Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച്ഐവിയെ ലോകം ശ്രദ്ധയോടെ നേരിടുന്നു; നമ്മളോ മുൻകരുതലില്ലാതെ

hivl-parampara

നാം കരുതുന്നതിനേക്കാൾ അടുത്താണു കേരളത്തിൽ എച്ച്ഐവി സാന്നിധ്യം. ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് ഒരുപരിധിവരെ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടെങ്കിലും സ്ഥിതി ഇപ്പോഴും നിയന്ത്രണത്തിൽ അല്ല. ഈയിടെ വടക്കൻ കേരളത്തിൽ കത്തിക്കുത്തുകേസിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ശസ്ത്രക്രിയയ്ക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഒരാൾ എച്ച്ഐവി ബാധിതനാണെന്നു ബന്ധുക്കൾ പറഞ്ഞത്.

ആദ്യ കുത്തു കിട്ടിയത് ഇയാൾക്കാണെങ്കിൽ അതേ കത്തി ഉപയോഗിച്ചു മറ്റുള്ളവരെയും കുത്തിയപ്പോൾ അവർക്കും അണുബാധയുണ്ടായോ, വേണ്ടത്ര സുരക്ഷാ മുൻകരുതലുകളില്ലാതെ നടത്തിയ പ്രഥമശുശ്രൂഷയിലൂടെ ആർക്കെങ്കിലും എച്ച്ഐവി ബാധിച്ചിട്ടുണ്ടാകുമോ എന്നിങ്ങനെ ആശങ്കകൾ ഉയർന്നു. ഇയാൾക്ക് അവസാനമാണു കുത്തേറ്റതെന്ന മൊഴി അൽപം ആശ്വാസമായെങ്കിലും കുത്തേറ്റവർക്കും ഇവരുമായി സമ്പർക്കം പുലർത്തിയവർക്കും പ്രതിരോധ മരുന്നുകൾ കൊടുത്തുതുടങ്ങി.

എച്ച്ഐവി ബാധ ലോകം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുമ്പോൾ നമ്മൾ എത്രയോ പിന്നിലാണെന്ന് ഓർമിപ്പിക്കുകയാണു രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി പകർന്നത് അടക്കമുള്ള ഓരോ സംഭവവും.

മാതൃകയാക്കാം തൃശൂരിന്റെ പദ്ധതി

രക്തദാതാവിന് എച്ച്ഐവി ബാധിച്ചിട്ടുണ്ടോയെന്ന് ഏറ്റവും ഫലപ്രദമായി കണ്ടെത്താൻ സഹായിക്കുന്ന ന്യൂക്ലിക് ആസിഡ് ടെസ്റ്റ് (നാറ്റ്) സംവിധാനം ആറുമാസത്തിനുള്ളിൽ തൃശൂർ ഐഎംഎ ബ്ലഡ് ബാങ്കിൽ സാധ്യമാകും. ഇതിനു വേണ്ട രണ്ടു കോടി രൂപയുടെ ഫണ്ട് കണ്ടെത്താൻ സ്വീകരിച്ച രീതി കേരളം മുഴുവൻ മാതൃകയാക്കാം. സാമ്പത്തികവർഷാവസാനം പഞ്ചായത്തുകൾ ചെലവാക്കാതെ പാഴാകുന്ന ഫണ്ട് ഈ ആവശ്യത്തിലേക്കുപയോഗിക്കാൻ സർക്കാരിന്റെ ഉത്തരവു നേടിക്കഴിഞ്ഞു. അടുത്ത മാർച്ചിൽ ഈ ഫണ്ട് ജില്ലാ പഞ്ചായത്ത് ഏകോപിപ്പിക്കും. ജില്ലാ പഞ്ചായത്തുമായി സഹകരിച്ചാണു തൃശൂരിലെ രക്തബാങ്ക് പ്രവർത്തിക്കുന്നത്. രണ്ടു പതിറ്റാണ്ടു മുൻപു രക്തബാങ്ക് സ്ഥാപിച്ചതും പഞ്ചായത്തുകൾക്കു നഷ്ടപ്പെടുമായിരുന്ന ഫണ്ട് ഉപയോഗിച്ചാണ്.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രക്തബാങ്ക് ഭാരവാഹികൾ ഉൾപ്പെടെ പ്ലാനിങ് ബോർഡിലും മറ്റും സ്വാധീനം ചെലുത്തിയാണു സർക്കാർ ഉത്തരവു നേടിയെടുത്തതെന്ന് ഐഎംഎ രക്തബാങ്ക് സാരഥികളിലൊരാളായ ഡോ.രാജൻ വാരിയർ പറയുന്നു.

