടി ആശയവിനിമയം നടത്തുന്നതെന്ന് ചോദിച്ചറിയാനുള്ള ബന്ധം നിലനിർത്തുക.

∙ ദേഷ്യം, നിരാശ, സങ്കടം, ഉറക്കക്കുറവ് എന്നിങ്ങനെ കുട്ടിയുടെ അസ്വാഭാവികപെരുമാറ്റങ്ങൾ ശ്രദ്ധിക്കുക.

∙ തന്റെ കുട്ടി ഇത്തരം പ്രശ്നങ്ങളിൽ അകപ്പെട്ടിട്ടുണ്ടോ എന്നറിയാനായി സ്കൂൾ അധികൃതരുമായും സംസാരിക്കാം.

എ.പി.ജെ.അബ്ദുൽ കലാം പ്രസിഡന്റായിരുന്നപ്പോൾ ഒരിക്കൽ അദ്ദേഹത്തിനു മെയിലിൽ ലഭിച്ച ‘I will kill you’ എന്ന ഭീഷണി സന്ദേശത്തിന്റെ ഉറവിടം തേടിച്ചെന്നപ്പോൾ പൊലീസ് ഞെട്ടി – ഒരു സ്കൂൾ വിദ്യാർഥി. തന്റെ പ്രണയിനിയുമായി തെറ്റിപ്പിരിഞ്ഞപ്പോൾ അവൾക്കിട്ടൊരു പണികൊടുക്കാനായി ഈ കുട്ടി തേടിയ മാർഗമായിരുന്നു ഇത്. പൊലീസ് വളരെ പ്രാധാന്യത്തോടെയാണ് ഈ കേസ് പരിഗണിച്ചത്. എന്നാൽ, ഇതിലും വലിയ കേസുകൾ വരുമ്പോൾ സൈബർ പൊലീസിന്റെ കാര്യക്ഷമത എത്രമാത്രമാണ്? അതിനുള്ള സൗകര്യങ്ങൾ അവർക്കു ലഭ്യമാക്കുന്നുണ്ടോ? 

അതേക്കുറിച്ചു നാളെ