Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുവന്ന ഭീതി: ലൈസൻസ് ഇല്ലാത്ത രക്ത ബാങ്കുകൾ; പകരാൻ കാത്ത് ഹെപ്പറ്റൈറ്റിസും

hiv-series

ലൈസൻസ് ഇല്ലാതെ പതിനഞ്ചോളം രക്തബാങ്കുകൾ, ചട്ടങ്ങൾ കാറ്റിൽ പറത്തി രക്തബാങ്ക് എൻഒസി പരിശോധന, കടലാസിൽ ഉറങ്ങുന്ന എയ്ഡ്സ് നിയന്ത്രണ പ്രവർത്തനങ്ങൾ– അറ്റകുറ്റപ്പണിയല്ല, അഴിച്ചുപണി തന്നെ വേണം നമ്മുടെ ആരോഗ്യമേഖലയ്ക്ക്. കാഴ്ചപ്പാട് പേജിൽ പരമ്പര തുടരുന്നു. 

സംസ്ഥാനത്തെ 172 രക്ത ബാങ്കുകളിൽ മാത്രമാണോ രക്തം പരിശോധിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത് എന്നു ചോദിച്ചാൽ അധികൃതർ ‘അതെ’ എന്നു പരസ്യമായും ‘അല്ല’ എന്നു രഹസ്യമായും സമ്മതിക്കും. ലൈസൻസ് ഇല്ലാത്ത പതിനഞ്ചോളം രക്ത ബാങ്കുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണു വിവരം. ചില സ്വകാര്യ ആശുപത്രികളോടു ചേർന്നാണ് ഇവയുടെ പ്രവർത്തനം. രക്തം ശേഖരിക്കാനുള്ള ബാഗ് നിർമിക്കുന്ന കമ്പനികളാണ് ഈ സംഘത്തിനു പിന്നിലെന്ന് അധികൃതർ തന്നെ സൂചിപ്പിക്കുന്നു.

ഡ്രഗ് ഇൻസ്പെക്ടർമാർക്കോ മറ്റ് അധികൃതർക്കോ പരിശോധനയ്ക്കായി കയറിച്ചെല്ലാൻ അനുമതി ഇല്ലാത്ത ശസ്ത്രക്രിയാമുറിയിൽ തന്നെയാണ് ഇവർ രക്തം ശേഖരിക്കുന്നതും മറ്റു രോഗികൾക്കു നൽകുന്നതും. ഈ രക്തത്തിന്റെ നിലവാരത്തെ കുറിച്ച് എന്തെങ്കിലും പരിശോധന നടക്കുന്നുണ്ടോ എന്നതിനെ കുറിച്ചും കൃത്യമായ ഉത്തരമില്ല.

രക്തബാങ്കുകൾക്ക് എൻഒസി നൽകാൻ സംസ്ഥാനത്തു സമിതി രൂപീകരിച്ചിരുന്നു. എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ഡ്രഗ്സ് കൺട്രോൾ വിഭാഗം എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കു ശേഷമാണ് എൻഒസി നൽകുക. പരിശോധനാ സംഘത്തിൽ ഡോക്ടർ വേണമെന്നു നിർബന്ധമാണ്. എന്നാൽ കഴിഞ്ഞ മൂന്നു വർഷമായി ഒരു ലാബ് അസിസ്റ്റന്റിന്റെ നേതൃത്വത്തിലാണ് രക്തബാങ്കുകൾ പരിശോധിക്കുന്നത്. ഇവരുടെ പരിശോധനയ്ക്ക് എന്തു നിലവാരം ഉണ്ടാവുമെന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ !

വില്ലനാകുന്ന പരിശോധനാ കിറ്റുകൾ

മധ്യകേരളത്തിൽ രക്തദാനത്തിനെത്തിയതാണു യുവാവ്. എച്ച്ഐവി പരിശോധിക്കുന്ന എലിസ ടെസ്റ്റ് നെഗറ്റീവ് ആണെന്നതടക്കം ഒരു ലാബിലെ റിപ്പോർട്ടുകളുമുണ്ട്. ദാതാവിന്റെ വിവരങ്ങൾ തിരക്കിയപ്പോൾ മെഡിക്കൽ ഓഫിസർക്കു സംശയം, വീണ്ടും സർക്കാർ ലാബിൽ പരിശോധനയ്ക്കയച്ചു, അപ്പോൾ ഫലം എച്ച്ഐവി പോസിറ്റീവ്. എലിസ അടക്കമുള്ള പരിശോധനകൾക്ക് ഉപയോഗിക്കുന്ന കിറ്റുകൾ പലപ്പോഴും ഗുണനിലവാരം ഇല്ലാത്തവയാണെന്നതിന്റെ ഉദാഹരണം. പലയിടത്തും ഫലം ശരിയാകണമെന്നില്ല. തെക്കൻ കേരളത്തിലെ ലാബിൽ രക്തപരിശോധനയിൽ കുഴപ്പമില്ലെന്നു കണ്ടെത്തിയ സാംപിൾ സംശയം തോന്നി വീണ്ടും പരിശോധിച്ചപ്പോൾ ദാതാവിന്റെ രക്തത്തിൽ ഹെപ്പറ്റൈറ്റിസ് ബി. അന്നും രോഗി രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്.

