Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാസ്പോർട്ട് സേവാ കേന്ദ്ര നടത്തിപ്പിന് പുതിയ സ്ഥാപനത്തെ തേടുന്നു

കോഴിക്കോട് ∙ കഴിഞ്ഞ 10 വർഷമായി ടാറ്റാ കൺസൽറ്റൻസി സർവീസസിന്റെ (ടിസിഎസ്) കയ്യിലുള്ള പാസ്പോർട്ട് സേവാകേന്ദ്ര നടത്തിപ്പും പാസ്പോർട്ട് സോഫ്റ്റ്‌വെയർ പരിപാലനവും കൈകാര്യം ചെയ്യാൻ പുതിയ സ്ഥാപനത്തെ തേടി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ടിസിഎസുമായുള്ള 1,000 കോടി രൂപയുടെ കരാർ 2020 ജൂൺ 11 വരെ നീട്ടിയിട്ടുള്ളതിനാൽ അതിനു ശേഷമാകും പുതുതായി നിയമിക്കപ്പെടുന്നവർക്ക് അവസരം ലഭിക്കുക. കമ്പനികളിൽനിന്നു മന്ത്രാലയം താൽപര്യപത്രം ക്ഷണിച്ചു. പാസ്പോർട്ട് വിതരണം സേവാകേന്ദ്രങ്ങളിലൂടെ (പിഎസ്കെ) ആക്കിയതു മുതൽ ടിസിഎസിനാണു നടത്തിപ്പു ചുമതല. 2008ൽ ആണ് അവരുമായി 10 വർഷത്തെ കരാർ ഒപ്പിട്ടത്.

രാജ്യത്താകെയുള്ള 93 സേവാകേന്ദ്രങ്ങളുടെ നടത്തിപ്പ് കരാറേറ്റെടുക്കുന്ന കമ്പനിയുടെ പ്രധാന ഉത്തരവാദിത്തമാണ്. അതിനു പുറമേ 289 പോസ്റ്റ് ഓഫിസ് പാസ്പോർട്ട് സേവാകേന്ദ്രങ്ങളുടെ കാര്യവും ഏറ്റെടുക്കണം. പാസ്പോർട്ട് സേവ മൊബൈൽ ആപ്ലിക്കേഷൻ, പാസ്പോർട്ട് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകൾ എന്നിവയുടെ രൂപകൽപന മുതൽ നടത്തിപ്പും തകരാർ പരിഹരിക്കലുമൊക്കെ കമ്പനിയുടെ ചുമതലയിൽപെടും. 10 വർഷത്തേക്കാണു കരാർ ലഭിക്കുക. രാജ്യത്തെ പാസ്പോർട്ട് ഓഫിസുകളിലേക്കും സേവാകേന്ദ്രങ്ങളിലേക്കുമുള്ള കംപ്യൂട്ടറുകൾ വാങ്ങുന്നതുൾപ്പെടെയുള്ള ഹാർഡ്‌വെയർ സേവനങ്ങളും കരാറുകാരുടെ ചുമതലയിലേക്കു മാറും. 

രാജ്യത്തെ പൗരൻമാരുടെ അതിപ്രധാന വിവരങ്ങൾ ഉൾക്കൊള്ളുന്ന പാസ്പോർട്ട് പോലെയുള്ള രേഖ ഒരു സ്വകാര്യ ഏജൻസി കൈകാര്യം ചെയ്യുന്നതിലെ സുരക്ഷാ പാളിച്ചയെപ്പറ്റി ഇടക്കാലത്തു ചർച്ച ഉയർന്നിരുന്നെങ്കിലും വിദേശകാര്യ മന്ത്രാലയം ആരോപണങ്ങൾ തള്ളിക്കളഞ്ഞിരുന്നു. ഇപ്പോൾ രാജ്യത്തെ വൻകിട ഐടി കമ്പനികൾക്ക് ഈ മേഖലയിലേക്ക് അവസരം നൽകി താൽപര്യപത്രം വിളിക്കുകയും ചെയ്തിരിക്കുന്നു.