നോട്ടം ഗുജറാത്തിലെ ‘വോട്ട് ചുഴലി’യിൽ

ഗുജറാത്ത് തീരത്തേക്കു നീങ്ങിയ ഓഖി ചുഴലിക്കാറ്റ് ഏതു ദിശയിൽ ആഞ്ഞടിക്കുമെന്ന ആശങ്കയിലാണ് ഈ പശ്ചിമോരം. ആഞ്ഞടിക്കുന്ന തിരഞ്ഞെടുപ്പുകാറ്റിന്റെ ദിശയറിയാതെ കുഴങ്ങുന്നു, ഗുജറാത്തിന്റെ രാഷ്ട്രീയ മനസ്സും.

ആദ്യഘട്ട ജനവിധിക്കു നാലുനാൾ മാത്രം ശേഷിക്കെ, ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രധാന പരീക്ഷണശാലകളിലൊന്നായി ഈ സിംഹമുഖം മാറുന്നു. മുകളിൽ വരയില്ലാത്ത ഹിന്ദിയെഴുത്ത് മാത്രമല്ല ഗുജറാത്ത് എന്ന് ഏതു തിരഞ്ഞെടുപ്പിലും തെളിയിക്കാൻ കരുത്തുള്ള സംസ്ഥാനം. ഗുജറാത്ത് ജനതയുടെ തനിമയും സ്വത്വബോധവും വോട്ടിൽ പ്രതിഫലിക്കുമ്പോൾ ഇവിടെ രാഷ്ട്രീയ ചുഴലിക്കാറ്റുകൾ ചിലരുടെ പ്രതീക്ഷകളെ തച്ചുതകർത്തിട്ടുണ്ട്; മറ്റു ചില പ്രതീക്ഷകളെ കൈവെള്ളയിൽ കാത്തുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഭരണത്തിലുള്ള ബിജെപിക്കും ഭരണം പിടിക്കാനോങ്ങുന്ന കോൺഗ്രസിനും അഗ്നിപരീക്ഷയുടെ കളം തീർത്ത ഗുജറാത്തിലാണു രാജ്യത്തിന്റെ കണ്ണും കാതും.

മോദിയും രാഹുലും നേർക്കുനേർ

പ്രധാനമന്ത്രിയായശേഷം സ്വന്തം തട്ടകത്തിൽ ആദ്യം നടക്കുന്ന തിരഞ്ഞെടുപ്പ് ‘മോദി ഇംപാക്ടി’ന്റെ മാറ്റു നോക്കാനുള്ള പരീക്ഷണമാണെന്ന് ആരെക്കാളും നന്നായി അറിയാവുന്നതു മോദിക്കാണ്. മൂന്നു തവണ താൻ മുഖ്യമന്ത്രിയായിരുന്നപ്പോഴുള്ള സ്ഥിതിയല്ല ഗുജറാത്തിലേതെന്നു തിരിച്ചറിയുന്ന മോദി പ്രചാരണത്തിന്റെ ചുക്കാൻ ഏറ്റെടുത്തതും അതുകൊണ്ടുതന്നെ. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ഫലം നോക്കി വേണം ലോക്സഭാ തിരഞ്ഞെടുപ്പു തീരുമാനിക്കാനെന്നു മോദിയുടെ മനസ്സു പറയുന്നു. ഛത്തീസ്ഗഡ്, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡീഷ, മേഘാലയ, മിസോറം, നാഗാലാൻഡ്, ത്രിപുര സംസ്ഥാന തിരഞ്ഞെടുപ്പുകൾ തൊട്ടുമുൻപിലുണ്ടുതാനും.

കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് അടുത്തയാഴ്ച പദമൂന്നുമ്പോൾ, ഗുജറാത്തിൽനിന്നൊരു തിളക്കം ഒപ്പമുണ്ടാകണമെന്നു രാഹുൽ ഗാന്ധിക്കു നിർബന്ധമുണ്ട്. ആഴ്ചയിൽ രണ്ടെന്ന തോതിൽ ഗുജറാത്തിൽ പര്യടനം നടത്തുന്ന രാഹുൽ, ഇടയ്ക്കു വിരിയുന്ന നാലുമണിപ്പൂവ് മാത്രമല്ല താനെന്ന് ഇതിനകം തെളിയിച്ചു. നിലവിലുള്ള സീറ്റുകൾക്കു പുറമേ ഓരോ ജില്ലയിൽനിന്നും (ആകെ ജില്ലകൾ 33) രണ്ടുമുതൽ നാലുവരെ സീറ്റ് കൂടുതൽ കിട്ടുമെന്ന പ്രതീക്ഷയാണു രാഹുലിനും കോൺഗ്രസിനും.