പകരാൻ കാത്ത് ഹെപ്പറ്റൈറ്റിസും

മധ്യകേരളത്തിലെ ഒരു മെഡിക്കൽ കോളജിൽ തലാസീമിയ, ലുക്കീമിയ രോഗികൾ‌ക്കു രക്തദാനത്തിലൂടെ ഹെപ്പറ്റൈറ്റിസ് രോഗം പകർന്നു. അന്വേഷണവും നടപടിയും ശുപാർശയുമായി ആ ഫയൽ ആരോഗ്യ വകുപ്പിൽ തന്നെയുണ്ട്. രണ്ടു വട്ടം രോഗബാധയുണ്ടായിട്ടും നടപടികൾ ഒന്നുമുണ്ടായില്ല. 30000 പേർക്കാണ് ഇവിടെ മാസം രക്തം നൽകുന്നത്.

ഘടകങ്ങളും സൂക്ഷിക്കണം

രക്തത്തിലെ പ്ലേറ്റ്‌ലറ്റ് ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ വേർതിരിച്ച് അവ ആവശ്യാനുസരണം രോഗിക്കു നൽകിയാലും എച്ച്ഐവി ബാധയുണ്ടെങ്കിൽ അതിന്റെ വ്യാപനം തടയാനാകില്ല. കല്ലും അരിയും വേർ തിരിക്കും പോലെ രക്ത ഘടകങ്ങൾ തിരിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ എച്ച്ഐവി പോസിറ്റീവായ രക്തം ഘടകം തിരിച്ചതുകൊണ്ട് സുരക്ഷിതമാകില്ല.

മുഖംതിരിച്ച് സർക്കാർ

രക്തദാനം മഹാദാനം എന്നു പറയുമ്പോഴും മഹത്തായ ഈ പ്രവർത്തനത്തിനു വേണ്ട സൗകര്യങ്ങൾ സർക്കാർ നൽകാറില്ല.

∙ പരിശോധനകൾ നടത്തി രക്തം സ്വീകരിക്കുന്നതിനൊപ്പം പുറത്തു ക്യാംപുകൾ നടത്തുകയും ചെയ്യേണ്ടതു രക്തബാങ്കുകളാണ്. ചുരുങ്ങിയത് 10 ജീവനക്കാർ എങ്കിലും വേണ്ടിടത്ത് ചിലയിടങ്ങളിൽ സർക്കാർ ജീവനക്കാരേ ഇല്ല.

ആരോഗ്യ വകുപ്പിനു കീഴിൽ സർക്കാർ രക്തബാങ്കുകൾ: 34
ആദ്യം സൃഷ്ടിച്ച ടെക്നീഷ്യൻ തസ്തികകൾ: 60
ചിലത് ഒഴിവാക്കിയ ശേഷം നിലവിലുള്ള തസ്തികകൾ: 53
ജീവനക്കാർ: 36
ഒഴിവ്: 17
എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ താൽക്കാലിക ജീവനക്കാർ: 40 (ഇവർ ചിലയിടങ്ങളിൽ രക്തബാങ്കുകളെ സഹായിക്കും. വയനാട്, ഇടുക്കി തുടങ്ങി ചിലയിടങ്ങളിൽ രക്തബാങ്കുകളിൽ സർക്കാർ ജീവനക്കാർ ഇല്ല).

∙ ദാതാവുമായി സംസാരിച്ച് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോയെന്നു കണ്ടെത്തേണ്ട കൗൺസലർമാരും മിക്ക രക്തബാങ്കിലും ഇല്ല. പേരിനു വിവരം ശേഖരിക്കും, അത്രമാത്രം.

