തെളിവു നൽകുന്നവനെ കുടുക്കുന്ന തന്ത്രം പൊലീസിനു നാണക്കേട്; നീതിപാലനത്തിന് അപമാനം

മലപ്പുറം എടപ്പാളിൽ സിനിമാ തിയറ്ററിനുള്ളിൽ നിസ്സഹായയായ ബാലിക പീഡിപ്പിക്കപ്പെട്ട സംഭവം, നിയമവ്യവസ്ഥയെത്തന്നെ അപഹാസ്യമാക്കുന്നതായി. കുറ്റം പുറത്തുകൊണ്ടുവന്ന തിയറ്റർ ഉടമയെ പ്രതിയാക്കിയതോടെ, സംഭവം നീതിപാലനത്തിനു തന്നെ അപമാനവുമായി. ഒരു ക്രിമിനൽ കുറ്റം നടക്കുന്നു; സാക്ഷിയാകുന്നവർ അതു പൊലീസിനെ അറിയിക്കുന്നു. പ്രതി ഉന്നതനും രാഷ്ട്രീയ ബന്ധങ്ങളുള്ള ആളായതിനാലും പൊലീസ് പരാതിയിന്മേൽ അടയിരിക്കുന്നു. ഒടുവിൽ, എല്ലാ വാതിലും അടഞ്ഞപ്പോൾ പരാതിക്കാർ സംഭവം മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നു. നിൽക്കക്കള്ളിയില്ലാതെ പൊലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയും ചെയ്യുന്നു. പിന്നാലെ, പൊലീസിന്റെ വീഴ്ചയും പുറത്തുവരുന്നു. ഒടുവിൽ ബന്ധപ്പെട്ട എസ്ഐ സസ്പെൻഷനിലാകുന്നു. 

പൊലീസ് മൂടിവച്ച ഒരു ക്രിമിനൽ കേസ്, മാധ്യമങ്ങളുടെ സഹായത്തോടെയാണെങ്കിലും പുറത്തുവരികയും പ്രതി പിടിക്കപ്പെടുകയും ചെയ്തതിൽ ജനം ആശ്വസിച്ചിരിക്കെയാണ് സംഭവത്തിനു പെട്ടെന്നൊരു ഗതിമാറ്റം. കുറ്റകൃത്യം പുറത്തുകൊണ്ടുവരാൻ വഴിയൊരുക്കിയ തിയറ്റർ ഉടമയെത്തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്ത് പൊലീസ് എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു. 

പരാതി മൂടിവച്ച എസ്ഐക്കെതിരെയും തെളിവുനൽകിയ തിയറ്റർ ഉടമയ്ക്കെതിരെയും ഒരേ വകുപ്പുപ്രകാരം കുറ്റം ചുമത്തി എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. സംഭവം പുറത്തുവരാൻ സഹായിച്ച എല്ലാവരെയും വിഷമവൃത്തത്തിലാക്കുന്നതായി നടപടി. 

നിയമത്തിന്റെ ഇഴകീറി പരിശോധിക്കുമ്പോൾ, തെളിവു നേരിട്ടു പൊലീസിനു കൈമാറിയില്ല എന്നതിന് തിയറ്റർ ഉടമയെ കരുക്കാനുള്ള വകുപ്പുകൾ കണ്ടെത്താൻ ബുദ്ധിമുണ്ടാവില്ല. എന്നാൽ, ഒരു ക്രിമിനൽ കുറ്റം മറയ്ക്കാൻ ശ്രമിച്ചതിനു പ്രതിക്കൂട്ടിൽ നിൽക്കുന്ന പൊലീസ്, സംഭവം വെളിപ്പെടുത്തിയ ആളെത്തന്നെ പ്രതിയാക്കുമ്പോൾ അത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുന്നുണ്ട്. ‘പൊലീസിനെ പ്രതിയാക്കിയാൽ വാദിയും പ്രതിയാകും, സൂക്ഷിച്ചോ’ എന്ന സന്ദേശം. തിയറ്ററിലെ മറ്റു ജീവനക്കാരും ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരുമൊക്കെ അറസ്റ്റിന്റെ നിഴലിലാണെന്നു കേൾക്കുന്നു.

ഐജിയോ അതിനു മുകളിലുള്ള ഉന്നത ഉദ്യോഗസ്ഥരോ അറിയാതെ, നിയമോപദേശം പോലും തേടാതെ, തിരക്കിട്ട് ഒരു ഗൂഢാലോചനയെ തുടർന്ന് എന്നതുപോലെ ഇങ്ങനെയൊരു കേസ് ഉണ്ടാക്കിയതും ജനങ്ങളിൽ സംശയം ഉളവാക്കുന്നുണ്ട്. പിന്നീടു നിയമോപദേശം തേടി സർക്കാർ അതിനെ വെള്ളപൂശിയാലും ജനങ്ങളുടെ സംശയം നിലനിൽക്കും. 

പൊതുജനത്തിന്റെയും മാധ്യമങ്ങളുടെയും സഹകരണമില്ലാതെ പൊലീസിനു ക്രമസമാധാനം പാലിക്കാനോ കുറ്റകൃത്യങ്ങൾ തടയാനോ കഴിയില്ല. സാങ്കേതികത്വത്തിന്റെ മറവിൽ വേണ്ടത്ര അന്വേഷണമില്ലാതെ, വിവരം തരുന്നവരെ വീഴ്ത്തുന്ന വിദ്യ പൊലീസിലും സർക്കാരിലുമുള്ള വിശ്വാസ്യത തകർക്കും. കുറ്റകൃത്യങ്ങൾ കണ്ടാലും വിളിച്ചുപറയാനുള്ള ജനങ്ങളുടെ മനോവീര്യം നഷ്ടപ്പെടുത്തും. ഇതൊക്കെ പൊലീസിനുണ്ടാക്കുന്ന നാണക്കേട് അധികാരികൾ എന്തുകൊണ്ടു മനസ്സിലാക്കുന്നില്ല? എങ്ങനെ അവർക്ക് ഇതിനെ ന്യായീകരിക്കാൻ കഴിയുന്നു? പൊലീസിനെ, വീഴ്ചകൾ നീക്കി സംശുദ്ധമാക്കുന്നതിനു പകരം, അതു ചൂണ്ടിക്കാണിക്കുന്നവർക്കു നേരെ തിരിയുന്നത് സമൂഹത്തിനു ഗുണം ചെയ്യില്ല. സാമൂഹിക പ്രത്യാഘാതങ്ങൾകൂടി കണക്കിലെടുത്ത് ഇത്തരം പ്രവണതകളെ മുളയിലേ നുള്ളാൻ സർക്കാർ ഇടപെടണം.

(മുൻ ഡിജിപിയാണ് ലേഖകൻ)