നിറങ്ങളെഴുതുന്നു, രാഷ്ട്രീയചിത്രം

പാസ്പോർട്ടിന്റെ നിറം മാറ്റാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പുതിയ രാഷ്ട്രീയപ്പോരിനു കളമൊരുക്കിയിരിക്കുന്നു. വിദേശത്തു ജോലിയെടുക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരെ നരേന്ദ്ര മോദി സർക്കാർ രണ്ടാം തരം പൗരൻമാരായാണു പരിഗണിക്കുന്നതെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തുന്നു. വിദേശയാത്രയ്ക്ക് എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള ഇന്ത്യക്കാരുടെ പാസ്പോർട്ടിന് പ്രത്യേക നിറം നൽകാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനമാണു രാഹുൽ ഗാന്ധിയെ ക്ഷുഭിതനാക്കിയത്.

ബിരുദധാരികളല്ലാത്തവരുടെ വിദേശയാത്രയ്ക്ക് സർക്കാരിന്റെ അനുമതിപത്രം ആവശ്യമാണ്. ഇവരുടെ പാസ്പോർട്ടിന്റെ കവർ ഓറഞ്ച് നിറത്തിലാക്കാനാണു തീരുമാനം. എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ലാത്തവരുടെ പാസ്പോർട്ടിനു നീലനിറം തന്നെ തുടരും. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ പാസ്പോർട്ടിന്റെ നിറം നീലയാണ്. ബിരുദധാരികളല്ലാത്തവരുടെ പാസ്പോർട്ടിന് ഓറഞ്ച് നിറം നൽകുന്നതോടെ അവർക്കു വിമാനത്താവളങ്ങളിലും ജോലിക്കുപോകുന്ന വിദേശരാജ്യങ്ങളിലും കൂടുതൽ സൗകര്യം ലഭിക്കുമെന്നാണു കേന്ദ്രസർക്കാരിന്റെ നിലപാട്. 

എസ്.എം. കൃഷ്ണ വിദേശമന്ത്രിയായിരുന്ന കാലത്താണ് പാസ്പോർട്ട് അപേക്ഷകൾ വേഗത്തിലാക്കാനുള്ള നടപടി സ്വീകരിച്ചത്. പാസ്പോർട്ടിനുള്ള അഭിമുഖം കഴിഞ്ഞാൽ ഒരാഴ്ചയ്ക്കകം പാസ്പോർട്ട് ലഭിക്കാനുള്ള സാങ്കേതിക പരിഷ്കാരം കൃഷ്ണയുടെ കാലത്തു നടപ്പാക്കി. ഇതോടെ കെട്ടിക്കിടന്ന അപേക്ഷകളെല്ലാം വേഗത്തിൽ തീർപ്പാക്കാനായി. സുഷമ സ്വരാജും ഈ പരിഷ്കരണ നടപടികൾ തുടരുകയാണു ചെയ്തത്. പാസ്പോർട്ട് പുതിയതെടുക്കാനോ, പുതുക്കാനോ ഉള്ള അപേക്ഷകൾ വൈകുന്നുവെന്നു ട്വിറ്ററിലൂടെ ലഭിക്കുന്ന പരാതികൾപോലും സുഷമ സ്വരാജ് ഏറ്റെടുത്തു പരിഹരിക്കാറുണ്ട്. പാസ്പോർട്ട് നഷ്ടമായതുമൂലം വിദേശത്തു കുടുങ്ങിപ്പോയ ഇന്ത്യക്കാരെ സഹായിക്കാൻ ഇന്ത്യൻ എംബസികൾ അവധിദിവസം പാതിരാത്രിയിൽ തുറന്നു പ്രവർത്തിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

വിദേശമന്ത്രാലയം പാസ്പോർട്ടിൽ രണ്ടു നിർണായക മാറ്റങ്ങളാണു വരുത്തുന്നത്. ഒന്നാമത്, വിദ്യാഭ്യാസം കുറഞ്ഞവർക്കും വിദ്യാഭ്യാസമുള്ളവർക്കുമായി രണ്ടു നിറത്തിലുള്ള പാസ്പോർട്ടുകൾ. രണ്ടാമത്, പാസ്പോർട്ടിൽ വിലാസം സൂചിപ്പിക്കുന്ന അവസാനത്തെ താൾ എടുത്തുകളയുന്നു. പാസ്പോർട്ടിനു പത്തു വർഷത്തെ കാലാവധിയാണുള്ളത്. ഇതിനിടെ വിലാസം മാറാനുള്ള സാധ്യതകളേറെയാണ്. വിലാസത്തിലെ മാറ്റങ്ങൾ പാസ്പോർട്ടിൽ വരുത്താനും നിലവിൽ സംവിധാനമില്ല. ഇക്കാരണത്താൽ വിലാസം നൽകുന്ന പേജ് ഒഴിവാക്കാമെന്നാണു സർക്കാരിന്റെ തീരുമാനം. വീട്ടുവിലാസത്തിനുള്ള രേഖയായി പാസ്പോർട്ട് ഹാജരാക്കാനാകില്ലെന്നാണു വിദേശമന്ത്രാലയം പറയുന്നത്. കാരണം, നിലവിൽ വിലാസരേഖ ആധാർ കാർഡാണ്. പാസ്പോർട്ടിലെ വിലാസം പേജ് നീക്കം ചെയ്യുന്നതോടെ എല്ലാ പൗരൻമാരും വിലാസം തെളിയിക്കാൻ ആധാർ കാർഡ് തന്നെ ഹാജരാക്കേണ്ടിവരും. സർക്കാരിന്റെ ലക്ഷ്യവും അതാണ്. നിലവിൽ വോട്ടർ ഐഡി കാർഡ് വിലാസം തെളിയിക്കാനുള്ള രേഖയല്ലാതായിട്ടുണ്ട്. താമസിയാതെ, ആധാർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ഡ്രൈവിങ് ലൈസൻസും വിലാസം തെളിയിക്കാൻ ഹാജരാക്കാനാകില്ല. പാസ്പോർട്ടിന് അപേക്ഷിക്കുമ്പോഴും ആധാർ കാർഡ് ഹാജരാക്കാൻ അധികൃതർ ആവശ്യപ്പെടുന്നുണ്ട്. 