∙ മുൻപ് ഹിന്ദുസ്ഥാൻ യൂണിലീവറിനായിരുന്നു രക്തദാന ക്യാംപുകൾ സംഘടിപ്പിക്കാനുള്ള ചുമതല. എച്ച്എൽഎൽപിപിടി എന്ന സംഘടന മികച്ച രീതിയിൽ മാസത്തിൽ ആറും ഏഴും ക്യാംപുകൾ സംഘടിപ്പിച്ചു പോന്നു. എന്നാൽ ഇവർക്കു നൽകാനുള്ള ലക്ഷങ്ങളുടെ ഫണ്ട് തടഞ്ഞു വയ്ക്കപ്പെട്ടതോടെ അവർ പിൻവാങ്ങി. ഇപ്പോൾ രക്ത ബാങ്കുകൾ സ്വന്തം നിലയിൽ ക്യാംപുകൾ സംഘടിപ്പിച്ച് രക്തദാതാക്കളെ കണ്ടെത്തണം. രണ്ടു മാസം കൂടുമ്പോൾ ഒരു ക്യാംപ് സംഘടിപ്പിക്കാൻ കഴിഞ്ഞാൽ ഭാഗ്യം എന്ന് ജീവനക്കാർ.

∙ പണം മാത്രം മുന്നിൽ കണ്ടു രക്തം വിൽക്കാനെത്തുന്നവരാണ് അടുത്ത വെല്ലുവിളി. ഇവരെ ഒഴിവാക്കി പുതിയ മികച്ച ദാതാക്കളെ (പ്യുവർ വൊളന്ററി ഡോണർ) വേണമെങ്കിൽ ക്യാംപുകളിലൂടെയേ കിട്ടൂ. ജീവനക്കാരുടെ ക്ഷാമവും പണത്തിന്റെ അഭാവവുമാണു ക്യാംപുകൾക്കുള്ള കടമ്പ. രക്ത ദാന ക്യാംപുകൾ‌ക്കുള്ള പണം സർക്കാർ മൂന്നിലൊന്നായി ചുരുക്കിയതോടെ രക്തബാങ്കുകളിൽ ബോർഡ് തൂങ്ങി; രക്തം ആവശ്യമുള്ളവർ പകരം രക്തം നൽകണം. ക്രിമിനൽ പശ്ചാത്തലമുള്ള ചിലർ രക്തദാനത്തിന്റെ വ്യാജരേഖയുണ്ടാക്കാനായി രക്തബാങ്കുകളിൽ എത്തുന്നതും പ്രശ്നം തന്നെ.
ഉറക്കം തൂങ്ങി

എയ്ഡ്സ് നിയന്ത്രണം

സംസ്ഥാനത്തെ എയ്‍ഡ്സ് നിയന്ത്രണ പ്രവർത്തനങ്ങൾ സർക്കാരിന് ഇപ്പോൾ ചടങ്ങു തീർക്കലാണ്. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ നിന്നു വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ വിശ്രമ കേന്ദ്രമാണു പ്രോജക്ട് ഡയറക്ടർ സ്ഥാനം. ഏഴോ എട്ടോ മാസങ്ങൾ മാത്രം സർവീസ് ശേഷിക്കെയാണു കഴിഞ്ഞ മൂന്നു ഡയറക്ടർമാരും നിയമിതരായത്.

ശേഷം കാലം വിവാദങ്ങളിൽ ചെന്നു ചാടാതെ ഉള്ള ഫണ്ടു കൊണ്ട് തട്ടിയും മുട്ടിയും കഴിഞ്ഞു കൂടുകയല്ലാതെ, പുതിയ പദ്ധതികളൊന്നും ഇവർ ആവിഷ്കരിച്ചിട്ടില്ല. ഇപ്പോഴത്തെ ഡയറക്ടറും അടുത്ത വർഷം വിരമിക്കും.

മുൻ സർക്കാരിന്റെ കാലത്ത് എയ്ഡ്സ് കൺട്രോൾ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ വിദഗ്ധ സമിതി ഉണ്ടായിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി തന്നെ നേതൃത്വം കൊടുത്തു മൂന്നു തവണ ഈ സമിതി യോഗം ചേർന്നു. പിണറായി സർക്കാർ അധികാര‍ത്തിൽ വന്ന് ഇതേവരെ സമിതി യോഗം ചേർന്നിട്ടില്ല. സമിതി വിളിച്ചു കൂട്ടി പ്രവർത്തനങ്ങൾ വിലയിരുത്തണമെന്ന് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി രേഖാമൂലം ആവശ്യപ്പെട്ടിട്ടും ആരോഗ്യ വകുപ്പ് അനങ്ങിയിട്ടില്ല.

ഫയലിൽ ഉറങ്ങുന്ന ശുപാർശ

സർക്കാർ മെഡിക്കൽ കോളജുകളിലും ജനറൽ ആശുപത്രികളിലുമായി 32 രക്ത ബാങ്കുകളാണ് സംസ്ഥാനത്തുള്ളത്. രക്ത ശേഖരണവും പരിശോധനയും മറ്റും ഇവിടെ കൃത്യമായി നടക്കുന്നു. എന്നാൽ, ആധുനിക പരിശോധനാ സംവിധാനങ്ങൾ ഇല്ല.
മാനന്തവാടിയിൽ 2012ൽ രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചതിനു തൊട്ടടുത്ത വർഷമാണ് ആലുവ രക്ത ബാങ്കിൽ ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള ശുപാർശ അന്നത്തെ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്കു കൈമാറിയത്. 2013ലെ ‘ഏപ്രിൽ ഫൂൾ’ ദിനത്തിൽ അയച്ച ശുപാർശ ജനത്തെ വിഡ്ഢികളാക്കി ഇപ്പോഴും ഇരുട്ടിൽ.