കേരളത്തിൽ മൂന്നിടത്തു കേന്ദ്രീകൃത നാറ്റ് സെന്ററുകൾ സ്ഥാപിക്കാനായി ശുപാർശ സമർപ്പിച്ചിട്ടു വർഷം നാലു പിന്നിട്ടിട്ടും അനക്കമില്ല. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ തെക്ക്, മധ്യ, വടക്ക് കേരളത്തിൽ ഒരു സെന്റർ വീതം എന്ന രീതിയിലാണ് അന്ന് ആലുവ ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ ഡോ.എൻ.വിജയകുമാർ റിപ്പോർട്ടു നൽകിയത്.

600 രൂപയ്ക്ക് നാറ്റ്

എറണാകുളം ഐഎംഎ സെന്ററിൽ ആയിരം രൂപയും രണ്ടു സ്വകാര്യ ആശുപത്രികളിൽ അതിനു മുകളിലും നാറ്റ് പരിശോധനയ്ക്ക് ഈടാക്കുമ്പോൾ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിൽ ഇതേ പരിശോധനയ്ക്ക് വാങ്ങുന്നത് 600 രൂപ. അവിടേക്ക് എത്തിക്കുന്ന രക്തസാംപിളുകളുടെ എണ്ണം കൂടുകയാണെങ്കിൽ നിരക്ക് ഇതിലും കുറയ്ക്കാൻ സാധിക്കുമെന്ന് ആർജിസിബി അധികൃതർ വ്യക്തമാക്കുന്നു. അഞ്ചു വർഷത്തിലേറെയായി ആർജിസിബി എൻഎടി പരിശോധന നടത്തുന്നുണ്ടെങ്കിലും ഇതു വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ സർക്കാർ സംവിധാനങ്ങൾക്കുപോലും താൽപര്യമില്ലെന്നതാണു യാഥാർഥ്യം.

എവിടെപ്പോയി അരവിന്ദൻ കമ്മിറ്റി ശുപാർശകൾ?

2012ൽ മാനന്തവാടിയിലെ പെൺകുട്ടി രക്തം സ്വീകരിച്ചതുവഴി എച്ച്ഐവി ബാധിതയായതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ രക്തബാങ്കുകളും ലാബുകളും പരിശോധിച്ച, കേരള ശാസ്‌ത്ര സാഹിത്യ പരിഷത് മുൻ സംസ്‌ഥാന പ്രസിഡന്റ് ഡോ.കെ.പി. അരവിന്ദൻ കമ്മിറ്റിയുടെ പ്രധാന ശുപാർശകൾ:

∙ സംസ്ഥാനത്ത് മൂന്നു ന്യൂക്ലിക് ആസിഡ് ടെസ്റ്റ് ലാബുകൾ സജ്ജീകരിക്കണം. ദക്ഷിണ, മധ്യ, ഉത്തര കേരളം എന്ന കണക്കിൽ.

∙ എച്ച്ഐവി പരിശോധനയ്ക്ക് ഉപയോഗിക്കുന്ന എലിസ ഉപകരണം രണ്ടെണ്ണം എല്ലാ ലാബുകളിലും വേണം. ഒന്നിന് എന്തെങ്കിലും തകരാറുണ്ടായാൽ ഉടൻ അടുത്തത് ഉപയോഗിച്ചുതുടങ്ങണം.

∙ രക്തബാങ്കുകളിൽ ഒരു ടെക്നീഷൻ എന്നതു വർധിപ്പിക്കണം. സ്ഥിരം സ്റ്റാഫും ഉണ്ടായിരിക്കണം. എല്ലാ സ്റ്റാഫിനും കൃത്യമായ പരിശീലന ക്ലാസുകൾ നൽകണം.

∙ എലിസ പരിശോധനയ്ക്കു നാലാം തലമുറ ഉപകരണങ്ങൾ തന്നെ നിർബന്ധമായും ഉപയോഗിക്കണം.

∙ എല്ലാ ലാബുകളിലും പരിശീലനം ലഭിച്ച കൗൺസലർമാരെ നിയോഗിക്കണം. 12000 ൽ കൂടുതൽ രക്തദാനം നടക്കുന്ന ലാബുകളിൽ രണ്ടു കൗൺസലർമാർ വേണം.

∙ ലുക്കോഡിപ്ലേഷൻ പരിശോധനകൾ എല്ലാ ലാബുകളിലും ഏർപ്പെടുത്തണം. (അണുവാഹികളാകുന്ന ശ്വേത രക്താണുക്കളെ നീക്കം ചെയ്യുന്ന പ്രക്രിയയാണിത്)

∙ സ്ഥിരമായി രക്തം ദാനം ചെയ്യുന്ന നല്ല ദാതാക്കളുടെ പട്ടിക സൂക്ഷിക്കണം. ഗുരുതര രോഗികൾക്കു രക്തം കയറ്റുമ്പോൾ ഇവരുടെ രക്തം ഉപയോഗിക്കാൻ ശ്രമിക്കണം.

∙ നല്ല രക്തദാതാക്കളെ പ്രോൽസാഹിപ്പിക്കാൻ നടപടി വേണം.

