ബിജെപിയുടെ ആഘോഷ കാലം

നിയമസഭാതിരഞ്ഞെടുപ്പുകളിൽ നരേന്ദ്ര മോദി–അമിത് ഷാ കൂട്ടുകെട്ടു നേടിയ തിളക്കമാർന്ന വിജയം ബിജെപി വലിയ തോതിലാണ് ആഘോഷിക്കുന്നത്. കാബിനറ്റ് മന്ത്രിമാരും പാർട്ടി മുഖ്യമന്ത്രിമാരും പാർട്ടി നേതാക്കളുമെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനോന്മുഖവും അഴിമതിരഹിതവുമായ പ്രതിച്ഛായയെ ഉയർത്തിക്കാട്ടുമ്പോൾത്തന്നെ, അമിത് ഷായെ ആധുനിക ചാണക്യൻ എന്നു വാഴ്ത്തുകയും ചെയ്യുന്നു. 

മോദി പ്രധാനമന്ത്രിയായശേഷം നടന്ന 21 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 11 എണ്ണത്തിൽ ബിജെപി നേരിട്ടോ മുന്നണിയായോ വിജയിച്ചു. ആറു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും ബിജെപിക്കു വൻപരാജയവും നേരിട്ടു. അഞ്ചു നിയമസഭാതിരഞ്ഞെടുപ്പുകൾ കൂടി ഈ വർഷം നടക്കും. മറ്റു നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുക 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമായിരിക്കും. 

തങ്ങൾ അധികാരത്തിലെത്തിയ പതിനൊന്നു സംസ്ഥാനങ്ങളിൽ അഞ്ചെണ്ണത്തിൽ ബിജെപി കോൺഗ്രസിൽനിന്നു ഭരണം പിടിച്ചെടുക്കുകയാണു ചെയ്തത് (ഹരിയാന, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, അസം, ഹിമാചൽപ്രദേശ്). ജമ്മു കശ്മീർ നാഷനൽ കോൺഫറൻസ് – കോൺഗ്രസ് സഖ്യത്തിൽനിന്നും ത്രിപുര സിപിഎമ്മിൽനിന്നും യുപിയിൽ സമാജ്‌വാദി പാർട്ടിയിൽനിന്നും ഭരണം പിടിച്ചെടുത്തു. ഗുജറാത്തിൽ സ്വന്തംനിലയിലാണു ബിജെപി വിജയം നേടിയത്. നാഗാലാൻഡിൽ സഖ്യകക്ഷിയെ പിന്തുണയ്ക്കുന്നു. 

ചതുർമുഖ മൽസരം നടന്ന മഹാരാഷ്ട്രയിൽ വലിയ ഒറ്റക്കക്ഷിയായിത്തീർന്ന ബിജെപി ശിവസേനയുടെ പിന്തുണയോടെയാണ് അധികാരത്തിലിരിക്കുന്നത്. 15 വർഷം കോൺഗ്രസ് – എൻസിപി സഖ്യമായിരുന്നു മഹാരാഷ്ട്ര ഭരിച്ചത്. 

പക്ഷേ, തമിഴ്‌നാട്, കേരളം, ബംഗാൾ, ബിഹാർ, ഡൽഹി, പ‍ഞ്ചാബ്, പുതുച്ചേരി എന്നിവിടങ്ങളിൽ ബിജെപി നിലംപറ്റി. ബിഹാറിൽ വിശാലസഖ്യമാണു ജയിച്ചതെങ്കിലും പിന്നീടു മുഖ്യമന്ത്രി നിതിഷ് കുമാറിന്റെ ജെഡിയു വിശാലസഖ്യം വിട്ട് എൻഡിഎയിലേക്കു തിരിച്ചുപോയി. 

മറുവശത്തു ഗോവ, മണിപ്പുർ, മേഘാലയ എന്നിവിടങ്ങളിൽ ത്രിശങ്കു സഭയാണുണ്ടായതെങ്കിലും ഗോവയിലും മണിപ്പുരിലും സ്വന്തം മുഖ്യമന്ത്രിമാരെ വാഴിക്കാൻ ബിജെപിക്കു കഴിഞ്ഞു. മേഘാലയയിൽ രണ്ടു സീറ്റു മാത്രമാണു ലഭിച്ചതെങ്കിലും ബിജെപിയുടെ കാർമികത്വത്തിൽ അവിടെ കോൺഗ്രസ് വിരുദ്ധ സർക്കാരുണ്ടാക്കാനായി. 

