നമ്മുടെ പൊലീസ് നമ്മുടേതാകട്ടെ

പൊലീസിനു ജനകീയവും മാനുഷികവുമായ മുഖം നൽകുക എന്ന ഉദ്ദേശ്യത്തോടെ പല പരിഷ്കരണശ്രമങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്. പലപ്പോഴും നല്ല തുടക്കങ്ങളുമുണ്ടായി. എന്നാൽ, ശ്രമങ്ങൾ മിക്കപ്പോഴും വഴിയിൽ ഉപേക്ഷിക്കപ്പെട്ടുപോയതായാണ് അനുഭവം. അതുകൊണ്ടാണ് ഇപ്പോൾ കേട്ട വാർത്ത പ്രതീക്ഷ ഉയർത്തുന്നത്. കാക്കിക്കുള്ളിൽ പുലർത്തേണ്ട മാനുഷികത വിളംബരം ചെയ്ത്, കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയം, വാക്കിലും നോക്കിലും ജനങ്ങളോടു പുലർത്തേണ്ട മാന്യത ഓർമിപ്പിക്കുന്നു.

 ‘കേരള പൊലീസിന്റെ അന്തസ്സുയർത്തി സമൂഹത്തിന്റെ വിശ്വാസവും അംഗീകാരവും നേടും’ എന്ന നിലപാട് പ്രമേയത്തിനു തിളക്കം നൽകുന്നു. ജനങ്ങളെ ഇനി സർ, സുഹൃത്ത്, സഹോദരൻ എന്നിങ്ങനെ മാത്രമേ വിളിക്കൂ എന്നും ആ വിളിയിലൂടെ ഉണ്ടാകുന്ന മാറ്റം വലുതാണെന്നു തിരിച്ചറിയുന്നു എന്നും അസോസിയേഷൻ പ്രഖ്യാപിക്കുമ്പോൾ വലിയ മാറ്റത്തിന്റെ വാതിൽ തുറക്കുകയാണ്. മികവിൽ കേരള പൊലീസ് മുന്നിലാണെങ്കിലും പെരുമാറ്റരീതിയിൽ മാറ്റം വേണമെന്നും നീതിതേടി സ്റ്റേഷനിൽ എത്തുന്നവരോടു രാഷ്ട്രീയത്തിന്റെയും സമ്പത്തിന്റെയും അടിസ്ഥാനത്തിൽ വിവേചനം കാണിക്കരുതെന്നും സഹപ്രവർത്തകരെ അസോസിയേഷൻ ഓർമപ്പെടുത്തുന്നു. ഇനി ഇത് ആത്മാർഥതയോടെ എത്രയുംവേഗം നടപ്പാക്കുന്നതു കാത്തിരിക്കുകയാണ് കേരളത്തിലെ സാധാരണക്കാർ.

ഏഴു വർഷം മുൻപുണ്ടായ പൊലീസ് ആക്ട് പരിഷ്കരണത്തിലെ ഇരുപത്തൊൻപതാം വകുപ്പ്, ജനത്തോടു സൗഹൃദത്തോടെയും ബഹുമാനത്തോടെയും പെരുമാറണമെന്നും പരാതിക്കാരോട് അനുകമ്പയോടെ ഇടപെടണമെന്നും നിഷ്കർഷിക്കുന്നുണ്ട്. നിൽപും നടപ്പും നാക്കും ജനങ്ങളെ നിസ്സാരവൽക്കരിക്കുകയും അവരുടെമേൽ മേധാവിത്തം സ്ഥാപിക്കുകയും ചെയ്യുന്ന തരത്തിലാകണം എന്നായിരുന്നു ബ്രിട്ടിഷ് കാലഘട്ടത്തിൽ പൊലീസുകാരെ പഠിപ്പിച്ചിരുന്നത്. ജനകീയഭരണത്തിലും അതേ ചുവടുകൾ പിന്തുടർന്നുപോന്നത് കാലത്തിനുനേരെയുള്ള കൊഞ്ഞനംകുത്തലായി. മൂന്നാംമുറ പൂർണമായി ഉപേക്ഷിച്ചേ പറ്റൂ എന്ന് കാലോചിത മാറ്റം ആഗ്രഹിക്കുന്ന പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ഓർമിപ്പിക്കുന്നത് കേരള പൊലീസിലുള്ളവർ മുഴുവൻ ഏറ്റെടുത്താൽ മാത്രമേ, കാക്കി കളങ്കവിമുക്തമാവൂ.

പൊലീസ് ഉദ്യോഗസ്ഥർ ജനത്തെ സർ എന്നോ മാഡം എന്നോ വിളിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നേരത്തേ നിർദേശിച്ചിട്ടുള്ളതാണ്. പൊലീസിനു മാനുഷികമുഖം നൽകാനുള്ള ആദ്യശ്രമം ഉണ്ടായത് ഐജി എം.ശിങ്കാരവേലുവിന്റെ നേതൃത്വത്തിൽ ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലാണ്. പൊലീസ് സ്റ്റേഷനിലെ ഫോൺ എടുക്കുമ്പോൾ ‘ഗുഡ്മോണിങ്’ പറയണമെന്നായിരുന്നു പരിഷ്കാരം. ആക്ഷേപരൂപത്തിലും പരിഹാസത്തോടെയുമൊക്കെയാണു തുടങ്ങിയതെങ്കിലും ഇപ്പോൾ അതു ശീലവും സ്വീകാര്യവുമായിക്കഴിഞ്ഞു.

പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്താൻ പൊലീസിനെ പരിശീലനകാലത്തുതന്നെ സമഗ്രമായി പഠിപ്പിക്കാൻ തുടങ്ങിയത് ഈയിടെയാണ്. പരാതികളുമായി എത്തുന്നവർക്കു മികച്ച സേവനം ഉറപ്പാക്കാൻ മൂന്നു ‘പോസ്റ്ററുകൾ’ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പതിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശമുണ്ടായതും ഇതോടു ചേർത്തുവയ്ക്കേണ്ടതാണ്. പൊലീസ് പരിശോധനയും മറ്റും അതിരുവിടുകയും കയ്യേറ്റത്തിലേക്കു നീളുകയും ചെയ്യുന്നു എന്ന വിമർശനത്തെ തുടർന്ന്, പൊലീസിന് അടിയന്തര പരിശീലനം നൽകാനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശവും ജനസൗഹാർദത്തിന്റെ പുതുവിത്തു പാകിയേക്കാം.

സർക്കാരും മേധാവികളും സംഘടനകളുമൊക്കെ പൊലീസിനു നൽകിയ പല ‘നല്ലനടപ്പ്’ നിർദേശങ്ങളും പരോളിനു പോയി ഒരിക്കലും തിരിച്ചുവരാത്ത അനുഭവങ്ങൾ പലതും കേരളത്തിന്റെ മുന്നിലുണ്ട്. അതുകൊണ്ടുതന്നെ, ഇപ്പോൾ കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ മുന്നോട്ടുവച്ചിട്ടുള്ള നിർദേശങ്ങൾ പാഴാവാതിരിക്കാൻ അവരുടെ ഭാഗത്തുനിന്നുതന്നെയാണു നിത്യജാഗ്രത ഉണ്ടാവേണ്ടത്. അതു പൊലീസിന്റെ താഴെത്തട്ടിലേക്കു പടർന്ന് ഫലസിദ്ധിയിലെത്തുകയും വേണം.