രാഹുലിന്റെ ചോദ്യങ്ങൾ, മോദിയുടെ മറുപടി

ഗുജറാത്ത് പര്യടനത്തിൽ എല്ലാ ദിവസവും ഓരോ ആരാധനാലയം വീതം സന്ദർശിച്ചശേഷം ബിജെപി സർക്കാരുകളോടും മോദിയോടും രാഹുൽ ഉന്നയിച്ച ഓരോ ചോദ്യവും അവയ്ക്കു മോദി നൽകിയ മറുപടിയുമാണ് ആദ്യഘട്ടത്തിന്റെ അവസാന ലാപ്പിൽ ഗുജറാത്തിനെ ഇളക്കിമറിച്ചത്. വോട്ടർമാരിൽ 65 ശതമാനവും 35 വയസ്സിൽ താഴെയുള്ളവരാണെന്നു കണ്ടായിരുന്നു രാഹുലിന്റെ ചോദ്യം. ഗുജറാത്ത് മോഡൽ വികസനത്തിന്റെ നേട്ടങ്ങൾ നിരത്തി മോദി തിരിച്ചടിച്ചു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന ജയത്തിന്റെ ബലത്തിൽ വാക്ക് ഓവർ പ്രതീക്ഷിച്ച സ്ഥിതിയല്ല ഇപ്പോൾ. ഭരണത്തിനെതിരായ വികാരംതന്നെ പ്രധാനം. അഞ്ചു വർഷത്തിനുള്ളിൽ മോദിക്കുശേഷം രണ്ടു മുഖ്യമന്ത്രിമാരെ പരീക്ഷിക്കേണ്ടിവന്നു. പട്ടേൽ - ദലിത് പ്രക്ഷോഭങ്ങളെ തുടർന്നു സ്ഥാനമൊഴിയേണ്ടിവന്ന  ആനന്ദി ബെൻ പട്ടേലിനു പകരം വിജയ് റൂപാണി മുഖ്യമന്ത്രിയായെങ്കിലും കാര്യമായൊന്നും ചെയ്യാനായില്ല. രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ സർവീസ്, നർമദ പദ്ധതി ഉൾപ്പെടെ വൻകിട പദ്ധതികൾ ഉദ്ഘാടനം ചെയ്തു സ്ഥിതി അനുകൂലമാക്കാൻ മോദി ശ്രമിച്ചത് ഇതു മറികടക്കാനായിരുന്നു. തൊഴിൽ - കൃഷി മേഖലകളിൽ നിലനിൽക്കുന്ന പ്രതിസന്ധിക്കു പരിഹാരമായിട്ടുമില്ല. ‘വൈബ്രന്റ് ഗുജറാത്ത്’ എന്ന മുദ്രാവാക്യം ബിജെപി ആവർത്തിക്കുമ്പോൾ, ഗ്രാമീണ മേഖലയിലെ ദുരിതങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേരിടുന്നു. നോട്ടുനിരോധനം സൃഷ്ടിച്ച പ്രതിസന്ധി, ഗുജറാത്തിന്റെ ‘പ്രത്യേക’ ദേശീയതകൊണ്ടു മറികടക്കാനാവുമെന്നു ബിജെപി ക്യാംപ് കണക്കെഴുതുന്നു. ‘ഞാൻ ഗുജറാത്തിന്റെ പുത്രനാണ്’ എന്നു മോദി ആവർത്തിക്കുന്നത് ഇതു മുന്നിൽക്കണ്ടാണ്.

ജാതിരാഷ്ട്രീയം വാഴും കാലം

ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിലൂടെ വിജയ ഫോർമുല തീർത്തിരുന്ന ബിജെപിക്ക് ഇക്കുറി വഴിക്കണക്കു മാറ്റിയെഴുതേണ്ടിവരുന്നു. പട്ടേൽ സംവരണ പ്രക്ഷോഭ നായകൻ ഹാർദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള പടിദാർ അനാമത് ആന്ദോളൻ സമിതി (പാസ്) ഗുജറാത്ത് രാഷ്ട്രീയം ഇളക്കിമറിച്ചതിനൊപ്പം ദലിത് നേതാവ് ജിഗ്നേഷ് മേവാനിയും പിന്നാക്ക നേതാവ് അൽപേഷ് താക്കൂറും കോൺഗ്രസിനു തുണയായി നിൽക്കുന്നു. ജാതി പറഞ്ഞ് ഓരോ വോട്ടും കൈക്കലാക്കാൻ പിന്നിലല്ലാത്ത ബിജെപിയും കോൺഗ്രസും മുഖ്യമന്ത്രിസ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതും മറ്റൊന്നും കൊണ്ടല്ല. ജനസംഖ്യയിൽ 88 ശതമാനമാണു ഹിന്ദുക്കൾ. മുസ്‌ലിംകൾ 10%, ജൈനർ ഒരു ശതമാനം, ക്രൈസ്തവർ 0.6 ശതമാനം എന്നിങ്ങനെ. ഹിന്ദുക്കളിൽ ഇരുപതു ശതമാനത്തോളം പട്ടേൽ സമുദായക്കാർ. ആദിവാസികൾ 18% ഉൾപ്പെടെ പിന്നാക്കക്കാർ അൻപതു ശതമാനത്തോളം വരും.