ഈ വർഷം ഇനി ബിജെപിയും കോൺഗ്രസും ബലപരീക്ഷണത്തിനൊരുങ്ങുന്നതു കർണാടകയിലും മിസോറമിലുമാണ്. രണ്ടിടത്തും കോൺഗ്രസ് ഭരണമാണുള്ളത്. പിന്നാലെ തിരഞ്ഞെടുപ്പു വരുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ ബിജെപി ഭരണവും. ഒഡീഷ, തെലങ്കാന, ആന്ധ്രപ്രദേശ്, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ അടുത്തവർഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാകും നിയമസഭാ തിരഞ്ഞെടുപ്പും നടക്കുക.

ഒഡീഷയിൽ ബിജുജനതാദളാണു ഭരണത്തിൽ. തെലങ്കാനയിൽ തെലങ്കാന രാഷ്ട്രസമിതി. ആന്ധ്രയിലാകട്ടെ ബിജെപി സഖ്യകക്ഷിയായ തെലുങ്കുദേശവും. അരുണാചലിൽ ബിജെപിയും (2016 ൽ കൂറുമാറ്റത്തിലൂടെ നേടിയ ഭൂരിക്ഷമാണിത്). സിക്കിമിലെ മുഖ്യമന്ത്രി പവൻ ചാംലിങ് ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുവേ കേന്ദ്രത്തിൽ ഭരണത്തിലുള്ള കക്ഷിയെ പിന്തുണയ്ക്കുന്നതാണു ചാംലിങ്ങിന്റെ രീതി.

കോൺഗ്രസിനെതിരെ ബിജെപി നേടിയ വിജയങ്ങളുടെ തോത് വളരെ ഉയർന്നതാണ്. എന്നാൽ, ഡൽഹിയിൽ ആം ആദ്‌മി പാർട്ടിക്കെതിരെയും ബംഗാളിൽ തൃണമൂലിനെതിരെയും തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയ്ക്ക് എതിരെയും കേരളത്തിൽ എൽഡിഎഫിനെതിരെയും ബിഹാറിൽ വിശാലസഖ്യത്തിനെതിരെയും പഞ്ചാബിലും പുതുച്ചേരിയിലും കോൺഗ്രസിനെതിരെയും പൊരുതിനിൽക്കാൻ ബിജെപിക്കു കഴിഞ്ഞതുമില്ല.

പ്രാദേശിക കക്ഷികളും കോൺഗ്രസും ബിജെപിക്കെതിരായി തങ്ങളുടെ തന്ത്രങ്ങൾ പുനരാലോചിച്ചുകൊണ്ടിരിക്കുകയാണ്. തന്ത്രപരമായ സഖ്യത്തിന്റെ സാധ്യതപോലും ആലോചനാവിഷയമാണ്. എന്നാൽ, കോൺഗ്രസുമായി സഹകരിക്കുന്ന കാര്യത്തിൽ സിപിഎമ്മിൽ ഭിന്നത അവസാനിച്ചിട്ടില്ല. പൊതുശത്രുവിനെ നേരിടാൻ യുപിയിൽ എതിരാളിയായ സമാജ് വാദി പാർട്ടിയുമായി തിരഞ്ഞെടുപ്പുസഹകരണമാകാമെന്ന നിലപാടിലേക്കു ബിഎസ്പി നേതാവ് മായാവതി എത്തിയിരിക്കുന്നു.

മധ്യപ്രദേശിലും രാജസ്ഥാനിലും യഥാക്രമം ജ്യോതിരാദിത്യ സിന്ധ്യയെയും സച്ചിൻ പൈലറ്റിനെയും മുഖ്യമന്ത്രി സ്ഥാനാർഥിമാരായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാകുന്നു. കർണാടകയിൽ സിദ്ധരാമയ്യയെയും മിസോറമിൽ ലാൽത്തൻവാലയെയും ആണു കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത്.