∙ രക്തം ഘടകങ്ങൾ തിരിച്ച് ഉപയോഗിക്കുന്ന സംവിധാനം ഏർപ്പെടുത്തണം.

∙ തലാസീമിയ പോലെ രക്തം കൂടെക്കൂടെ ആവശ്യമായി വരുന്ന രോഗികൾക്കു കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചു വേണം രക്തദാനം. എല്ലാ ആറുമാസവും രോഗികൾക്ക് എച്ച്ഐവി, എച്ച്സിവി (ഹെപ്പറ്റൈറ്റിസ്) പരിശോധനകൾ നടത്തണം.

ഇവയെല്ലാം കൃത്യമായി നടപ്പാക്കിയിരുന്നെങ്കിൽ രക്തസ്വീകരണത്തിലൂടെയുള്ള എച്ച്ഐവി ബാധയ്ക്കു തടയിടാമായിരുന്നു. എന്തുകൊണ്ടാണ് ഈ ശുപാർശകൾ നടപ്പാക്കാത്തത് എന്ന ചോദ്യത്തിനുപോലും ഉത്തരമില്ല.

ശ്രദ്ധിക്കൂ...

∙ 18നും 65നും ഇടയിൽ പ്രായമുള്ളവരും 45 കിലോഗ്രാമിൽ കുറയാത്ത തൂക്കമുള്ളവരുമാകണം ദാതാക്കൾ.
‌∙ മൂന്നു മാസം കൂടുമ്പോൾ രക്തം ദാനം ചെയ്യാം.
∙ ഒന്നിൽക്കൂടുതൽ പേരുമായി ശാരീരിക ബന്ധമുള്ളവർ രക്തം ദാനം ചെയ്യരുത്.
∙ ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ ഒഴിവാക്കണം.
∙ പേപ്പട്ടി വിഷബാധയ്ക്കു കുത്തിവയ്പെടുത്തവർ ആറുമാസത്തേക്കു രക്തം ദാനം ചെയ്യരുത്.
∙ മേജർ ശസ്ത്രക്രിയ നടത്തിയവരിൽനിന്നു രക്തം സ്വീകരിക്കില്ല.
∙ ആറു മാസം മുതൽ ഒരുവർഷത്തിനിടെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, ലൈംഗിക തൊഴിലാളികളുമായുള്ള ലൈംഗിക ബന്ധം എന്നിവ ഉണ്ടായോ, പച്ചകുത്തിയിട്ടുണ്ടോ, ലഹരി ഉപയോഗമുണ്ടോ തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിയണം.
∙ രക്തദാന ക്യാംപുകൾ തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിൽ കൊണ്ടുവരിക.
∙ രക്തം വേണ്ടിവരുമ്പോൾ ആദ്യ ദാതാക്കളെയും പ്രഫഷനൽ ദാതാക്കളെയും ഒഴിവാക്കുക. പകരം ഇടവേളകളിൽ രക്തം ദാനം ചെയ്യുന്ന സന്നദ്ധരെ പ്രോൽസാഹിപ്പിക്കുക. ‌സുരക്ഷിതമായ രക്തബാങ്കിനെ മാത്രം സമീപിക്കുക.
∙ ഹെപ്പറ്റൈറ്റിസ്, മലേറിയ സാധ്യതയെക്കുറിച്ചും ജാഗ്രത പുലർത്തുക.
∙ രക്തദാനത്തിന്റെ പ്രാധാന്യം വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക. രക്തദാനത്തിനു സന്നദ്ധരായ യുവനിരയെ പടുത്തുയർത്തുക.
∙ ആവശ്യക്കാർ ഇടനിലക്കാരുടെ പിടിയിൽപെടുന്നത് ഒഴിവാക്കണം. സംസ്ഥാനതലത്തിൽ രക്തദാതാക്കളെയും സംഘടനകളെയും ഏകോപിപ്പിക്കുന്നതിനു 108 ആംബുലൻസിന്റെ മാതൃകയിൽ കോൾ സെന്ററും നമ്പറും ക്രമീകരിക്കണം.
∙ മുൻകൂട്ടി തീരുമാനിക്കുന്ന ശസ്ത്രക്രിയകളിൽ സ്വന്തം രക്തം നേരത്തെ എടുത്തു മാറ്റിവയ്ക്കുന്ന രീതി പ്രാവർത്തികമാക്കുക.

വിവരങ്ങൾക്കു കടപ്പാട്: കെ.പി. രാജഗോപാൽ‌, ദേശീയ പ്രസിഡന്റ്, ഫെഡറേഷൻ ഫോർ ഇന്ത്യൻ ബ്ലഡ് ഡോണർ ഓർഗനൈസേഷൻസ്. ഡോ. കെ. മോഹനൻ, ആരോഗ്യ സർവകലാശാല മെഡിസിൻ വിഭാഗം ഡീൻ, ഐഎംഎ രക്തബാങ്ക് ജോയിന്റ് ഡയറക്ടർ.

പരമ്പര അവസാനിച്ചു