ഒറ്റയടിക്ക് കിണർ ജലനിരപ്പ് താഴ്ന്നു

ആറ്റുവാശേരി വാറൂർ വീട്ടിൽ രാധാമണിയമ്മയുടെ വീട്ടുമുറ്റത്തെ കിണറിലെ ജലനിരപ്പു ക്രമീതീതമായി താഴ്ന്ന നിലയിൽ. പ്രളയ സമയത്ത് ആൾമറ വരെ വെള്ളമുണ്ടായിരുന്ന കിണറാണിത്. സമീപത്തെ കിണറുകളിലും സ്ഥിതി വ്യത്യസ്തമല്ല

പ്രളയം സർവശക്തിയുമെടുത്ത് ആഞ്ഞടിച്ച പമ്പാനദിയുടെ തീരത്തെ കിണറുകളിൽ ഇപ്പോൾ വെള്ളമില്ല. പൂർണമായും വറ്റിയില്ലെങ്കിലും അടി കാണുന്ന നിലയിലാണ് ജലനിരപ്പ്. മിക്കയിടത്തും പരമാവധി രണ്ടടി.  എറണാകുളം ജില്ലയിൽ പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തെ പല കിണറുകളിലും ഇതുതന്നെ സ്ഥിതി. 

തൃശൂർ ജില്ലയിൽ കരുവന്നൂർപ്പുഴ, ചാലക്കുടിപ്പുഴ, കുറുമാലിപ്പുഴ എന്നിവയുടെ തീരങ്ങളിലെ കിണറുകളിലും ജലനിരപ്പ് താഴ്ന്നു. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ, കുട്ടനാട്, ചേർത്തല താലൂക്കുകളിലെ പ്രളയബാധിത പ്രദേശങ്ങളില കിണറുകളിൽ ജലനിരപ്പ് പെട്ടെന്നാണ് താഴ്ന്നത്. കൊല്ലം ജില്ലയിലെ കല്ലടയാറിന്റെ തീരത്തു  പ്രളയത്തിൽ മുങ്ങിയ കിണറുകളിൽ പോലും ഇതാണ് അവസ്ഥ.  കണ്ണൂർ ജില്ലയിൽ വേനൽക്കാലത്തുപോലും കാര്യമായ ജലനിരപ്പു കുറയാത്ത കൊട്ടിയൂർ മേഖലയിലെ കിണറുകളിൽ വെള്ളം താഴ്ന്നുതുടങ്ങിയത് പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.  കോഴിക്കോട് ജില്ലയിലും തീരദേശമൊഴികെ മിക്ക പ്രദേശങ്ങളിലും കിണറുകളിൽ വെള്ളം പെട്ടെന്നു താഴ്ന്നു.

ഭൂഗർഭ ജലനിരപ്പിൽ വ്യത്യാസം:  ഡോ. വി.പി. ദിനേശൻ, (ശാസ്ത്രജ്ഞൻ, സിഡബ്ല്യുആർഡിഎം) 

കനത്തതോതിൽ വെള്ളം ഒഴുകിയതുമൂലം ഭൂഗർഭ ജലവിതാനങ്ങളിൽ സാരമായ വ്യതിയാനം വന്നു. ഇതു കിണറുകളിലെ ഉറവയെ ബാധിച്ചിട്ടുണ്ട്. നദിയുടെ അടിത്തട്ടിൽ ചെളി അടിഞ്ഞതും മണൽ ഇല്ലാത്തതും മൂലം ഇരുകരകളിലെയും കിണറുകളിലേക്കുള്ള ഉറവകളും അടയും.