സുപ്രീംകോടതിയിലെ കലാപപുരുഷൻ ജസ്റ്റിസ് ചെലമേശ്വർ

സുപ്രീം കോടതിയിലെ കലാപപുരുഷനാണ് ജസ്‌റ്റിസ് ജസ്‌തി ചെലമേശ്വർ. രഹസ്യമായും ചിലപ്പോഴൊക്കെ വിധിന്യായങ്ങളിലൂടെയും ഇടയ്‌ക്കു മാധ്യമങ്ങളിലൂടടെയും അദ്ദേഹം ജുഡീഷ്യറിയിലെ നടപടിപ്പിഴവുകൾക്കെതിരെ കലഹിച്ചു. താൻ തനിച്ചല്ലെന്നും മുതിർന്ന മറ്റു പല ജഡ്‌ജിമാരും തനിക്കൊപ്പമുണ്ടെന്നുംകൂടി അദ്ദേഹത്തിന് ഇന്നലെ വ്യക്‌തമാക്കാൻ സാധിച്ചു. 

ജഡ്‌ജി നിയമനത്തിനുള്ള കൊളീജിയം സംവിധാനത്തിന്റെ പോരായ്‌മകളെ ജസ്‌റ്റിസ് ചെലമേശ്വർ 2016 സെപ്‌റ്റംബറിൽ ഒരു ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലൂടെ തുറന്നുകാട്ടിയിരുന്നു. കൊളീജിയത്തിലെ രണ്ടു പേരുടെ തീരുമാനം മറ്റുള്ളവരുടെ മേൽ അടിച്ചേൽപിക്കുന്ന രീതിയാണുള്ളതെന്നും ജസ്‌റ്റിസ് ചെലമേശ്വർ അന്ന് ആരോപിച്ചു.  

കഴിഞ്ഞ നവംബറിൽ, ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പരോക്ഷമായി ആരോപണമുന്നയിക്കപ്പെട്ട മെഡിക്കൽ  കോഴക്കേസിലെ ഒരു ഹർജി ഏറ്റവും മുതിർന്ന അഞ്ചു ജഡ്‌ജിമാരുൾപ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേൾക്കണമെന്നാണ്  ചെലമേശ്വർ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. എന്നാൽ, ഏതു കേസ് ഏതു ബെഞ്ചു കേൾക്കണമെന്നു തീരുമാനിക്കുന്നത് കോടതിയുടെ അധിപനായ ചീഫ് ജസ്‌റ്റിസാണെന്നു വ്യക്‌തമാക്കി രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്‌റ്റിസ് നേതൃത്വം നൽകിയ അഞ്ചംഗ ബെഞ്ച് റദ്ദാക്കി. 

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതിയിൽ ജഡ്‌ജിയാക്കാഞ്ഞ കൊളീജിയത്തിന്റെ തീരുമാനത്തിനെതിരെ ചെലമേശ്വർ വിയോജനക്കുറിപ്പെഴുതിയിരുന്നു. ജസ്‌റ്റിസ് ജോസഫിനെ സുപ്രീം കോടതിയിൽ നിയമിക്കണമെന്ന് കഴിഞ്ഞ ദിവസം ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയും ജസ്‌റ്റിസ് ചെലമേശ്വറും ഉൾപ്പെട്ട കൊളീജിയം ശുപാർശ ചെയ്‌തു. 

ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയും ജസ്‌റ്റിസ് ചെലമേശ്വറും 2011 ഒക്‌ടോബർ 10നാണ് സുപ്രീം കോടതി ജഡ്‌ജിമാരായത്. ചീഫ് ജസ്‌റ്റിസ് മിശ്ര ഈ വർഷം ഒക്‌ടോബർ രണ്ടിനും  ചെലമേശ്വർ  ജൂൺ 22നും വിരമിക്കും. 2011 സെപ്‌റ്റംബറിൽ, സുപ്രീം കോടതി ജഡ്‌ജിമാരായി നിയമിക്കപ്പെടാൻ അഞ്ചു പേരെ രണ്ടു ഗഡുക്കളായാണ് ശുപാർശ ചെയ്‌തത്.

ജസ്‌റ്റിസ് ചെലമേശ്വർ രണ്ടാമത്തെ ഗഡുവിലാണ് ഉൾപ്പെട്ടത്. ആദ്യത്തേതിൽ ഉൾപ്പെടുത്തിയാൽ അദ്ദേഹം ചീഫ് ജസ്‌റ്റിസാകുമെന്നും അത് ഒഴിവാക്കാനാണ് ശുപാർശ രണ്ടു ഗഡുക്കളാക്കിയതെന്നും ആരോപണമുണ്ടായി. ഈ ആരോപണം ഉന്നത ജുഡീഷ്യറിയിലുള്ളവർ നിഷേധിച്ചിട്ടില്ല. പകരം, ഇത്തരത്തിലുള്ള പല സംഭവങ്ങളുമുണ്ടെന്നാണ് സിറ്റിങ് ജഡ്‌ജിമാരിൽ ചിലർ പോലും പ്രതികരിച്ചിട്ടുള്ളത്.