അധ്യക്ഷാന്വേഷണ പരീക്ഷകൾ

പൊതുതിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾക്ക് ആക്കംകൂട്ടാനുള്ള നേതൃയോഗങ്ങളിലേക്കു സിപിഎം ഇന്നു കടക്കുമ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം.ഹസനും ഡൽഹിയിലായിരിക്കും. പ്രധാനമന്ത്രിയെ കാണുന്ന സർവകക്ഷിസംഘത്തിന്റെ ഭാഗമായിട്ടാണ് ഇവരുടെ ഔദ്യോഗിക യാത്രയെങ്കിലും അനൗദ്യോഗിക അജൻഡയും ഒപ്പമുണ്ട്: കെപിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിച്ചേ തീരൂ എന്ന് ഹൈക്കമാൻഡിനോട് അഭ്യർഥിക്കുക. 

ഇതു കോൺഗ്രസിന്റെ സ്ഥിതിയാണെങ്കിൽ, അവരെ വെല്ലുവിളിച്ചു മുഖ്യപ്രതിപക്ഷമാകാൻ വെമ്പിയ ബിജെപിയോ? പദവി പോയാലും ഇല്ലെങ്കിലും, നിലവിൽ എം.എം.ഹസനു പ്രസിഡന്റിന്റെ പൂർണ അധികാരമുണ്ട്. മുന്നിൽ നിർത്താൻ ബിജെപിക്ക് രണ്ടുമാസത്തോളമായി അങ്ങനെയൊരാൾ തന്നെയില്ല. ഒരുകാലത്തും ഉണ്ടാകാത്ത പ്രതിസന്ധി. ഈ രോഗം, ഈ രണ്ടു പ്രധാന പാർട്ടികളിലൊതുങ്ങുന്നില്ല. ലോക് താന്ത്രിക് ജനതാദൾ ആയി മാറിയ പഴയ ജനതാദളിന് (യു) പ്രസിഡന്റില്ലാത്തതിനാൽ അവർക്കു കേരളഘടകംതന്നെ സാങ്കേതികമായി രൂപീകരിക്കാൻ സാധിച്ചിട്ടില്ല. സംസ്ഥാന രാഷ്ട്രീയത്തിൽ ഇത് അധ്യക്ഷാന്വേഷണ പരീക്ഷണങ്ങളുടെ കാലമാണ്. 

കോൺഗ്രസിന്  സംഭവിച്ചത് 

കോൺഗ്രസ് പ്രവർത്തകസമിതി പ്രഖ്യാപിച്ചതോടെ കെപിസിസി പ്രസിഡന്റ് തീരുമാനം ഇനി നീട്ടില്ലെന്ന പ്രതീക്ഷ ശക്തമാണ്. തിരഞ്ഞെടുപ്പു തയാറെടുപ്പുകളെ ഈ അനിശ്ചിതത്വം വല്ലാതെ ബാധിച്ചിരിക്കുന്നുവെന്ന വികാരം പ്രധാന നേതാക്കൾതന്നെ ഹൈക്കമാൻഡിനെ അറിയിച്ചുതുടങ്ങി. മുതിർന്ന നേതാവ് എം.എം.ജേക്കബിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനോട് തന്റെ പ്രയാസം ഹസൻ വ്യക്തമാക്കിയിരുന്നു. പുതിയ കെപിസിസി പ്രസിഡന്റ് വരുമെന്ന വാർത്തകളാണ് ഓരോ ദിവസവും അദ്ദേഹം കാണുന്നത്. ആ സാഹചര്യത്തിൽ താഴേക്കു സംഘടനയെ ചലിപ്പിക്കുന്നതിലുള്ള പരിമിതി ഹസൻ മറച്ചുവച്ചില്ല. എല്ലാവരെയും പരമാവധി കൂട്ടിയോജിപ്പിച്ചു നീങ്ങാൻ ശ്രമിക്കുന്ന തനിക്ക് ഒരു പൂർണ അവസരം തരിക. അതല്ല, മാറ്റമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അക്കാര്യം പ്രഖ്യാപിക്കുക.

എ.കെ.ആന്റണിയുമായുള്ള ആശയവിനിമയത്തിനുശേഷം എത്രയും വേഗം തീരുമാനമെന്നാണു പരാതി എത്തിക്കുന്നവർക്കുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മറുപടി.  മുൻപ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ച്  ജി.കാർത്തികേയനെ നിർദേശിച്ചപ്പോൾ അതു  തള്ളി വി.എം.സുധീരനെ വച്ചതും അദ്ദേഹം സ്വയം രാജിവച്ചൊഴിയാനിടയായതും ഹൈക്കമാൻഡിന്റെ ഓർമയിലുണ്ട്. അതുകൊണ്ട് ആരെയും ഇനി അടിച്ചേൽപിക്കാൻ അവർ ഉദ്ദേശിക്കുന്നില്ല. അതേസമയം, എല്ലാ വിഭാഗത്തിനും കുറെയെങ്കിലും സ്വീകാര്യമായ ഒരു പേര് ഉയർന്നുവരാത്തതിന്റെ പരിമിതിയാണ് ആന്റണി പലരോടും പങ്കുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ രാഹുലിനോട് അദ്ദേഹം മനസ്സുതുറന്നിട്ടുമില്ല. കേരളത്തിലെത്തി അതിശക്തമായ ശാസന പ്രസംഗരൂപേണ നേതാക്കൾക്കു നൽകിയ ആന്റണിയുടെ കൂടുതൽ ക്രിയാത്മക ഇടപെടൽ ഇക്കാര്യത്തിൽ പ്രതീക്ഷിക്കുന്നവരാണ് കോൺഗ്രസിലധികവും. സുധീരൻ ഒഴിഞ്ഞപ്പോൾ, മുതിർന്ന വൈസ് പ്രസിഡന്റായ ഹസനു ചുമതല നൽകാൻ രാഹുലിനെ ഉപദേശിച്ചതും മറ്റാരുമായിരുന്നില്ല. 

