Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാസ്പോർട്ട്: നടപടി ലളിതമാക്കി; പൊലീസ് പരിശോധന തുടരും

കൊച്ചി∙ അപേക്ഷാ നടപടികൾ ലളിതമാക്കിയെങ്കിലും പാസ്പോർട്ട് ലഭിക്കുന്നതിനു പൊലീസ് പരിശോധന ഒഴിവാക്കിയിട്ടില്ലെന്നു റീജനൽ പാസ്പോർട്ട് ഓഫിസർ പ്രസാദ് ചന്ദ്രൻ. അപേക്ഷകന്റെ വിലാസം കൃത്യമാണോ കുറ്റകൃത്യ പശ്ചാത്തലമുണ്ടോ എന്നീ കാര്യങ്ങളാണു ഇത്രയും കാലം പൊലീസ് പരിശോധിച്ചിരുന്നത്. ഇനി ക്രിമിനൽ പശ്ചാത്തലം മാത്രമേ അന്വേഷിക്കൂ. അതിനായി അപേക്ഷകനെ നേരിട്ടു കാണുകയോ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിക്കുകയോ ചെയ്യേണ്ടതില്ല. വിലാസം ശരിയാണോയെന്നു പൊലീസ് പരിശോധിക്കേണ്ടതില്ല. അപേക്ഷയിൽ രേഖപ്പെടുത്തുന്ന വിലാസത്തിലാണു പാസ്‌പോർട്ട് അയയ്ക്കുക. ഇത് അപേക്ഷകൻ നേരിട്ടു കൈപ്പറ്റണം. നേരിട്ടു കൈപ്പറ്റാത്തവ പാസ്‌പോർട്ട് ഓഫിസുകളിലേക്ക് തിരിച്ചയയ്ക്കും. 

എവിടുന്നും അപേക്ഷിക്കാം

നടപടികൾ ലളിതമാക്കിയതോടെ രാജ്യത്തെ ഏതു പാസ്പോർട്ട് ഓഫിസ് വഴിയും അപേക്ഷ നൽകാനാവും. മുൻപ് അപേക്ഷകൻ താമസിക്കുന്ന സ്ഥലം ഉൾപ്പെടുന്ന ഓഫിസിന്റെ പരിധിയിലുള്ള സേവാ കേന്ദ്രങ്ങളിൽ മാത്രമേ അപേക്ഷ നൽകാൻ കഴിയുമായിരുന്നുള്ളൂ. ഉദാഹരണത്തിന് ഡൽഹിയിൽ താമസിക്കുന്നയാൾക്കു കേരളത്തിലെ സ്ഥിരം വിലാസം നൽകി ഡൽഹിയിൽ അപേക്ഷ നൽകാം. 

ഏജന്റ് വേണ്ട; സേവാ ആപ്പുണ്ട്

എം പാസ്പോർട്ട് സേവാ ആപ്പാണു മറ്റൊരു പുതുമ. ഏജന്റുമാരുടെ സഹായമില്ലാതെ ആർക്കും ആപ് വഴി റജിസ്റ്റർ ചെയ്തു പാസ്പോർട്ട് സേവാ കേന്ദ്രം തിരഞ്ഞെടുക്കാം. 

ജനന തീയതി വേണ്ട; ഉള്ളത് നന്ന്

പാസ്പോർട്ട് അപേക്ഷയ്ക്കു ജനന തീയതി നിർബന്ധമല്ല. എന്നാൽ, പല വിദേശരാജ്യങ്ങളും വീസ നൽകുന്നതിനു ജനന തീയതി പരിഗണിക്കുന്നതിനാൽ അതു കൂടി ചേർത്ത് അപേക്ഷിക്കുന്നതാണു നല്ലത്. 

അതിവേഗം കേരള പൊലീസ്

കേരളത്തിലാണ് ഏറ്റവും വേഗം പൊലീസ് അന്വേഷണം പൂർത്തിയാക്കി പാസ്പോർട്ട് അയയ്ക്കുന്നത്. ശരാശരി 10 ദിവസത്തിനകം നടപടികൾ പൂർത്തിയാകും. 36 പേജുള്ള പാസ്പോർട്ട് ബുക്കിന് 1500 രൂപയും 60 പേജിന്റെ ബുക്കിന് 2000 രൂപയും ഫീസായി ഓൺലൈൻ വഴി അയയ്ക്കാം. മറ്റു ചെലവുകളില്ല. തത്കാലിന് 2000 രൂപ അധികമായി പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ അടയ്ക്കണം. തത്കാൽ അപേക്ഷയ്ക്കു മൂന്നു തിരിച്ചറിയൽ രേഖകൾ വേണം. റേഷൻ കാർഡും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.