പാസ്പോർട്ട് നിറംമാറ്റം വിവേചനപരമാണെന്ന രാഹുൽ ഗാന്ധിയുടെ ആക്ഷേപം പൂർണമായും ശരിയല്ല. പാസ്പോർട്ട് നൽകുമ്പോൾ സർക്കാർ ഇപ്പോൾ ചെയ്യുന്നത് എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ല (ഇസിഎൻആർ), എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുണ്ട് (ഇസിആർ) എന്നീ മുദ്രകളിലൊന്ന് പാസ്പോർട്ടിൽ പതിപ്പിക്കലാണ്. ഈ സമ്പ്രദായം കൊണ്ടുവന്നതാകട്ടെ, ഗൾഫ് അടക്കം വിദേശരാജ്യങ്ങളിൽ ജോലിയെടുക്കുന്ന വിദ്യാഭ്യാസമില്ലാത്ത ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ തൊഴിലവകാശം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. വിദേശജോലിയുടെ പേരിൽ വ്യാജ വാഗ്ദാനം നൽകി തൊഴിലന്വേഷകരെ വഞ്ചിക്കുന്ന ഏജൻസികളുണ്ട്. ഇത്തരത്തിൽ തൊഴിൽ വഞ്ചന മൂലം ഒട്ടേറെപ്പേർ വിദേശരാജ്യങ്ങളിൽ കുടുങ്ങാറുണ്ട്. ഇതു തടയാനായി ഇന്ദിരാഗാന്ധി മന്ത്രിസഭയുടെ കാലത്ത്, 1983ലാണ് പ്രൊട്ടക്ടറേറ്റ് ഓഫ് എമിഗ്രന്റ്സ് സ്ഥാപിച്ചത്. 17 രാജ്യങ്ങൾക്കു വേണ്ടിയാണ് ഇസിആർ മുദ്ര ഇപ്പോൾ പാസ്പോർട്ടിൽ പതിപ്പിക്കുന്നത്. ഗൾഫ് രാജ്യങ്ങൾക്കു പുറമേ ലിബിയ, ജോർദാൻ, അഫ്ഗാനിസ്ഥാൻ, മലേഷ്യ, ഇന്തൊനീഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ എമിഗ്രേഷൻ ക്ലിയറൻസ് വേണം.

എന്നാൽ, ഇസിആർ മുദ്രയുള്ള പാസ്പോർട്ട് ഉള്ളവർക്കു പല വിദേശ രാജ്യങ്ങളിലെയും വിമാനത്താവളങ്ങളിൽ നല്ല പെരുമാറ്റമല്ല ലഭിക്കുന്നത് എന്നതു വസ്തുതയാണ്. അവരെ ദീർഘനേരം വരിയിൽ നിർത്തുകയോ, പലപ്പോഴും തറയിൽ ഇരുത്തി ബുദ്ധിമുട്ടിക്കുകയോ ചെയ്യാറുണ്ട്. പാസ്പോർട്ട് നിറം മാറ്റുന്നതോടെ ഓറഞ്ച് പാസ്പോർട്ട് ഉള്ളവർക്ക് ഇസിആർ രാജ്യങ്ങൾക്കു പുറമേ, ലോകത്തിലെ മറ്റു രാജ്യങ്ങളിലും വിവേചനം നേരിടേണ്ടിവരുമെന്ന് ആശങ്കയുണ്ട്. 

സർക്കാർ പറയുന്നതു മറ്റൊന്നാണ്. നിറംമാറ്റം വിദേശത്ത് തൊഴിൽസുരക്ഷ ഉറപ്പാക്കുന്നതു കൂടാതെ, ഇത് ആളുകളെ നല്ല വിദ്യാഭ്യാസം നേടി നീല പാസ്പോർട്ട് സ്വന്തമാക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും എന്നാണ്.