ഹസന്റെ അധ്യക്ഷതയിൽ കഴിഞ്ഞ കെപിസിസി നേതൃയോഗം തിരഞ്ഞെടുപ്പിനു മുന്നോടിയായി ഒരുപിടി തീരുമാനങ്ങളെടുത്തുവെന്നതു വസ്തുത. പക്ഷേ, ഏതുനിമിഷവും പതിക്കാവുന്ന ഡമോക്ലീസിന്റെ വാൾ മേലെ ഉള്ളതിനാൽ, അവ നടത്തിയെടുക്കാൻ വേണ്ട ചെറിയ ചൂരൽ പ്രയോഗത്തിനുപോലും ഹസനു കഴിയുന്നില്ല.

നിരാശ ബാധിച്ച് ബിജെപി

കോൺഗ്രസിൽ അനിശ്ചിതത്വത്തിന്റെ ആധിയാണെങ്കിൽ ബിജെപിയിൽ അതു നിരാശയുടെ വേദനയാണ്. രണ്ടുമാസത്തോളമായി എന്തുകൊണ്ടു പ്രസിഡന്റില്ലെന്നതിനെക്കുറിച്ചു പല വ്യാഖ്യാനങ്ങൾ പ്രചരിക്കുന്നുവെങ്കിലും സംഗതി ലളിതമാണ്. കുമ്മനം രാജശേഖരനെ മാന്യമായ പദവിയിലേക്ക് അവരോധിച്ച് കെ.സുരേന്ദ്രനെ അമരത്തു നിയോഗിക്കാൻ കേന്ദ്രനേതൃത്വം ആഗ്രഹിച്ചു. എന്നാൽ, തങ്ങളോടാലോചിക്കാതെ കുമ്മനത്തെ മാറ്റിയതിലുള്ള അതിശക്തമായ പ്രതിഷേധം വ്യക്തമാക്കി സുരേന്ദ്രന് ആർഎസ്എസ് പ്രതിബന്ധം തീർക്കുന്നു. ബിജെപിയുടെ മുന്നേറ്റത്തിനു കാര്യമായ സംഭാവനയൊന്നും നൽകാതിരുന്നിട്ടും നാല് എംപിമാരെയും ഒരു കേന്ദ്രമന്ത്രിയെയും ഒരു ഗവർണറെയും ലഭിച്ച കേരള ഘടകവും ആർഎസ്എസും ഉടക്കാനാണു ഭാവമെങ്കിൽ അങ്ങനെയിരിക്കട്ടെയെന്നു കേന്ദ്ര നേതൃത്വവും വിചാരിക്കുന്നു. കേരളത്തിലെത്തിയ അമിത് ഷായുടെ ആഹ്വാനം ചുരുക്കത്തിൽ ഇതായിരുന്നു: ‘നിങ്ങൾ ബിജെപി–ആർഎസ്എസ് വൃത്തത്തിനകത്തുനിന്നു ചിന്തിച്ചിട്ടും പ്രവർത്തിച്ചിട്ടും കാര്യമില്ല. ആ വോട്ട് അല്ലെങ്കിലും നമുക്കു കിട്ടും. പുറത്തുള്ള ജനങ്ങളെ ഒപ്പം കൊണ്ടുവരാൻ എന്തു ചെയ്യാനാകുമെന്ന് ആലോചിക്കുക. അതാണ് ഇവിടെ നടക്കാത്തത്’. 

സ്വതന്ത്രനായി രാജ്യസഭാംഗമായതോടെ പാർട്ടി അധ്യക്ഷസ്ഥാനം എം.പി.വീരേന്ദ്രകുമാറിന് ഒഴിയേണ്ടിവന്നതാണു ലോക് താന്ത്രിക് ജനതാദളിനെ വെട്ടിലാക്കിയത്. പകരം എം.വി.ശ്രേയാംസ്കുമാറോ വർഗീസ് ജോർജോ എന്ന തർക്കമാണു പാർട്ടിയിലുള്ളത്. കേരള നേതാക്കളെക്കണ്ട ദേശീയ ഭാരവാഹി അരുൺകുമാർ ശ്രീവാസ്തവയ്ക്കും പോംവഴി കണ്ടെത്താനായില്ല. ഡൽഹിയിൽ മേയ് 18നു രൂപീകരിച്ച പാർട്ടിക്ക് ഇവിടെ നായകനില്ലാത്തതിനാൽ സംസ്ഥാന–ജില്ലാ ഘടകങ്ങൾ രൂപീകരിക്കാൻ സാധിക്കാത്ത സ്ഥിതി. വാഗ്ദാനം  ചെയ്യപ്പെട്ട    എൽഡിഎഫ് അംഗത്വവും ത്രിശങ്കുവിൽ.