ബിജെപിയുടെ സ്വപ്നം, കോൺഗ്രസിന്റെ മോഹം

വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ച ജഡ്ജിയുടെ ദുരൂഹമരണം സംബന്ധിച്ച വെളിപ്പെടുത്തൽ അമിത് ഷായെയും ബിജെപിയെയും ഒരുവേള പിന്നോട്ടടിച്ചെങ്കിലും മോദിയുടെ വ്യക്തിപ്രഭാവത്തിൽ അതു മറികടക്കാൻ പാർട്ടിക്കായി. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം, ശക്തമായ പാർട്ടി സംവിധാനം എന്നിവ കൈമുതലാക്കി ബിജെപി കുതിക്കുമ്പോൾ, കോൺഗ്രസിനെ അലട്ടുന്നതു ദുർബലമായ പാർട്ടി യന്ത്രമാണ്.

മഴവിൽ സഖ്യത്തിൽ നിഴൽ വീഴ്ത്തി എൻസിപിയും മുൻ മുഖ്യമന്ത്രി ശങ്കർസിങ് വഗേലയുടെ മുന്നണിയും ഒറ്റയ്ക്കു മത്സരിക്കുന്നതു കോൺഗ്രസിന് ആശങ്ക നൽകുമ്പോൾ, ശിവസേനയുടെ സാന്നിധ്യം ചിലയിടത്തെങ്കിലും ബിജെപി ഭയക്കുന്നു. ബിജെപിയും കോൺഗ്രസും അവസാന നിമിഷത്തേക്കു കരുതിവച്ചിരിക്കുന്ന ആയുധങ്ങളുടെ മൂർച്ച അനുസരിച്ചിരിക്കും തീരസംസ്ഥാനത്തെ ജനവിധി. 

89 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് 9ന്

ആകെയുള്ള 182 മണ്ഡലങ്ങളിൽ ആദ്യഘട്ടത്തിൽ സൗരാഷ്ട്ര, കച്ച്, ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളിലായുള്ള 89 എണ്ണത്തിലാണ് ഈ മാസം ഒൻപതിനു വോട്ടെടുപ്പ്. 24,689 പോളിങ് സ്റ്റേഷനുകളും 27,158 ഇലക്ട്രോണിങ് വോട്ടിങ് യന്ത്രങ്ങളും തയാറായിക്കഴിഞ്ഞു. ആകെ സ്ഥാനാർഥികൾ 977. ബിജെപി 89 മണ്ഡലങ്ങളിലും സ്ഥാനാർഥിയെ നിർത്തിയപ്പോൾ, കോൺഗ്രസ് 87ൽ മത്സരിക്കുന്നു. ബിഎസ്പി - 64, ഓൾ ഇന്ത്യാ ഹിന്ദുസ്ഥാൻ കോൺഗ്രസ് - 48, എൻസിപി - 30, ശിവസേന - 25, ആം ആദ്മി പാർട്ടി - 21, സിപിഎം (രണ്ട്) ഉൾപ്പെടെ മറ്റുള്ളവർ - 613. രണ്ടാംഘട്ട വോട്ടെടുപ്പ് ഈ മാസം 14ന്. വോട്ടെണ്ണൽ 18ന്. 

തുടരെ അ‍ഞ്ചുവട്ടം ബിജെപി

2012ൽ 115 സീറ്റുകൾ തൂത്തുവാരിയാണു ബിജെപി തുടർച്ചയായ അഞ്ചാം തവണയും അധികാരം പിടിച്ചത്. കോൺഗ്രസ് 61 സീറ്റുകൾ നേടി. മറ്റു പാർട്ടികൾ: ഗുജറാത്ത് പരിവർത്തൻ പാർട്ടി - രണ്ട്, എൻസിപി - രണ്ട്, ജനതാദൾ (യു) - രണ്ട്, സ്വതന്ത്രൻ - ഒന്ന്.