ആശങ്കയോടെ ഇവർ

തുടർച്ചയായി രക്തം സ്വീകരിക്കേണ്ടിവരുന്ന തലാസീമിയ, ഹീമോഫീലിയ രോഗികൾ ആശങ്കയിലാണ്. ഒരു രോഗത്തോടു പടവെട്ടി മുന്നേറുന്നതിനിടെ രക്തത്തിലൂടെ മറ്റു രോഗങ്ങൾ വില്ലന്മാരായി എത്തുമോ എന്ന ഭയം. കേരളത്തിൽ മാത്രമല്ല, രാജ്യത്തെ ആകെ കണക്കെടുത്താലും സ്ഥിതി ആശങ്കാജനകം.

രക്തം സ്വീകരിച്ചതുവഴി 2009– 2016ൽ എച്ച്ഐവി ബാധിച്ചതു 14,474 പേർക്ക്

2009–10 2862
2010–11 2530
2011–12 2432
2012–13 1813
2013–14 1854
2014–15 1424
2015–16 1559

മുംബൈയിൽ കഴിഞ്ഞ സാമ്പത്തിക വർഷം (2016–17) മാത്രം രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി ബാധിതരായതു 18 പേർ. ഉത്തർപ്രദേശും ഗുജറാത്തും ഡൽഹിയുമെല്ലാം രക്തസുരക്ഷയുടെ കാര്യത്തിൽ പിന്നിൽ.

ജന്മനാ ഹീമോഫീലിയ; ചികിൽസ നൽകിയ സമ്മാനം എച്ച്ഐവി

തൃശൂർ ജില്ലയിൽ താമസിക്കുന്ന 30 വയസ്സുകാരൻ പങ്കുവയ്ക്കുന്ന സങ്കടക്കടൽ. രോഗിയുടെ സ്വകാര്യത കാത്തുസൂക്ഷിക്കേണ്ടതിനാൽ പേരും സ്ഥലനാമങ്ങളും ഒഴിവാക്കുന്നു.

ജന്മനാ കിട്ടിയ ‘സമ്മാന’മാണു ഹീമോഫീലിയ രോഗം. അതിന്റെ ഭാഗമായുള്ള ചികിൽസയ്ക്കിടെ എപ്പോഴോ കിട്ടിയ മറ്റൊരു സമ്മാനമുണ്ട്; എച്ച്ഐവി. ബാല്യം ദുരിതമയമായിരുന്നു. ഓടിക്കളിക്കാൻ കൊതിച്ചു പക്ഷേ, ഒരു മുറിവുണ്ടായാൽ ചോര നിൽക്കില്ല. ഉള്ളിൽ സന്ധികളിലുണ്ടാവുന്ന രക്തച്ചൊരിച്ചിൽ വേറെ. മിക്കപ്പോഴും ആശുപത്രിയായിരുന്നു വീട്. പലവട്ടം രക്തം കയറ്റി.

സങ്കടങ്ങൾക്കിടയിലും കഷ്ടപ്പെട്ടു പഠിച്ചു. 23–ാം വയസ്സിൽ ദുബായിൽ ജോലിനേടി. അവിടെ മെഡിക്കൽ െചക്കപ് നടത്തിയ ഡോക്ടർ പറഞ്ഞു, എച്ച്ഐവി പോസിറ്റീവാണെന്ന്. തകർന്നുപോയി. എത്രയോ പേരുടെ രക്തം എന്റെ ശരീരത്തിൽ കയറിയിട്ടുണ്ടാകുമെന്നറിയില്ല. അതിനിടയിലെങ്ങനെയോ, എച്ച്ഐവിയും എന്റെ ഉള്ളിലേക്ക്! ജോലി നഷ്ടപ്പെട്ടു. നാട്ടിലെത്തി ആദ്യം ആരോടും ഇക്കാര്യം പറയാതെ നടന്നു. പിന്നെ വീട്ടുകാരോടു പറഞ്ഞു. അവർ നൽകിയ പിന്തുണയിലാണിപ്പോൾ ജീവിക്കുന്നത്’’.

നാളെ: തൊട്ടടുത്ത് എച്ച്ഐവി; സുരക്ഷിത രക്തദാനത്തിന് എന്തു ചെയ്യണം